എട്ടു ഗോളുകള്‍ വലയില്‍ നിറച്ച് ഇടിത്തീയായി സ്‌പെയിന്‍
മാഡ്രിഡ്: ഗോളടിച്ചുകൂട്ടി മുന്‍ ചാംപ്യന്‍മാരായ സ്‌പെയിന്‍ 2018 റഷ്യന്‍ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരങ്ങള്‍ക്ക് വിജയ തുടക്കമിട്ടു. മുന്‍ ചാംപ്യന്‍ ഇറ്റലി, വെയ്ല്‍സ് ടീമുകളും വിജയത്തുടക്കമിട്ടു. കഴിഞ്ഞ മെയില്‍ ഫിഫയില്‍ അംഗത്വം ലഭിച്ച ശേഷം ആദ്യ അന്താരാഷ്ട്ര പോരിനിറങ്ങിയ കൊസോവോ ഫിന്‍ലന്‍ഡിനെ 1-1നു സമനിലയില്‍ തളച്ച് അരങ്ങേറ്റം ഗംഭീരമാക്കിയതും ശ്രദ്ധേയമായി. ക്രൊയേഷ്യ- തുര്‍ക്കി, സെര്‍ബിയ- അയര്‍ലന്‍ഡ്, ഉക്രൈന്‍- ഐസ്‌ലന്‍ഡ് മത്സരങ്ങളും സമനിലയില്‍ അവസാനിച്ചു. മറ്റൊരു മത്സരത്തില്‍ അല്‍ബേനിയ വിജയം സ്വന്തമാക്കി.
ഗോള്‍ മഴ പെയ്യിച്ച് സ്‌പെയിന്‍
ലോകകപ്പ് തിരിച്ചുപിടിക്കാനുള്ള യാത്രയ്ക്ക് എട്ടു ഗോളുകള്‍ അടിച്ചുകൂട്ടി സ്‌പെയിന്‍ ഉജ്ജ്വല തുടക്കമിട്ടു. ദുര്‍ബല എതിരാളികളായ ലിച്ചെന്‍സ്റ്റൈനു മേല്‍ ഇടിത്തീയായി പെയ്താണ് സ്‌പെയിന്‍ പുതിയ പരിശീലകനു കീഴിലുള്ള ആദ്യ മത്സരം പൂര്‍ത്തിയാക്കിയത്. യൂറോ കപ്പിനുള്ള ടീമിലിടം ലഭിക്കാതിരുന്ന ഡീഗോ കോസ്റ്റ, ഡേവിഡ് സില്‍വ, ആല്‍വരോ മൊറാറ്റ എന്നിവര്‍ ഇരട്ട ഗോളുകള്‍ നേടി. ശേഷിച്ച ഗോളുകള്‍ സെര്‍ജി റോബര്‍ട്ടോ, വിക്ടര്‍ വിറ്റോലൊ എന്നിവരും സ്വന്തമാക്കി.
ഗ്രൂപ്പ് ജിയിലെ പോരില്‍ ആദ്യ പകുതിയില്‍ ഒറ്റ ഗോള്‍ മാത്രമാണ് സ്‌പെയിന്‍ നേടിയതെങ്കില്‍ രണ്ടാം പകുതിയിലാണ് ഏഴു ഗോളുകളും പിറന്നത്. പത്താം മിനുട്ടില്‍ കോസ്റ്റയാണ് ഗോളടിക്ക് തുടക്കമിട്ടത്. പിന്നീട് നിശബ്ദതയായിരുന്നു. രണ്ടാം പകുതി പത്തു മിനുട്ട് പിന്നിട്ട് 55ലെത്തിയപ്പോള്‍ സെര്‍ജി റോബര്‍ട്ടോ രണ്ടാം ഗോള്‍ നേടി. 59ാം മിനുട്ടില്‍ ഡേവിഡ് സില്‍വ പട്ടിക മൂന്നിലെത്തിച്ചു. 60ാം മിനുട്ടില്‍ വിറ്റോലൊയുടെ വക നാലാം ഗോള്‍. 66ാം മിനുട്ടില്‍ തന്റെ രണ്ടാം ഗോളിലൂടെ കോസ്റ്റ പട്ടിക ഉയര്‍ത്തി. പിന്നീട് 82, 83 മിനുട്ടുകളില്‍ ഒറ്റ മിനുട്ട് വ്യത്യാസത്തില്‍ വല ചലിപ്പിച്ച് മൊറാറ്റ ഗോള്‍ നേട്ടം ഏഴിലെത്തിച്ചു. അവസാന വിസിലിനു തൊട്ടുമുമ്പ് തന്റെ രണ്ടാം ഗോളിലൂടെ സില്‍വ ഗോളടി അവസാനിപ്പിച്ചു.
