രാഷ്ട്രപതി റഫറന്‍സ്:ബില്ലുകള്‍ അനിശ്ചിതകാലത്തേക്ക് പിടിച്ചുവെക്കാനുള്ള വിവേചന അധികാരമില്ല; ബില്ലുകള്‍ ഒപ്പിടാനുള്ള സമയപരിധി തള്ളി ഭരണഘടന ബെഞ്ച്
ന്യൂഡല്‍ഹി: നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ച രണ്ടംഗ ബെഞ്ചിന്റെ തീരുമാനം തള്ളി ഭരണഘടന ബെഞ്ച്. രാഷ്ട്രപതി ഉന്നയിച്ച 14 ചോദ്യങ്ങളില്‍ ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്, ജസ്റ്റിസുമാരായ സുര്യകാന്ത്, വിക്രംനാഥ്, പി.എസ് നരസിംഹ, എ.എസ് ചന്ദ്രൂര്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് നിലപാട് പ്രഖ്യാപിച്ചത്. വിഷയത്തില്‍ വാദം കേള്‍ക്കല്‍ സെപ്റ്റംബര്‍ 11ന് പൂര്‍ത്തിയായിരുന്നു.
ബില്ല് വന്നാല്‍ ഗവര്‍ണര്‍ അത് അനിയന്ത്രിതമായി പിടിച്ചുവെക്കുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണെന്ന് കോടതി നിരീക്ഷിച്ചു. ഗവര്‍ണര്‍ക്ക് മുന്നില്‍ മൂന്ന് വഴികളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒപ്പുവെക്കുക, രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കുക, ഒപ്പിടാതെ മാറ്റിവെച്ച് പിന്നീട് നിയമസഭയ്ക്ക തിരിച്ചയക്കുക എന്നതാണ് വഴികളെന്നും കോടതി വ്യക്തമാക്കി. അല്ലാതെ അനിശ്ചിതകാലത്തേക്ക് പിടിച്ചുവെക്കാനാവില്ലെന്നും കോടതി പറഞ്ഞു. നിയമസഭയുമായുള്ള ആശയവിനിമയത്തിലൂടെയും ചര്‍ച്ചയിലൂടെയും പ്രശ്‌നം പരിഹരിക്കുകയാണ് വേണ്ടതെന്നും കോടതി നിര്‍ദ്ദേശിച്ചു.
രാഷ്ട്രപതിയുടെ റഫറന്‍സില്‍ സുപ്രിംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പറയില്ല. പകരം റഫറന്‍സില്‍ ഉന്നയിച്ച 14 ചോദ്യങ്ങളില്‍ ബെഞ്ച് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക മാത്രമാണ് ചെയ്തത്.. 14 ചോദ്യങ്ങളില്‍ ഭൂരിഭാഗത്തിനും തമിഴ്‌നാട് കേസിലെ വിധിയില്‍ ഉത്തരം നല്‍കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി കേരളം, തമിഴ്‌നാട്, പഞ്ചാബ്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങള്‍ റഫറന്‍സിനെ എതിര്‍ത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."