തിരുവനന്തപുരത്ത് നിയമ വിദ്യാർത്ഥിയെ വെട്ടിക്കൊല്ലാൻ ശ്രമം; 18-കാരൻ അറസ്റ്റിൽ, മുഖ്യപ്രതി ഒളിവിൽ
തിരുവനന്തപുരം: ബാർട്ടൺ ഹില്ലിൽ നിയമ വിദ്യാർത്ഥിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കേസിലെ നാലാം പ്രതിയായ രാജാജി നഗർ ഫ്ലാറ്റ് നമ്പർ 397-ൽ താമസിക്കുന്ന നിരഞ്ജൻ സുനിൽകുമാർ (18) ആണ് മ്യൂസിയം പൊലിസിന്റെ പിടിയിലായത്.
ആക്രമണം നടന്നത് ഓഗസ്റ്റ് 15-ന് രാത്രി 9:30-നോടെ ബാർട്ടൺ ഹിൽ ചാമ്പ്യൻ ഭാസ്കർ റോഡിന് സമീപമാണ്. കാസർഗോഡ് ഇഖ്ബാൽ മൻസിൽ വീട്ടിൽ മുഹമ്മദ് റിസ്വാൻ എന്ന ലോ കോളേജ് വിദ്യാർത്ഥിയാണ് ആക്രമണത്തിന് ഇരയായത്. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലിസ് പറയുന്നത്.
റിസ്വാൻ താമസിക്കുന്ന ബാർട്ടൺ ഹില്ലിന് സമീപത്തെ ഹോസ്റ്റലിൽ വച്ചാണ് ഒൻപതംഗ സംഘം ആക്രമണം നടത്തിയത്. വടിവാൾ ഉപയോഗിച്ച് റിസ്വാനെ വെട്ടാൻ ശ്രമിച്ചപ്പോൾ, അവൻ കൈകൊണ്ട് തടുക്കുകയും ഇടതുകൈ മുട്ടിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
കേസിലെ ഒന്നാം പ്രതിയായ കിച്ചാമണി ഇപ്പോഴും ഒളിവിലാണ്. രണ്ടും മൂന്നും പ്രതികൾ നേരത്തെ സ്റ്റേഷനിൽ ഹാജരായിരുന്നു. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്.
സിറ്റി ഷാഡോ ടീമിന്റെ സഹായത്തോടെ എസിപി സ്റ്റുവെർട്ട് കീലറിന്റെ നേതൃത്വത്തിൽ സി.ഐ. വിമൽ, എസ്.ഐമാരായ വിപിൻ, സൂരജ്, സി.പി.ഒമാരായ ഷൈൻ, ഷീല, ദീപു, ഉദയൻ, സുൽഫി, സാജൻ, അരുൺ, ഷംല, വൈശാഗ് എന്നിവർ ചേർന്നാണ് നിരഞ്ജൻ സുനിൽകുമാറിനെ അറസ്റ്റ് ചെയ്തത്.അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി, തുടർന്ന് റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."