നിക്ഷേപകരില്‍നിന്നു 200 കോടി തട്ടിയ സാമ്പത്തിക കുറ്റവാളിയുടെ ബിസിനസ് പ്രമോഷന് ധനമന്ത്രി
കണ്ണൂര്‍: സംസ്ഥാനത്തെ നിക്ഷേപകരില്‍ നിന്നു 200 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ സാമ്പത്തിക കുറ്റവാളിയുടെ ബിസിനസ് പ്രമോഷനു സംസ്ഥാന ധനമന്ത്രി. കഴിഞ്ഞ മൂന്നുവര്‍ഷമായി ഇന്ത്യയില്‍ മണിചെയിന്‍ രീതിയില്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് നടത്തിവരുന്ന ഇന്‍ഡസ് വിവ ഹെല്‍ത്ത് സയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന മള്‍ട്ടിനാഷനല്‍ കമ്പനിയുടെ പ്രമോഷന്‍ പരിപാടിയിലാണു ധനമന്ത്രി തോമസ് ഐസക് പങ്കെടുത്തത്. തിരുവനന്തപുരം തമ്പാനൂര്‍ അപ്പോളോ ഡിമോറയില്‍ ഇന്നലെയാണു പരിപാടി നടന്നത്. ജനുവരിയില്‍ ബിസിനസ് ആരംഭിച്ചുവെന്നാണു കമ്പനിയുടെ പരസ്യത്തില്‍ പറയുന്നത്.
സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്റെ (ഗിഫ്റ്റ്) മറവിലാണു ധനമന്ത്രിയെ ബിസിനസ് പ്രമോഷന്‍ ചടങ്ങിലേക്കു ക്ഷണിച്ചത്. ലക്ഷങ്ങള്‍ ലാഭം കിട്ടുമെന്നു വാഗ്ദാനം ചെയ്തു വ്യക്തികളില്‍ നിന്നു 1,25,000 വീതംവാങ്ങി ബിസിനസ് നടത്തുന്ന ഈ കമ്പനി അര്‍ബുദമടക്കമുള്ള മാരക രോഗങ്ങളെ പ്രതിരോധിക്കുന്ന ആമസോണ്‍ വനാന്തരങ്ങളില്‍ നിന്നു മാത്രം ലഭിക്കുന്ന അസൈബറി ഉപയോഗിച്ചുകൊണ്ടു നിര്‍മിക്കുന്ന ഉത്തമ ഔഷധമെന്ന പരസ്യം ചെയ്താണ് സര്‍വ രോഗസംഹാരിയെന്നു വിശേഷിപ്പിക്കുന്ന മാജിക്കല്‍ ഡ്രിങ്കെന്ന ആരോഗ്യപാനീയം വിറ്റഴിക്കുന്നത്.
2999 രൂപയ്ക്കാണ് ഇതു വില്‍ക്കുന്നത്. മാജിക്കല്‍ ഡ്രിങ്കിന്റെ 44 ബോട്ടിലുകള്‍ ഏറ്റവും ചുരുങ്ങിയതു നിക്ഷേപകന്‍ വാങ്ങണം. എന്നാല്‍ ഇതു വെറും മുന്തിരിയടക്കമുള്ള പഴങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള സത്താണെന്നു നിക്ഷേപകരില്‍ ചിലര്‍ പറയുന്നു.
ബംഗളൂരുവില്‍ 200 രൂപയ്ക്കു ഒരുലിറ്ററിന്റെ ബോട്ടില്‍ ലഭിക്കുന്ന ഈ പാനീയത്തിനാണു നിക്ഷേപകരില്‍ നിന്നും ഒന്നേകാല്‍ ലക്ഷത്തോളം രൂപ വാങ്ങുന്നത്. ഇതിന്റെ വില്‍പന നടത്തിയാല്‍ വന്‍ലാഭം വാഗ്ദാനം ചെയ്യുന്ന ഇന്‍ഡസ് വിവ കമ്പനി പ്രതിനിധികള്‍ ഇതില്‍ അംഗമാവുന്നവരില്‍ നിന്നു വെള്ളക്കടലാസില്‍ ഒപ്പിട്ടുവാങ്ങിയാണു ചേര്‍ക്കുന്നത്. ഇക്കാരണത്താല്‍ തട്ടിപ്പിനെതിരേ പരാതിപ്പെടുമ്പോള്‍ നിങ്ങള്‍ ഒപ്പിട്ടുതന്ന കടലാസ് തങ്ങളുടെ കൈയിലുണ്ടെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതായി നിക്ഷേപകര്‍ പറയുന്നു. സംസ്ഥാനത്താകെ ആയിരക്കണക്കിനാളുകളെ ഇന്‍ഡസ് വിവ നിക്ഷേപകരായി ചേര്‍ത്തിട്ടുണ്ട്.
നേരത്തെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആര്‍.എം.പി ഇന്‍ഫോടെക്, മൊണാവി എന്നിവയിലൂടെ 200 കോടിയിലേറെ രൂപ തട്ടിയെടുത്ത തിരുവനന്തപുരം ഉള്ളൂര്‍ നീരാഴിലൈനില്‍ അറഫയില്‍ എം ഷംസുദ്ദീനാണു ഇന്‍ഡസ് വിവയ്ക്കും നേതൃത്വം നല്‍കുന്നത്. ആര്‍.എം.പി ഇന്‍ഫോടെക് മണിചെയിനുമായി ബന്ധപ്പെട്ട് മാത്രം ഷംസുദ്ദീനെതിരേ 22 കേസുകളും മൊണാവി മണിചെയിനുമായി ബന്ധപ്പെട്ട് രണ്ടുകേസുകളുമുണ്ട്.
ഈ കേസുകളില്‍ ഇയാള്‍ 36 ദിവസം വൈത്തിരി സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിട്ടുണ്ട്. പുതിയ കമ്പനിയുടെ പ്രമോട്ടറായ അഭിലാഷ് തോമസിനെതിരേയും മണിചെയിന്‍ തട്ടിപ്പുകേസുണ്ട്. സെക്രട്ടേറിയറ്റിലെ സ്ഥിരം സന്ദര്‍ശകനായ അഭിലാഷിനു മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് മേഖലയുമായി ബന്ധപ്പെട്ട് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി അടുപ്പമുണ്ട്.
മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങിലെ സുതാര്യത ഉറപ്പുവരുത്താനാണു സര്‍ക്കാര്‍ ഗുലാത്തി ഫൗണ്ടേഷനിലൂടെ ശ്രമിക്കുന്നത്. എന്നാല്‍ ഇതിന്റെ മറവില്‍ മന്ത്രിയെ ബിസിനസ് പ്രമോഷന്‍ പരിപാടിയിലൂടെ ക്ഷണിച്ച് വീണ്ടും തട്ടിപ്പുനടത്താനാണ് ഇവര്‍ ശ്രമിക്കുന്നതെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."