വിജയത്തോടെ അസൂറികള്‍
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഇറ്റലി ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് ഇസ്രാഈലിനെ തകര്‍ത്തു. ഇടവേളയില്‍ പത്തു പേരായി ചുരുങ്ങിയിട്ടും ഇറ്റലി വിജയം സ്വന്തമാക്കുകയായിരുന്നു. 14ാം മിനുട്ടില്‍ ഗ്രാസിയാനോ പെല്ലെ, 31ാം മിനുട്ടില്‍ കന്‍ഡ്രേവ, 83ാം മിനുട്ടില്‍ ഇമ്മൊബില്‍ എന്നിവരാണ് ഇറ്റലിക്കായി ലക്ഷ്യം കണ്ടത്. 35ാം മിനുട്ടില്‍ ബെന്‍ ഹെയിം ഇസ്രാഈലിന്റെ ആശ്വസ ഗോള്‍ നേടി. 55ാം മിനുട്ടില്‍ രണ്ടാം മഞ്ഞ കാര്‍ഡ് കണ്ട് ഇറ്റാലിയന്‍ പ്രതിരോധ താരം ചെല്ലിനി പുറത്തായി അസൂറിപ്പട പത്തു പേരായി ചുരുങ്ങിയിരുന്നു. ചെല്ലിനിക്ക് അടുത്ത മത്സരത്തില്‍ നിന്നു സസ്‌പെന്‍ഷന്‍ ലഭിച്ചിട്ടുണ്ട്. ഒക്ടോബര്‍ ആറിനു നിര്‍ണായക മത്സരത്തില്‍ സ്‌പെയിനിനെ നേരിടുന്ന ഇറ്റലിക്ക് താരത്തിന്റെ അസാന്നിധ്യം തിരിച്ചടിയാവും.
നാലു ഗോളടിച്ച് വെയ്ല്‍സ്
ഗ്രൂപ്പ് ഡിയില്‍ സൂപ്പര്‍ താരം ഗരെത് ബെയ്ല്‍ ഇരട്ട ഗോള്‍ നേടിയ മത്സരത്തില്‍ വെയ്ല്‍സ് മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്ക് മോള്‍ഡോവയെ കീഴടക്കി ആദ്യ മത്സരം ഗംഭീരമാക്കി. 1958നു ശേഷം ലോകകപ്പ് യോഗ്യത നേടുക ലക്ഷ്യമിട്ടാണ് വെയ്ല്‍സ് കുതിക്കാനൊരുങ്ങുന്നത്. ഇരു പകുതികളിലുമായാണ് വെയ്ല്‍സിന്റെ ഗോളുകള്‍ പിറന്നത്. യൂറോ കപ്പിന്റെ സെമിയിലെത്തി ചരിത്രമെഴുതിയ വെയ്ല്‍സ് ആ ഫോമിന്റെ തുടര്‍ച്ച ഇത്തവണയും പ്രകടിപ്പിച്ചു. വോക്‌സ് 38ാം മിനുട്ടിലും അലെന്‍ 44ാം മിനുട്ടിലും വെയ്ല്‍സിനായി ആദ്യ പകുതിയില്‍ വല ചലിപ്പിച്ചു. 50ാം മിനുട്ടിലും 90ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ചുമാണ് ബെയ്ല്‍ ഇരട്ട ഗോളുകള്‍ നേടിയത്. കരിയറില്‍ 24ാം അന്താരാഷ്ട്ര ഗോള്‍ പൂര്‍ത്തിയാക്കിയ ബെയ്‌ലിനു വെയ്ല്‍സിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡിലേക്ക് നാലു ഗോളുകള്‍ കൂടി മതി. ഇയാന്‍ റഷിന്റെ പേരിലാണ് വെയ്ല്‍സിനായി ഏറ്റവും കൂടുതല്‍ ഗോളെന്ന റെക്കോര്‍ഡ്.
ക്രൊയേഷ്യ- തുര്‍ക്കി മത്സരം 1-1നു സമനിലയില്‍ അവസാനിച്ചു. 44ാം മിനുട്ടില്‍ ഇവാന്‍ റാക്കിറ്റിചിലൂടെ ക്രൊയേഷ്യ മുന്നിലെത്തിയപ്പോള്‍ തൊട്ടടുത്ത മിനുട്ടില്‍ ഹകന്‍ ചലനോഗ്ലുവിലൂടെ തുര്‍ക്കി സമനില പിടിച്ചു. രണ്ടാം പകുതിയില്‍ ഇരു പക്ഷവും ഗോളുകള്‍ വഴങ്ങിയില്ല.
സെര്‍ബിയ- അയര്‍ലന്‍ഡ് മത്സരം 2-2നും ഉക്രൈന്‍- ഐസ്‌ലന്‍പ് പോരാട്ടം 1-1നും സമനില. അല്‍ബേനിയ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് മാസിഡോണിയയെ വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."