HOME
DETAILS

'കണ്ണേ കരളേ വി.എസേ' കേരള രാഷ്ട്രീയത്തെ ഉഴുതുമറിച്ച വി.എസ് എന്ന വിപ്ലവ നക്ഷത്രം

  
തമീം സലാം കാക്കാഴം
July 21 2025 | 11:07 AM

vs achuthanandan-political life-latest updation

ആലപ്പുഴ: ഒരു കാലത്ത് കേരളത്തിന്‍റെ മുക്കിലും മൂലയിലും മുഴങ്ങിയ 'കണ്ണേ കരളേ വി.എസേ' എന്ന ജനസാഗരങ്ങളുടെ രാഷ്ട്രീയ മുദ്രാവാക്യം കേരള രാഷ്ട്രീയത്തിന്‍റെ ഊര്‍ജ്ജസ്വലവും ഉജ്ജ്വലവുമായ ഒരു കാലത്തെ അടയാളപ്പെടുത്തുന്നു.ജനകീയതയില്‍  മാനം  മുട്ടെ  ഉയര്‍ന്ന  വി.എസ്  ഒരു പക്ഷേ തന്‍റെ പ്രസ്ഥാനത്തെക്കാള്‍  മുകളിലേക്ക് വളര്‍ന്ന അതുല്യമായൊരു  ജനകീയ രാഷ്ട്രീയമായിരുന്നു. അദ്ദേഹത്തിന്‍റെ നിലപാടുകളില്‍  ആബാലവൃദ്ധം ജനങ്ങളുടെയും സ്വരമുണ്ടായിരുന്നത് കൊണ്ടാണ്   അവസാന ശ്വസം വരെ  വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ സമരഭരിതവും സാർഥകവുമായി  നമ്മുടെ രാഷ്ട്രീയത്തെയും സമര പരിസരത്തെയും  ആഴത്തില്‍ അടയാളപ്പെട്ടത്.
ഒരു നൂറ്റാണ്ട് നീണ്ട സംഭവബഹുലവും വപ്ലവഭരിതവുമായ ആ ജീവിതത്തിന് തിരശ്ശീല വീഴുമ്പോള്‍ വി.എസ് എന്ന രണ്ടക്ഷരത്തിനൊപ്പം മലയാളി  മനസ്സോട് ചേർത്തുവച്ചിരിക്കുന്നത്  അണഞ്ഞുപോകാത്ത വിപ്ലവത്തിന്റെ അഗ്നിയോർമകളെയാണ്. 

VS Achuthanandan, Kerala's grand old Communist leader, passes away at 101

അഴിമതിക്കാർക്കും സ്ത്രീവിരുദ്ധർക്കും സാമൂഹികദ്രോഹികൾക്കും മുൻപിൽ പാർട്ടി ഭേദമന്യേ ഒരു തലവേദനയായി എന്നും അദ്ദേഹമുണ്ടായിരുന്നു. വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ അക്ഷരാർത്ഥത്തിൽ എല്ലാകാലത്തും പ്രായം തളർത്താത്ത പോരാളി തന്നെയായിരുന്നു. ത്യാഗസുരഭിലമായ ജീവിതത്തിലൂടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ മുന്നില്‍ നിന്ന അതുല്യനായ നേതാവ്. കുട്ടിക്കാലം മുതല്‍ തന്നെ അതികഠിനമായ ജീവിത സാഹചര്യങ്ങള്‍ തരണം ചെയ്തത് കൊണ്ടാകണം, ഒന്നിനോടും അയാള്‍ സമരസപ്പെട്ടില്ല. അഴിമതിക്കെതിരേ  സധൈര്യം പോരാടി. അസമത്വങ്ങള്‍ക്കെതിരേ  മുന്നും പിന്നും നോക്കാതെ മുണ്ടുമടക്കി കുത്തി മല്ലടിച്ചു. എണ്ണമറ്റ തൊഴിലാളി സമരങ്ങളിലൂടെയും ഐതിഹാസികമായ പുന്നപ്ര വയലാര്‍ സമരത്തിലൂടെയുമെല്ലാം കേരളജനതയുടെ മനസിലിടം നേടി. രാഷ്ട്രീയമായും ആശയപരമായും വിയോജിച്ചവര്‍  പോലും പലകാര്യങ്ങളിലും വി.എസിനെ ഉള്ളാലെ ഇഷ്ടപ്പെട്ടു.ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ടും ജനങ്ങൾക്കായി എന്നും നിലകൊണ്ടും കേരളം കണ്ട ഏറ്റവും വലിയ ജനകീയ നേതാവായും വിപ്ല രാഷ്ട്രീയത്തിന്‍റെ ഐക്കണുമായി  അദ്ദേഹം മാറി. 

