സഊദി ബസ് അപകടത്തിൽ അനുശോചനം അറിയിച്ച് യുഎഇ
അബൂദബി/റിയാദ്: ഉംറ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസും ഇന്ധന ടാങ്കറും കൂട്ടിയിടിച്ച് നിരവധി പേർ 45 പേർക്ക് ജീവൻ നഷ്ടപ്പെട്ട ദാരുണമായ അപകടത്തിൽ അനുശോചനം അറിയിച്ച് യുഎഇ. കഴിഞ്ഞ ദിവസം സഊദിയിലെ മദീനയ്ക്ക് സമീപം നടന്ന അപകടത്തിൽ 45 ഇന്ത്യൻ ഉംറ തീർത്ഥാടകരാണ് മരണപ്പെട്ടത്.
യുഎഇ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ സംഭവത്തെ "വേദനാജനകമായ ദുരന്തം" എന്നാണ് വിശേഷിപ്പിച്ചത്. ഇരകളുടെ കുടുംബങ്ങൾക്കും ഇന്ത്യൻ സർക്കാരിനും ജനങ്ങൾക്കും മന്ത്രാലയം അനുശോചനം അറിയിച്ചു. പരുക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും യുഎഇ ആശംസിച്ചു.
അപകടത്തിൽപ്പെട്ടത് ഹൈദരാബാദിൽ നിന്നുള്ള സംഘം
ഹൈദരാബാദിൽ നിന്നുള്ള ഉംറ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ത്യൻ സമയം പുലർച്ചെ 1.30-ഓടെ മക്കയിലെ തീർത്ഥാടനം പൂർത്തിയാക്കി മദീനയിലേക്ക് പോകുന്നതിനിടെ ബദറിനും മദീനക്കും ഇടയിലുളള മുഫറഹാത്ത് എന്ന സ്ഥലത്ത് വെച്ചായിരുന്നു അപകടം. ബസ് ഡീസൽ ടാങ്കറിൽ ഇടിച്ചതിനെത്തുടർന്ന് ഇരുവാഹനങ്ങളും കത്തി അമരുകയായിരുന്നു. കൂട്ടിയിടി നടന്നപ്പോൾ യാത്രക്കാർ ഉറക്കത്തിലായിരുന്നത് മരണസംഖ്യ ഉയരാൻ കാരണമായി.
അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഏക വ്യക്തി ഹൈദരാബാദിൽ നിന്നുള്ള 24 കാരനായ മുഹമ്മദ് അബ്ദുൽ ഷുഐബാണ്. അപകടസമയത്ത് ഡ്രൈവറുടെ അടുത്ത് ഇരിക്കുകയായിരുന്ന അദ്ദേഹം നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്ത്യൻ സർക്കാരിന്റെ പ്രതികരണം
വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ റഷ്യയിൽ വെച്ച് സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. "റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും അപകടത്തിൽപ്പെട്ട ഇന്ത്യൻ പൗരന്മാർക്കും കുടുംബങ്ങൾക്കും പിന്തുണ നൽകുന്നുണ്ട്," അദ്ദേഹം അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ച മന്ത്രി, പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചിരുന്നു.
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അപകടത്തിൽ ഞെട്ടൽ രേഖപ്പെടുത്തുകയും അടിയന്തര ദുരിതാശ്വാസ നടപടികൾ സ്വീകരിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയവുമായും സഊദി എംബസിയുമായും ബന്ധപ്പെടാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു.
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം ധനസഹായം നൽകാൻ തെലങ്കാന കാബിനറ്റ് തീരുമാനിച്ചിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ സഊദിയിൽ തന്നെ ഖബറടക്കാൻ തീരുമാനിച്ചിരുന്നു. മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി മരിച്ചവരുടെ കുടുംബത്തിൽ നിന്ന് രണ്ട് പേർക്ക് വീതം സഊദിയിലേക്ക് പോകാനുള്ള സൗകര്യവും ഒരുക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു.
uae convey deepest condolences to saudi arabia after deadly bus crash kills several umrah pilgrims near medina.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."