'ഏകാന്തവാസം..രാവുകളെ പകലാക്കി നീണ്ട ചോദ്യം ചെയ്യലുകള്‍..ഇലക്ട്രിക് ദണ്ഡുകള്‍ കൊണ്ട് ക്രൂരമര്‍ദ്ദനം..' ഡോ.ഹുസ്സാം അബു സഫിയ ഇവിടെയുണ്ട് ഇസ്‌റാഈല്‍ തടവറക്കുള്ളില്‍
ഗസ്സ: ഓര്‍ക്കുന്നില്ലേ ആ മനുഷ്യനെ. വെള്ള കോട്ടണിഞ്ഞ് തകര്‍ന്ന കോണ്‍ക്രീറ്റ് കൂനകള്‍ക്കിടയിലൂടെ ഇസ്‌റാഈല്‍ സൈന്യത്തിന് നേരെ തെല്ലും കൂസാതെ തല ഉയര്‍ത്തി പിടിച്ച് നടന്ന് മുന്നേറിയ മനുഷ്യന്‍. തന്റെ നാടിനും നാട്ടുകാര്‍ക്കും വേണ്ടി ഇസ്‌റാഈല്‍ സൈനികര്‍ക്കു മുന്നിലേക്ക് നടന്നു കയറിയ പോരാളി.ഗസ്സയിലെ കമാല്‍ അദ്‌വാന്‍ ആശുപത്രി ഡയറക്ടര്‍ ഡോ.ഹുസ്സാം അബു സഫിയ. എന്തുവന്നാലും ഞാനെന്റെ ആശുപത്രി വിടില്ല... എന്റെ ജനങ്ങള്‍ക്ക് എന്നെ ആവശ്യമുണ്ടെന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടാണ് അദ്ദേഹം ഇസ്‌റാഈല്‍ ടാങ്കറുകള്‍ക്ക് മുന്നിലേക്ക് നടന്നടുത്തത്. അന്നു മുതല്‍ ലോകം അന്വേഷിക്കുകയായിരുന്നു ആ പോരാളിയെ. ഇസ്‌റാഈല്‍ സൈന്യം കസ്റ്റഡിയിലെടുത്ത ആ 51കാരന്‍ എവിടെയാണെന്നോ എങ്ങിനെയാണെന്നോ എന്തിനേറെ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയില്ലായിരുന്നു ആര്‍ക്കും. ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ച വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നു.
ഇസ്‌റാഈല്‍ സൈനിക തടവറയിലായിരുന്നു അദ്ദേഹമെന്നും അതികഠിനവും ക്രൂരവുമായ പീഢനങ്ങള്‍ക്കാണ് അദ്ദേഹം വിധേയനാവേണ്ടി വന്നേണ്ടതെന്നും വെളിപെടുത്തുന്നു അദ്ദേഹത്തിന്റെ അഭിഭാഷകന്‍. അല്‍ജസീറയോടാണ് അഭിഭാഷകന്‍ ഇക്കാര്യങ്ങള്‍ വെളിപെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ഡിസംബറിലാണ് ഇസ്‌റാഈല്‍ അദ്ദേഹത്തെ പിടികൂടുന്നത്. ഇസ്‌റാഈലിലെ നെഗെവ് മരുഭൂമിയിലുള്ള ക്യാംപിലേക്കാണ് അദ്ദേഹഹത്തെ ആദ്യം കൊണ്ടുപോവുന്നത്. അവിടുന്ന് റാമല്ലക്ക് സമീപമുള്ള ഓഫെര്‍ ജയിലിലേക്ക് മാറ്റി. അഭിഭാഷകന്‍ പറഞ്ഞു.
'ബലംപ്രയോഗിച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കയ്യില്‍ വിലങ്ങണിയിച്ചു. ആശുപത്രിയില്‍ നിന്ന് സൈനിക ക്യാപിലേക്ക് മാറ്റുന്നതിന് മുമ്പ് ബലംപ്രയോഗിച്ച് അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ വരെ അഴിപ്പിച്ചു' അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സാമിര്‍ അല്‍മനാമെ പറയുന്നു.
വസ്ത്രങ്ങള്‍ അഴിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. സാഫിയക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഹൃദയത്തിന് പ്രശ്‌നവുമുണ്ടായിരുന്നു. എന്നാല്‍, അദ്ദേഹത്തിന് ചികിത്സ നല്‍കാന്‍ ഇസ്‌റാഈല്‍ തയാറായില്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ജനുവരി ഒമ്പതിന് ഓഫ്റ്റര്‍ ജയിലിലേക്ക് മാറ്റിയ ശേഷം 25 ദിവസം അദ്ദേഹം ഏകാന്ത തടവിലായിരുന്നു. അക്കാലയളവില്‍ രാവുകളെ പകലാക്കി അദ്ദേഹത്തെ നിരന്തരമായി ചോദ്യം ചെയ്തു. ഇസ്‌റാഈല്‍ സൈന്യവും ഇന്റലിജന്‍സും പൊലിസുമെല്ലാം മാറിമാറി അദ്ദേഹത്തെ ചോദ്യം ചെയ്തു- അഭിഭാഷകന്‍ പറഞ്ഞു. എല്ലാ ആരോപണങ്ങളും നിഷേധിച്ചിട്ടും ഇലക്ട്രിക് സ്റ്റിക് കൊണ്ട് അദ്ദേഹത്തെ അതിക്രൂരമായി മര്‍ദ്ദിച്ചു. അടിച്ച് കുറ്റം സമ്മതിപ്പിക്കാനായിരുന്ന അവരുടെ ശ്രമം.