 പുന്നപ്ര വയലാര്‍ സമരം മുതല്‍  തുടങ്ങിയ പോരാട്ടം

'ഉയരും ഞാൻ നാടാകെ, പടരും ഞാൻ ഒരു പുത്തൻ ഉയിർ നാടിനേകിക്കൊണ്ടുയരും വീണ്ടും...('വയലാർ ഗർജിക്കുന്നു' എന്ന കവിതയില്‍ പി.ഭാസ്കരന്‍)

ജന്മിത്തത്തിനും നാടുവാഴിത്തത്തിനുമെതിരായ കേരള ചരിത്രത്തിലെ ഏറ്റവും വലിയ പോരാട്ടങ്ങളിലൊന്നായ പുന്നപ്ര വയലാർ സമരമാണ് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദനിലെ പോരാട്ടവീര്യത്തെ പുറത്തുകൊണ്ടുവന്നത്. തുടർന്നിങ്ങോട്ട് അന്ത്യശ്വാസം വരെ ആ പോരാട്ടവീര്യം വി.എസ് എന്ന വിപ്ലവകാരിയെ  ജ്വലിപ്പിച്ചുനിർത്തി.പാര്‍ട്ടികകത്തും പുറത്തും ജീവിതത്തിലും ഒരു സമര പോരാളിയായി നിലകൊണ്ടു.

1946 ഒക്ടോബര്‍ മാസത്തില്‍ പുന്നപ്രയിലെ പൊലിസിന്റെ ക്യാംപ് ആക്രമിക്കുവാന്‍ ആയിരുന്നു  കമ്മ്യൂണിസ്റ്റ്  പാര്‍ട്ടിയുടെ തീരുമാനം. ഈ ദൗത്യം സധൈര്യം നടപ്പാക്കുന്നതില്‍ മുഖ്യ സൂത്രധാരനായിരുന്നു വി.എസ്. അന്നത്തെ ഏറ്റുമുട്ടലില്‍  അനവധി തൊഴിലാളികളെയാണ് പൊലിസ് നിഷ്‌ക്കരുണം വെടിവെച്ച് കൊന്നിരുന്നത്. പൊലിസ് ഭീകരതയ്ക്ക് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥന്റെ തല തന്നെ കൊയ്തെടുത്താണ് സമരപോരാളികള്‍ ഇതിനു പകരം വീട്ടിയിരുന്നത്. പൊലിസിന്റെ വാറണ്ട് നിലവിലുണ്ടായിരുന്ന സമയത്തു തന്നെയാണ് പുന്നപ്രയുടെ മണ്ണില്‍ ആയിരത്തോളം തൊഴിലാളികളെ സമരസജ്ജരാക്കി വി.എസ് പ്രസംഗിച്ചിരുന്നത്.

