തിരുവനന്തപുരത്ത് സ്മാര്‍ട്ട് സിറ്റിയിലെ കാമറകള്‍ക്ക് ഗുണനിലവാരമില്ലെന്ന് പൊലിസ്; 50 ശതമാനം കാമറകള്‍ക്കും കൃത്യതയില്ലെന്നും റിപോര്‍ട്ട്
തിരുവനന്തപുരം: തലസ്ഥാന സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച കാമറകള്‍ക്ക് പ്രതീക്ഷിച്ച ഗുണനിലവാരമില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍. പൊലീസ് നടത്തിയ പരിശോധനയിലാണ് കാമറകള്‍ക്ക് ടെണ്ടര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള നിലവാരമില്ലെന്ന് കണ്ടെത്തിയത്.
നിലവിലുളള കാമറകളില്‍ 50 ശതമാനത്തിനും കൃത്യതയില്ലെന്നുമാണ് പരിശോധനാ റിപോര്‍ട്ട്. തലസ്ഥാനത്ത് മോട്ടോര്‍ വാഹനവകുപ്പ് സ്ഥാപിച്ചിരിക്കുന്ന എഐ കാമറകള്‍ കൂടാതെ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായും നിരവധി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. കുറ്റകൃത്യങ്ങള്‍ തടയാനുള്ള പദ്ധതിയുടെ ഭാഗമായാണ് കാമറകള്‍ സ്ഥാപിച്ചതെന്നും ഇത് പൊലീസിന് കൈമാറുമെന്നുമായിരുന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് നഗരസഭയുടെ വാഗ്ദാനം.
ഈ കാമറകള്‍ സ്ഥാപിക്കാന്‍ തുടങ്ങിയിട്ട് മൂന്നു വര്‍ഷമായി. സ്മാര്‍ട്ട് സിറ്റിക്ക് വേണ്ടി ചെന്നൈയിലുള്ള എംഎസ്പി എന്ന കമ്പനിയാണ് കാമറകള്‍ സ്ഥാപിച്ചത്. പുതിയ കാമറകളും കണ്‍ട്രോള്‍ റൂമും കിട്ടമെന്ന പ്രതീക്ഷയില്‍ നിലവിലെ കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനവും പൊലിസ് ഘട്ടംഘട്ടമായി നിര്‍ത്തിയിരുന്നു. കഴിഞ്ഞ ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായി കാമറകള്‍ വച്ച് എആര്‍ ക്യാംപില്‍ കണ്‍ട്രോള്‍ റൂം തുറന്നു. എന്നാല്‍ കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം ഇതുവരെ സ്മാര്‍ട്ട് സിറ്റി പൊലിസിന് കൈമാറിയില്ല.
സ്മാര്‍ട്ട് സിറ്റിക്ക് പൊലിസ് പലതവണ കത്തുകളെഴുതി. എന്നാല്‍ കാമറകള്‍ മുഴുവന്‍ സ്ഥാപിച്ച് തീര്‍ന്നില്ലെന്നായിരുന്നു സ്മാര്‍ട്ട് സിറ്റിയുടെ നിലപാട്. ഇതിനിടെ ഉള്ള കാമറകള്‍ വച്ച് കണ്‍ട്രോള്‍ റൂം ഏറ്റെടുക്കാന്‍ നഗരസഭ പൊലിസിന് മേല്‍ സമ്മര്‍ദ്ദവും ചെലുത്തി. കണ്‍ട്രോള്‍ റൂം ഏറ്റെടുക്കുന്നതിന് മുമ്പ് പൊലിസ് പരിശോധന നടത്തിയപ്പോള്‍ അമ്പരന്നു. സീറ്റ് ബെല്‍റ്റും ഹെല്‍മെറ്റും ധരിക്കാതെയുളള യാത്ര, ഇരുചക്രവാഹനത്തിലെ മൂന്നു പേരുടെ യാത്ര എന്നിവ ക്യത്യമായി കാമറകളില്‍ പതിയുന്നുണ്ടോ എന്നായിരുന്നു പരിശോധന. പക്ഷെ നിരാശയായിരുന്നു ഫലം.
കാര്യക്ഷമതയും കൃത്യതയും കാമറകള്‍ക്കില്ലെന്നാണ് പരിശോധന റിപോര്‍ട്ട്. ചില കാമറകള്‍ക്ക് 50 ശതമാനംപോലും കൃത്യതയില്ലെന്നാണ് റിപോര്‍ട്ട്. കാമറകള്‍ ക്യത്യത പാലിക്കാതെ കണ്‍ട്രോള്‍ റൂം ഏറ്റെടുക്കാനാവില്ലെന്ന് കാണിച്ച് സിറ്റി പൊലിസ് കമ്മിഷണര്‍ സ്മാര്‍ട്ട് സിറ്റി സിഇഒക്ക് കത്ത് നല്‍കി. നിലവില്‍ സ്ഥാപിച്ചിരിക്കുന്ന 917 കാമറകളില്‍ 236 കാമറകളും പ്രവര്‍ത്തിക്കുന്നില്ലെന്നാണ് പൊലിസിന്റെ റിപോര്‍ട്ട്. കാമറ ഉപയോഗിച്ച് കുറ്റവാളികളെ പിടികൂടാന്‍ കഴിഞ്ഞില്ലെങ്കില്‍ പഴി പൊലിസിനാകും കേള്‍ക്കുക. നാളെ പുലിവാല്‍ പിടിക്കാതിരിക്കാനാണ് കാമറകള്‍ നന്നാക്കി പിന്നീട് ഏറ്റെടുക്കാമെന്ന് പൊലിസ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."