മോദിക്കും അമിത്ഷാക്കുമെതിരായ ആരോപണങ്ങളും അന്വേഷിക്കണമെന്ന് വനിതാ കമ്മിഷനോട് എ.എ.പി
ന്യൂഡല്‍ഹി: ഡല്‍ഹി മന്ത്രിസഭയിലെ സനന്ദീപ് കുമാറിനെ മന്ത്രി സ്ഥനത്ത് നിന്ന് പുറത്താക്കാന്‍ വഴിവച്ച ലൈംഗിക അപവാദ സി.ഡി സംബന്ധിച്ച വിവാദം എ.എ.പിയും ബി.ജെ.പിയും തമ്മിലുള്ള പോരിലേക്കു വളരുന്നു. ഇതുമായി ബന്ധപ്പെട്ട് വനിതാ കമ്മിഷനു മുന്‍പില്‍ ഹാജരായ എ.എ.പി നേതാവ് അശുതോഷ്, ബംഗളൂരു സ്വദേശിനിയായ യുവതിയെ നിരീക്ഷിച്ചതു സംബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു രംഗത്തുവന്നു.
ലൈംഗിക അപവാദത്തില്‍പ്പെട്ട സന്ദീപ്കുമാറിനെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കിയ സാഹചര്യം വിശദീകരിച്ച് അശുതോഷ് എന്‍.ഡി.ടി.വിയിലെഴുതിയ ലേഖനത്തില്‍ മഹാത്മാ ഗാന്ധിയെയും നെഹ്‌റുവിനെയും പരാമര്‍ശിച്ചത് വിവാദമായിരുന്നു. സാമൂഹികബന്ധങ്ങള്‍ മറികടന്ന് തങ്ങളുടെ ആഗ്രഹത്തിനനുസരിച്ചു ജീവിതം നയിച്ച നായകരുടേയും നേതാക്കളുടെയും കഥകള്‍ ചരിത്രത്തില്‍ വേണ്ടുവോളമുണ്ടെന്നു ചൂണ്ടിക്കാട്ടിയ അശുതോഷ്, ഗാന്ധിജിയും നെഹ്‌റുവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരാമര്‍ശിച്ചതാണ് വിവാദത്തിനിടയാക്കിയത്.
ബ്ലോഗിലെ ഉള്ളടക്കം വിവാദമാവുകയും അതിനെതിരേ ബി.ജെ.പിയും കോണ്‍ഗ്രസും രംഗത്തുവരികയും അശുതോഷിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കണമെന്ന് എ.എ.പി എം.എല്‍.എ ദേവീന്ദര്‍ ഷെറാവത്ത് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ലേഖനവുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മിഷന്‍ അശുതോഷിനു കത്തയക്കുകയും ചെയ്തു. ഇതുപ്രകാരം അദ്ദേഹം ഇന്നലെ കമ്മിഷനു മുന്‍പാകെ ഹാജരയപ്പോഴാണ് നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയുള്ള കേസ് ഉയര്‍ത്തിക്കൊണ്ടുവന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള തന്റെ അവകാശത്തിന് കമ്മിഷന്‍ എതിരുനില്‍ക്കുകയാണെന്ന് അശുതോഷ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ബംഗളൂരു സ്വദേശിനി യുവതിയെ നിരീക്ഷിച്ച സംഭവത്തില്‍ നരേന്ദ്രമോദിക്കും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാക്കും എതിരേ അന്വേഷണം നടത്താന്‍ നിങ്ങള്‍ തയാറുണ്ടോയെന്ന് പിന്നീട് അശുതോഷ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. നരേന്ദ്രമോദി ഒരു വിവാഹിതനാണ്. പക്ഷേ, അദ്ദേഹത്തിന്റെ പകുതി പ്രായമുള്ള ഒരുയുവതിയെ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദി നിരീക്ഷിച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നു. ഈ വിഷയം പുറത്തുകൊണ്ടുവന്നതിന്റെ പേരില്‍ തന്നെ പീഡിപ്പിക്കുകയാണെന്നു ചൂണ്ടിക്കാട്ടി മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ പ്രതീപ് ശര്‍മ സുപ്രിംകോടതിയില്‍ ഹരജിയും നല്‍കിയിട്ടുണ്ട്. യുവതിയെ നിരീക്ഷിച്ച സംഭവത്തില്‍ അമിത്ഷാക്കും പങ്കുണ്ട്. എന്നാല്‍ ഈ ആരോപണത്തില്‍ ഇരുവര്‍ക്കും എതിരേ ഇതുവരെ ഒരുനടപടിയും ഉണ്ടായില്ലെന്നും വനിതാ കമ്മിഷനെ അറിയിച്ചതായി അശുതോഷ് പറഞ്ഞു. ഇതോടൊപ്പം പ്രതീപ് ശര്‍മയുടെ ഹരജിയുടെ പകര്‍പ്പും ശബ്ദ സന്ദേശവും അദ്ദേഹം കമ്മിഷനു കൈമാറി. ഇത്തരത്തിലുള്ള ഗുരുതരമായ ഒരു വിഷയം ഇതുവരെ അന്വേഷിക്കാത്ത കമ്മിഷനില്‍ രാജ്യത്തെ സ്ത്രീകള്‍ എങ്ങിനെ വിശ്വസിക്കുമെന്ന് അശുതോഷ് ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."