V.S. Achuthanandan, communist leader of the masses, turns 100 - India Today

ആക്രമണങ്ങള്‍ക്കും പ്രത്യാക്രമണങ്ങള്‍ക്കും ശേഷം പൊലിസില്‍ നിന്നും പിടിച്ചുവാങ്ങിയ തോക്കുകള്‍ വി.എസിന്റെ നിര്‍ദ്ദേശ പ്രകാരം പിന്നീട് ആറില്‍ ഒഴുക്കി കളഞ്ഞതും ചരിത്രമാണ്. ഈ രക്തരൂഷിത പോരാട്ടത്തിന്റെ മുഖ്യ സൂത്രധാരനായ വി.എസിനെ കോട്ടയം ജില്ലയിലെ പൂഞ്ഞാറിലെ ഒരു ബീഡി തൊഴിലാളിയുടെ വീട്ടില്‍ നിന്നാണ് പൊലിസ് സംഘം പിടികൂടിയിരുന്നത്. തുടര്‍ന്ന് ലോക്കപ്പില്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ആക്രമണമാണ്. ജയിലഴിക്കുള്ളില്‍ കാലുകള്‍ പുറത്തേക്ക് വലിച്ചിട്ട് ലാത്തിവച്ച് കെട്ടി ഭീകരമായാണ് വി.എസിനെ മര്‍ദ്ദിച്ചിരുന്നത്. ബോധം നശിച്ച വി.എസിന്റെ കാലില്‍ തോക്കിന്റെ ബയണറ്റും കുത്തിയിറക്കുകയുണ്ടായി. പാദം തുളച്ച്‌ കയറി മറുവശത്ത് എത്തിയതിന്‍റെആ പാടുകള്‍ എപ്പോഴും വി.എസിൻ്റെ കാലുകളിൽ വ്യക്തമായിരുന്നു. മരിച്ചു എന്നു കരുതി അന്ന് പൊലിസ് ഉപേക്ഷിച്ച ഇടത്തു നിന്ന് വർധിച്ച വീര്യത്തോടെ, വി.എസ് വീണ്ടും ഉയർത്തെഴുന്നേറ്റു വന്നത് കേരള രാഷ്ട്രീയത്തെ തന്നെ ഇളക്കിമറിച്ചാണെന്നത് പില്‍ക്കാലത്തെ ചരിത്രം അടയാളപ്പെടുത്തി.
   
കഷ്ടപ്പാടുകള്‍ നീന്തിക്കയറിയ ബാല്യം

ആലപ്പുഴയിലെ പുന്നപ്ര വേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും നാലു മക്കളിൽ നാലാമനായി 1923 ഒക്‌ടോബർ 20നായിരുന്നു ജനനം.നാലു വയസ്സുള്ളപ്പോൾ അമ്മയും പതിനൊന്നാം വയസ്സിൽ അച്ഛനും മരിച്ചതിനെത്തുടർന്ന് അച്ഛന്റെ സഹോദരിയാണ് അച്യുതാനന്ദനെ വളർത്തിയത്. അച്ഛൻ മരിച്ചതോടെ ഏഴാം ക്ളാസ്സിൽ വച്ച് പഠനം അവസാനിപ്പിച്ച ഇദ്ദേഹം ജ്യേഷ്ഠന്റെ സഹായിയായി കുറെക്കാലം ജൗളിക്കടയിൽ ജോലി നോക്കി. തുടർന്നു കയർ ഫാക്ടറിയിലും ജോലി ചെയ്തു. നിവർത്തനപ്രക്ഷോഭം നാട്ടിൽ കൊടുമ്പിരികൊണ്ടിരുന്ന കാലമായിരുന്നു ഇത്. ഇതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട അച്യുതാനന്ദൻ 1938-ൽ സ്റ്റേറ്റ് കോൺഗ്രസ്സിൽ അംഗമായി ചേർന്നു. തുടർന്ന് പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലും സജീവമായ ഇദ്ദേഹം 1940-ൽ കമ്യൂണിസ്റ്റ് പാർട്ടി മെമ്പറായി. ഇതോടെ വി എസ് പൊതു രംഗത്തു സജീവമായി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനകീയ നേതാവായിരുന്ന പി.കൃഷ്ണപിള്ളയാണ് അച്യുതാനന്ദനെ പാർട്ടി പ്രവർത്തനരംഗത്തു കൊണ്ടുവന്നത്. പിന്നീടങ്ങോട്ട് പാർട്ടിക്ക് വേണ്ടി വിപ്ലവ പ്രവർത്തനങ്ങൾ നടത്തി. 2019 ഒക്ടോബര്‍ 25ന് രാത്രിയുണ്ടായ പക്ഷാഘാതം ഏല്‍പിച്ച ശാരീരിക അവശതയില്‍ നിന്ന് അദ്ദേഹത്തിന് മോചനമുണ്ടായില്ല. കേരളത്തിന്‍റെ ഫിഡല്‍ കാസ്ട്രോയെന്ന് സീതാറാം യച്ചൂരി വിശേഷിപ്പിച്ച വിഎസ് മറയുമ്പോള്‍ അത് കേരളരാഷ്ട്രീയത്തിനും കമ്മൂണിസ്റ്റ് പാര്‍ട്ടിക്കും നല്‍കുന്ന ആഘാതം ചെറുതല്ല.