അബു സാഫിയയുടെ അറസ്റ്റിന് ഒരു ന്യായീകരണവുമില്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എതൊരു ആരോപണത്തിനും തെളിവ് വേണം. ഇതുവരെ അബു സഫിയക്കെതിരെ ഒരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും സാമിര്‍ അല്‍മനാമെ പറഞ്ഞു. മെഡിക്കല്‍ സഹായം നല്‍കാതെ തണുത്ത ജയിലറകളിലെ താമസം അദ്ദേഹത്തിന്റെ ശാരീരികമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു..
47 ദിവസത്തേക്ക് അദ്ദേഹത്തിന് നിയമസഹായം നല്‍കിയില്ലെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു. ഡിസംബര്‍ 27നാണ് കമാല്‍ അദ്‌വാന്‍ ആശുപത്രി ഡയറക്ടറെ ഇസ്‌റാഈല്‍ കസ്റ്റഡിയിലെടുക്കുന്നത്. ആശുപത്രിയിലെ രോഗികളെ ഉള്‍പ്പടെ ഒഴിപ്പിച്ച് സര്‍ജറി വിഭാഗത്തിന് തീവെച്ചതിന് ശേഷമായിരുന്നു നടപടി. ആശുപത്രിയിലുണ്ടായിരുന്ന 75 രോഗികളേയും 180 ജീവനക്കാരേയുമാണ് അന്ന് ഇസ്‌റാഈല്‍ ഒഴിപ്പിച്ചത്. കമാല്‍ അദ്‌വാന്‍ ആശുപത്രിക്ക് നേരെ ഇസ്‌റാഈല്‍ നടത്തുന്ന ക്രൂരതകള്‍ ലോകത്തെ അറിയിച്ച ഡോ. അബു സഫിയ നേരത്തെ തന്നെ അവരുടെ നോട്ടപ്പുള്ളിയായിരുന്നു. നിരവധി തവണ അവര്‍ അദ്ദേഹത്തിന് താക്കീതും നല്‍കിയിട്ടുണ്ട്. എന്നാല്‍ എന്റെ രോഗികളെ വിട്ട് ഞാനെങ്ങും പോവില്ല എന്ന് പറഞ്ഞ് അദ്ദേഹം തന്റെ ദൗത്യത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.
ഇസ്‌റാഈല്‍ പിടിച്ചു കൊണ്ടുപോയി അജ്ഞാത കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്ന നൂറുകണക്കിന് മെഡിക്കല്‍ വര്‍ക്കര്‍മാരില്‍ ഒരാള്‍ മാത്രമാണ് ഡോ, അബു സഫിയയെന്ന് അല്‍ ജസീറയുടെ നൂര്‍ ഔദ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്‌റാഈല്‍ സൈനികരുടെ ക്രൂരകൃത്യങ്ങള്‍ക്ക് പേരുകേട്ട തൈമന്‍ തടവറയില്‍ നിരവധി പേരുണ്ടെന്നാണ് സൂചന.

ഡോ. അബു സഫിയയെ കുറിച്ചാണെങ്കില്‍ ഇപ്പോള്‍ അദ്ദേഹം എവിടെയെന്നെങ്കിലും അദ്ദേഹത്തിന്റെ കുടുംബത്തിന് അറിയാന്‍ കഴിഞ്ഞെന്ന് ആശ്വസിക്കാം. എന്നാല്‍ ഒന്നുമറിയാതെ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലുമറിയാത്ത ആയിക്കണക്കായ ആളുകളുണ്ട്. ഗസ്സയില്‍ നിന്ന് ഒരു ഞൊടിയില്‍ അപ്രത്യക്ഷരായി പോയവര്‍. തിരിച്ചുവരുമോ..ഇല്ലയോ എന്ന അനിശ്ചിതമായ തീര്‍ത്തും അനന്തമായൊരു താത്തിരിപ്പിലേക്ക് കണ്ണുംനട്ട് പ്രിയപ്പെട്ടവരെ തനിച്ചാക്കി പോയവര്‍. അവരെ കുറിച്ച് ആരാണ് ഗസ്സക്കാര്‍ക്ക് പറഞ്ഞു കൊടുക്കുക...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."