തെങ്ങിലക്കടവ് കാന്‍സര്‍ സെന്ററിന് പുതുജീവന്‍
മാവൂര്‍: തെങ്ങിലക്കടവ് മലബാര്‍ കാന്‍സര്‍ സെന്ററിന്റെ ശാപമോക്ഷത്തിനു വഴിതെളിയുന്നു. അഞ്ചുവര്‍ഷമായി അടഞ്ഞുകിടക്കുന്ന കാന്‍സര്‍ സെന്റര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിന് കൈമാറാന്‍ ധാരണയായി. ഒരു ഡോക്ടറെയും സ്റ്റാഫ് നഴ്‌സുമാരെയും ഇവിടേക്ക് നിയമിക്കാനാണ് ഇപ്പോള്‍ ധാരണയായത്. ഇതോടെ കാടുമൂടിക്കിടക്കുന്ന ആശുപത്രി സമുച്ചയത്തിന് പുതുജീവനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് ഡോക്ടറെയും സ്റ്റാഫിനെയും കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും ചെറൂപ്പ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കും എത്തിക്കുന്നതിനു വാഹനം വാങ്ങാന്‍ പി.ടി.എ റഹീം എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍ നിന്ന് 16 ലക്ഷം രൂപ അനുവദിച്ചിരുന്നു.
ഡോ. ഹഫ്‌സാ ഖാദര്‍ക്കുട്ടി 6.34 ഏക്കര്‍ സ്ഥലത്ത് കോടികള്‍ മുടക്കി കാന്‍സര്‍ ചികിത്സയ്ക്കാവശ്യമായ ഏല്ലാ ഭൗതിക സാഹചര്യങ്ങളോടും കൂടി മൂന്നുനില കെട്ടിടം നിര്‍മിച്ചു സര്‍ക്കാരിനു കൈമാറിയിട്ട് അഞ്ചുവര്‍ഷങ്ങള്‍ പിന്നിട്ടു. 2010 ഡിസംബര്‍ ഒന്നിന് ആശുപത്രി പരിസരത്ത് നടന്ന പ്രൗഢമായ ചടങ്ങില്‍ സ്ഥാപനത്തിന്റെ രേഖകളും ആധാരവും സര്‍ക്കാരിനു കൈമാറിയെങ്കിലും പിന്നീട് യാതൊരു തുടര്‍പ്രവര്‍ത്തനവും നടന്നിട്ടില്ല. തലശ്ശേരിയിലെ മലബാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായും കോഴിക്കോട് മെഡിക്കല്‍ കോളജുമായും സഹകരിച്ച് അത്യായധുനിക ചികിത്സാ ഉപകരണങ്ങള്‍ സ്ഥാപിച്ച് മികച്ച ചികിത്സ നല്‍കുമെന്നായിരുന്നു ഏറ്റെടുത്തപ്പോള്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."