1952ൽ പാർട്ടി ആലപ്പുഴ ഡിവിഷൻ സെക്രട്ടറി. 1956 മുതൽ ജില്ലാ സെക്രട്ടറി. 1964ൽ പാർട്ടി പിളർന്നതോടെ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം. 1967 ജൂലൈ 18ന് ഒരാൾ കൂട്ടായെത്തി. ചേർത്തല കുത്തിയതോടു സ്വദേശി വസുമതിയമ്മ. പാർട്ടി നേതാവ് എൻ. സുഗതന്റെ നിർബന്ധപ്രകാരം 43-ാം വയസിലായിരുന്നു വിവാഹം.

സംഭവബഹുലമായ  രാഷ്ട്രീയ ജീവിതം

1980 മുതൽ 92 വരെ 12 വർഷം സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയായി വി.എസ്. കണിശതയ്ക്കൊരു പകരം വാക്കുണ്ടെങ്കിൽ അത് പാർട്ടി സെക്രട്ടറി വിഎസ് അച്യുതാനന്ദൻ എന്നായി. എന്നാല്‍ പാർട്ടി ജയിക്കുമ്പോൾ വി.എസ് തോൽക്കുകയും വിഎസ് ജയിക്കുമ്പോൾ പാർട്ടി തോൽക്കുകയും ചെയ്യുന്ന വൈരുദ്ധ്യത്തിന്റെ കാലവുമുണ്ടായി ആ  രാഷ്ട്രീയ ജീവിതത്തിൽ. പാർട്ടിക്കകത്തെ വിഭാഗീയതയിൽ ഒരുഭാഗത്ത് എന്നും വി.എസ് ഉണ്ടായിരുന്നു. ആദ്യം നായനാരും പിന്നീട് പിണറായി വിജയനും എതിരാളികൾ. 96ൽ പാർട്ടിയുടെ ഉറച്ചകോട്ടയായ മാരാരിക്കുളത്ത് തോറ്റത് രാഷ്ട്രീയ കേരളത്തെ പിടിച്ചുലച്ചു. 

Return of the angry old man: Achuthanandan battles age, ideology as he hits  campaign trail - India Today

