വന്യജീവി ആക്രമണം: വയനാട്ടില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ തുടങ്ങി; വാഹനങ്ങള്‍ തടഞ്ഞ നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി പൊലിസ്
വൈത്തിരി: വയനാട്ടില്‍ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ദിവസേനയെന്നോണം ജില്ലയില്‍ വന്യജീവി ആക്രമണത്തില്‍ മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
ഹര്‍ത്താലിനിടെ ലക്കിടിയില്‍ ചുരം പ്രവേശന കവാടത്തില്‍ വാഹനങ്ങള്‍ തടഞ്ഞ യു.ഡി.എഫ് നേതാക്കളെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. 10 പേരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യപ്പെട്ട പ്രവര്‍ത്തകര്‍ വൈത്തിരി പൊലിസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
അതേസമയം, അവശ്യ സര്‍വിസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാള്‍ എന്നീ ആവശ്യങ്ങള്‍ക്കുള്ള യാത്രകളെയും ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ നേതാക്കളും ബസുടമകളും അറിയിച്ചിട്ടുണ്ട്.
വയനാട്ടില്‍ ഇന്നലെ തുടര്‍ച്ചയായ രണ്ടാംദിനവും കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. അട്ടമല എറാട്ടുക്കുണ്ട് ചോലനായ്ക്ക ഉന്നതിയിലെ കറുപ്പന്‍ബിന്ദു ദമ്പതികളുടെ മകന്‍ ബാലകൃഷ്ണനാണ് (27) ഇന്നലെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രദേശത്ത് വ്യാപക പ്രതിഷേധം ഉയരുകയാണ്.
ഉരുള്‍ദുരന്തത്തെതുടര്‍ന്ന് താല്‍ക്കാലിക പുനരധിവാസത്തിന്റെ ഭാഗമായി അട്ടമലയിലെ എസ്റ്റേറ്റ് പാടിയിലാണ് ബാലകൃഷ്ണനും കുടുംബവും കഴിയുന്നത്. ചൊവ്വാഴ്ച വൈകീട്ട് ഏഴിന് ചൂരല്‍മല അങ്ങാടിയിലെത്തി സാധനങ്ങള്‍ വാങ്ങി പാടിയിലേക്ക് മടങ്ങിപ്പോയിരുന്നു. തുടര്‍ന്ന് എറാട്ട്കുണ്ട് ഉന്നതിയിലേക്ക് തനിച്ച് പോവുന്നതിനിടെ തേയിലത്തോട്ടത്തിലൂടെ ഇറങ്ങിവന്ന കാട്ടാനയുടെ മുന്നില്‍പെടുകയായിരുന്നു ബാലകൃഷ്ണന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."