ഇറാൻ മന്ത്രിയുടെ ആരോപണം തള്ളി യുഎഇ; ആക്രമണങ്ങൾക്ക് പിന്നിലെ ആശയക്കുഴപ്പം തുറന്നുകാട്ടി അൻവർ ഗർഗാഷ്
അബുദബി: യുഎഇക്കെതിരെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചി ഉന്നയിച്ച ആരോപണങ്ങളെ രൂക്ഷമായി വിമർശിച്ച് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷ്. ഇറാന്റെ നടപടികൾ സ്വന്തം വീഴ്ചകളെ മറച്ചുവെക്കാനുള്ള ആശയക്കുഴപ്പത്തിലായ നയത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പരിഹസിച്ചു. യുഎഇയുടെ മണ്ണിൽ നിന്ന് ഇറാനെതിരെ ആക്രമണം നടന്നുവെന്ന വാദം തീർത്തും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഫെബ്രുവരി 28 മുതൽ യുഎഇക്ക് നേരെ ഇറാൻ നടത്തിയ നീക്കങ്ങളെ അക്കമിട്ടു നിരത്തിയാണ് ഗർഗാഷ് മറുപടി നൽകിയത്. ഏകദേശം 300 ബാലിസ്റ്റിക് മിസൈലുകൾ, 15 ക്രൂയിസ് മിസൈലുകൾ, 1,600 ഡ്രോണുകൾ എന്നിവയുൾപ്പെടെ 1,909 ആക്രമണശ്രമങ്ങളാണ് യുഎഇ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞുനിർത്തിയത്. ഈ ആക്രമണങ്ങളിൽ ആറ് പേർ കൊല്ലപ്പെടുകയും 140-ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം ക്രൂരതകൾക്ക് ശേഷമാണ് ഇറാൻ മന്ത്രി ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് ഗർഗാഷ് എക്‌സിൽ കുറിച്ചു.
രാജ്യത്തിന് നേരെ നടക്കുന്നത് ഭീകരാക്രമണമാണെന്ന് വിശേഷിപ്പിച്ച ഗർഗാഷ്, സ്വയം പ്രതിരോധിക്കാൻ യുഎഇക്ക് പൂർണ്ണ അവകാശമുണ്ടെന്ന് ഓർമ്മിപ്പിച്ചു. എന്നിരുന്നാലും, മേഖലയിൽ സമാധാനം നിലനിർത്താൻ യുഎഇ നേതൃത്വം അങ്ങേയറ്റം സംയമനം പാലിക്കുകയാണ്. യുദ്ധം ഒഴിവാക്കാൻ അമേരിക്കയും ഇറാനും തമ്മിൽ മധ്യസ്ഥത വഹിക്കാൻ യുഎഇ അവസാന നിമിഷം വരെ ആത്മാർത്ഥമായി ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കയുടെയോ ഇസ്റാഈലിന്റെയോ നീക്കങ്ങളെ പ്രതിരോധിക്കുന്നതിന് പകരം അയൽരാജ്യങ്ങളെ ലക്ഷ്യം വെക്കുന്ന ഇറാന്റെ തന്ത്രം അവരുടെ കഴിവില്ലായ്മയും രാഷ്ട്രീയ ഒറ്റപ്പെടലുമാണ് വെളിപ്പെടുത്തുന്നതെന്ന് ഗർഗാഷ് പറഞ്ഞു. ഇറാനെതിരായ ആക്രമണങ്ങൾക്ക് തങ്ങളുടെ വ്യോമാതിർത്തിയോ ജലപാതയോ ഉപയോഗിക്കാൻ അനുവദിച്ചിട്ടില്ലെന്ന് യുഎഇ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്.
"നമ്മുടെ പ്രതിരോധശേഷി അക്രമിയുടെ വെറുപ്പിനേക്കാൾ ശക്തമാണെന്ന് ഓരോ ദിവസവും തെളിയിക്കപ്പെടുന്നു," എന്ന് പറഞ്ഞ ഗർഗാഷ്, തെറ്റായ മാധ്യമ പ്രസ്താവനകൾ യാഥാർത്ഥ്യത്തെ മറച്ചുപിടിക്കില്ലെന്നും അക്രമം അവസാനിപ്പിച്ച് യുക്തിയുടെ പാതയിലേക്ക് തിരിച്ചുവരാൻ ഇറാൻ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.
the uae has rejected allegations made by an iranian minister regarding recent attacks. diplomatic adviser anwar gargash said the claims are misleading and clarified the confusion surrounding the incidents, stressing that the uae seeks stability and regional security.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."