അതിരപ്പിള്ളിയില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം; പള്ളിയുടെ വാതില്‍ പൊളിച്ചു
അതിരപ്പിള്ളിയിലെ പ്ലാന്റേഷന്‍ ഡിവിഷന്‍ ബ്ലോക്ക് ഒന്നിലെ പള്ളി കാട്ടാനക്കൂട്ടം ആക്രമിച്ചു.എറണാകുളം അങ്കമാലി അതി രൂപതയിലെ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയാണ് ആനക്കൂട്ടം ആക്രമിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം.പ്ലാന്റേഷന്‍ തൊഴിലാളികള്‍ ജോലി കഴിഞ്ഞ് തിരികെ പോകുമ്പോള്‍ പള്ളിയുടെ വാതില്‍ തുറന്നു കിടക്കുന്നത് കണ്ടു പരിശോധിച്ചപ്പോഴാണ് കാട്ടാനക്കൂട്ടം പള്ളി ആക്രമിച്ചതായി കണ്ടെത്തിയത്. പള്ളിയുടെ ഒരു ഭാഗത്തെ വാതില്‍ ആനകള്‍ തകര്‍ത്തു. കുട്ടിയാന പള്ളിയുടെ അകത്തു കയറി.
പള്ളിയുടെ പിന്‍ഭാഗത്തുള്ള ഗ്രില്ലും ജനല്‍ച്ചില്ലും പൈപ്പുകളും തകര്‍ത്ത നിലയിലാണ്. 48 വര്‍ഷം മുന്‍പ് പ്ലാന്റേഷന്‍ തൊഴിലാളികള്‍ക്കായി സ്ഥാപിച്ചതാണ് ഈ പള്ളി. ഞായറാഴ്ച മാത്രമാണ് പള്ളിയില്‍ ദിവ്യബലി ഉള്ളത്. 2020 വരെ സി.എം.സി. സഭയിലെ സിസ്റ്റേഴ്‌സ് പള്ളി പരിസരത്ത് താമസിച്ചിരുന്നു. എന്നാല്‍ കാട്ടാന ആക്രമണത്തെ തുടര്‍ന്ന് മഠം അടച്ച് സിസ്റ്റേഴ്‌സിനെ തിരികെ വിളിക്കുകയായിരുന്നു.
നിരവധി തൊഴിലാളികള്‍ ഈ പള്ളിയുടെ പരിസരത്ത് ക്വാട്ടേഴ്‌സുകളില്‍ താമസിച്ചിരുന്നു. ഇവരെല്ലാവരും കാട്ടാനഭീതിയെ തുടര്‍ന്ന് വേറെ സ്ഥലങ്ങളിലേക്ക് മാറിപ്പോയി. പള്ളിയുടെ നാശനഷ്ടം പരിഹരിക്കുവാന്‍ സര്‍ക്കാരും ബന്ധപ്പെട്ട അധികാരികളും എത്രയും പെട്ടെന്ന് ഇടപെടണമെന്ന് വികാരിയച്ചന്‍ ഫാ. പീറ്റര്‍ തിരുതനത്തിലും നാട്ടുകാരും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."