മിനിമം വേതന പരിധിയിൽ സ്കൂൾ പാചക തൊഴിലാളികളെ ഒഴിവാക്കില്ല; ആവശ്യം അംഗീകരിച്ചെന്ന് സ്കൂൾ പാചക തൊഴിലാളി യൂനിയൻ
കൊച്ചി: മിനിമം വേതന പരിധിയില്‍നിന്ന് സ്‌കൂള്‍ പാചകത്തൊഴിലാളികളെ ഒഴിവാക്കിയ ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതായി സ്‌കൂള്‍ പാചകത്തൊഴിലാളി യൂനിയന്‍ (എ.ഐ.ടി.യു.സി) സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജി മോഹനന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സ്‌കൂള്‍ പാചകത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് വിവാദ ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചത്.
സെക്രട്ടേറിയറ്റിന് മുന്നില്‍ സ്‌കൂള്‍ പാചകത്തൊഴിലാളി യൂനിയന്‍ നടത്തിയ രാപ്പകല്‍ അതിജീവന സമരത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രി യോഗം വിളിച്ചത്. തൊഴിലാളികള്‍ക്ക് യൂനിഫോം, ഏപ്രന്‍, ക്യാപ് എന്നിവ ലഭ്യമാക്കുന്നതിന് നിര്‍ദേശങ്ങള്‍ നൂണ്‍മീല്‍ കമ്മിറ്റികള്‍ക്ക് നല്‍കും. തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തും.
ഹെല്‍ത്ത് കാര്‍ഡ് വര്‍ഷത്തിലൊരിക്കല്‍ സമര്‍പ്പിക്കാന്‍ അവസരമുണ്ടാക്കണമെന്നും അതിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നുമുള്ള ആവശ്യം ആരോഗ്യ മന്ത്രിയുമായി കൂടിയാലോചിച്ച് നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. തൊഴിലാളികളുടെ അധ്വാനഭാരം കുറയ്ക്കുന്നതിനായി 250 കുട്ടികള്‍ക്ക് ഒരു തൊഴിലാളി, 500 കുട്ടികള്‍ക്ക് അധികമായി ഒരു ഹെല്‍പ്പര്‍, 750 കുട്ടികള്‍ക്ക് അധികമായി രണ്ട് ഹെല്‍പ്പര്‍മാര്‍ എന്ന ശുപാര്‍ശ സര്‍ക്കാര്‍ പരിഗണിക്കും.
ജൂണ്‍ അവസാനത്തില്‍ വീണ്ടും സംഘടനാ നേതാക്കളുമായി മറ്റു വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും യോഗത്തില്‍ തീരുമാനിച്ചതായി പി.ജി മോഹനന്‍ വ്യക്തമാക്കി. യൂനിയനെ പ്രതിനിധീകരിച്ച് ആര്‍. സജിലാല്‍, അനിത അപ്പുകുട്ടന്‍, ആലീസ് തങ്കച്ചന്‍ എന്നിവരും സി.ഐ.ടി.യുവിനെ പ്രതിനിധീകരിച്ച് പി.വി കുഞ്ഞിക്കണ്ണന്‍, ടി. ദേവി എന്നിവരും ഐ.എന്‍.ടി.യു.സി യെ പ്രതിനിധീകരിച്ച് വി.ജെ ജോസഫ്, ഹബീബ് സേട്ട് എന്നിവരും തൊഴില്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
School cooking workers will not be exempted from the minimum wage limit School cooking workers union says it has accepted the demand
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."