പിന്നീട്   കേരളം  കണ്ടത് മറ്റൊരു വി.എസിനെയായിരുന്നു. പ്രതിപക്ഷ നേതാവ് സ്ഥാനത്തിരുന്ന കാലം വി.എസിന്റെ ജനകീയ നേതാവിലേക്കുള്ള  മൂര്‍ധന്യകാലമായിരുന്നു.ജനകീയ സമരങ്ങളുടെ മുന്നണി പോരാളിയായി മാറി.പാമോലിൻ, ലാവ്‍ലിന്‍,ഇടമലയാർ എന്നീ വിവാദ കേസുകളിൽ ഒറ്റയ്ക്ക് പോരാടി. എൻഡോസൾഫാൻ, പ്ലാച്ചിമട കൊക്കോക്കോള വിരുദ്ധ സമരം എന്നിങ്ങനെ ജനകീയ വിഷയങ്ങൾ ഏറ്റെടുത്തു. മതികെട്ടാൻമല നടന്നുകയറി. സൂര്യനെല്ലിയിലെ പാവം പെൺകുട്ടിയ്ക്ക് താങ്ങും തണലുമായി ആ മനുഷ്യൻ നിന്നു. മൂന്നാറിലെ തോട്ടം തൊഴിലാളികളെ നെഞ്ചോടു ചേർത്തുപിടിച്ചു. അക്കാലത്ത് സമരമെന്നാൽ കേരളത്തിന് വി.എസായി.

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആദ്യം സീറ്റ് നിഷേധിച്ച പാർട്ടിക്ക്, ശക്തമായ ജനകീയ ഇടപെടലിനെ തുടർന്ന് സീറ്റ് നൽകേണ്ടിവന്നതും ചരിത്രം.പിന്നീട് എൺപത്തിമൂന്നാം വയസിൽ കേരളമുഖ്യമന്ത്രിയായി.എട്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മൽസരിച്ചു. അഞ്ചു പ്രാവശ്യം ജയിച്ചു. രണ്ടു തവണ പ്രതിപക്ഷ നേതാവായി. ഇടതുമുന്നണി കൺവീനറായി മുന്നണിയെ നയിച്ചു.പാർട്ടിയും വി.എസുമായുള്ള യോജിപ്പും വിയോജിപ്പുമെല്ലാം കേരളം ചർച്ച ചെയ്തു. അച്ചടക്കത്തിന്റെ വേലിക്കെടുകൾ തകർത്ത് വി.എസ് മുന്നേറിയപ്പോൾ നടപടികൾ കൂടെയെത്തി. താക്കീത്, ശാസന, പരസ്യ ശാസന, പാർട്ടി സ്ഥാനങ്ങളിൽനിന്നു നീക്കം ചെയ്യൽ, സസ്പെൻഷൻ, പുറത്താക്കൽ എന്നിങ്ങനെ ആറു തരം അച്ചടക്ക നടപടികളിൽ ആദ്യം ലഭിച്ചതു തരംതാഴ്ത്തലായിരുന്നു. വി.എസിനെ സെക്രട്ടേറിയറ്റിൽനിന്നു നീക്കി. പാര്‍ട്ടികകത്തും പുറത്തും  രാഷ്ട്രീയ ഇടപെടലുകളില്ലാതെ വി.എസ് എന്ന നേതാവേ ഇല്ലായിരുന്നു. ചുരുക്കത്തില്‍ സമരപോരാട്ടങ്ങളായിരുന്നു മരണം വരെ  വി.എസിനു ജീവിതം.അത് കൊണ്ട് തന്നെ എല്ലാ രാഷ്ട്രീയ വേദികളിലും അദ്ദേഹത്തിന് പിന്നാലെ നടന്ന് ജനലക്ഷങ്ങള്‍ ഏറ്റു വിളിച്ചു`കണ്ണേ കരളേ വി.എസേ`.അങ്ങനെ കേരള രാഷ്ട്രീയത്തിന്‍റെ കണ്ണും കരളും കവര്‍ന്ന് വി.എസ് എന്ന വിപ്ലവ നക്ഷത്രവും കണ്ണു ചിമ്മിയിരിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്

Kerala
  •  3 days ago
No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  3 days ago
No Image

'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി

National
  •  3 days ago
No Image

സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക് 

National
  •  3 days ago
No Image

ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി

International
  •  3 days ago
No Image

ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി

uae
  •  3 days ago
No Image

'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

National
  •  3 days ago
No Image

സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Saudi-arabia
  •  3 days ago
No Image

നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി;  പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍

International
  •  3 days ago
No Image

​ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ​ഗ്രാം!

uae
  •  3 days ago