ഷഹബാസിന്റെ മരണം; കേസിലെ പ്രതികളെ കൊല്ലുമെന്ന് ഭീഷണിയുമായി ഊമക്കത്ത്
താമരശേരി: താമരശേരിയിൽ വിദ്യാർത്ഥി സംഘർഷത്തിനിടെ മർദ്ദനമേറ്റ് കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസിന്റെ കേസിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ഊമക്കത്ത്. സ്കൂളിക്കാണ് ഊമക്കത്ത് അയച്ചത്. നല്ല വൃത്തിയുള്ള കൈപ്പടയിൽ എഴുതിയ കത്ത് സാധാരണ തപാൽ വഴിയാണ് സ്കൂളിൽ എത്തിയത്. താമരശ്ശേരി ജിവിഎച്ച്എസ്എസ് പ്രധാന അധ്യാപകനാണ് കത്ത് ലഭിച്ചത്.
കത്ത് ലഭിച്ച ഉടനെ തന്നെ സ്കൂൾ അധികൃതർ താമരശേരി പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് പൊലിസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. വിദ്യാർത്ഥി സംഘർഷവുമായി ബന്ധപ്പെട്ട കേസായതിനാൽ അതീവ രഹസ്യമായാണ് അന്വേഷണം നടക്കുന്നത്. കത്തിൽ വ്യക്തമായി പതിയാത്ത പോസ്റ്റ് ഓഫീസ് സീൽ പരിശോധന നടത്തിക്കൊണ്ട് കത്ത് അയച്ച സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
കേസിൽ ആദ്യം പിടിയിലായ അഞ്ച് വിദ്യാർത്ഥികളുടെ പരീക്ഷാ കേന്ദ്രം മാറ്റാൻ തീരുമാനിച്ചതിന് മുമ്പാണ് ഈ കത്ത് ലഭിച്ചിരിക്കുന്നത്. കോരങ്ങാട്ടെ വിദ്യാലയത്തിൽ പൊലിസ് സുരക്ഷയോടെ ഏതാനും പരീക്ഷകളെ എഴുതാൻ സാധിക്കുകയുള്ളൂവെന്നും എസ്എസ്എൽസി പരീക്ഷ അവസാനിക്കുന്നതിന് മുമ്പായി കേസിലെ വിദ്യാർത്ഥികളെ കൊല്ലുമെന്നുമാണ് കത്തിൽ പറയുന്നത്.
ഷഹബാസിന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായ ആറ് വിദ്യാർത്ഥികളെയാണ് പൊലിസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. താമരശ്ശേരി ഡിവൈഎസ്പി സുഷീർ ഇൻസ്പെക്ടർ എ സായൂജ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം മുന്നോട്ടു നീങ്ങുന്നത്. ആക്രമണത്തിനും ഗൂഢാലോചനയിലും പ്രേരണ നൽകിയവരെ കൂടി കേസിൽ പ്രതി ചേർക്കാനുള്ള ശ്രമത്തിലാണ് പൊലിസ്. തിങ്കളാഴ്ച കഴിഞ്ഞാൽ മാർച്ച് 17 വരെ എസ്എസ്എൽസി പരീക്ഷ ഇല്ലാത്തതിനാൽ ഈ ദിവസങ്ങളിൽ ആയിരിക്കും കേസിൽ കുറ്റാരോപിതരായ മറ്റു വിദ്യാർത്ഥികളെ പൊലിസ് കസ്റ്റഡിയിലെടുക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."