ചരിത്രത്തിലെ കൊളോണിയൽ വിരുദ്ധ പടനായകനെ ഹിന്ദുത്വവാദികൾ മതഭ്രാന്തനാക്കിയത് എന്തിന്? നമ്മൾ അറിഞ്ഞിരിക്കേണ്ട ടിപ്പു സുൽത്താൻ | Tipu Sultan
വർത്തമാന കാലത്ത് നിന്ന് കൊണ്ട് ചരിത്രത്തെ സമീപിക്കുമ്പോൾ ഉണ്ടാവുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് വർത്തമാന കാലങ്ങളിൽ നമ്മൾ പരിചയിച്ച ടൂളുകൾ വെച്ച് ചരിത്ര സംഭവങ്ങളെ സമീപിക്കുക എന്നത്. ആധുനിക ദേശ രാഷ്ട്ര സങ്കല്പം നടപ്പിൽ വന്നതിന് ശേഷം അതിൽ അടങ്ങിയിട്ടുള്ള സവിശേഷതകളെ വെച്ച് അതിന് മുന്നേയുള്ള കാലങ്ങളിലെ സാമൂഹിക സാഹചര്യത്തെയോ, അധികാര സംവിധാനങ്ങളെയോ വിലയിരുത്തുന്നതിൽ ഏറെ പരിമിതകളുണ്ട്. ചരിത്ര യഥാർഥ്യങ്ങളെ ആ കാലഘട്ടത്തിലെ സാമൂഹിക സാഹചര്യങ്ങളോടും ലോക ക്രമത്തോടും ചേർത്ത് വായിക്കുമ്പോൾ മാത്രമെ പ്രസ്തുത ചരിത്രത്തിലെ ശരി തെറ്റുകൾ നമുക്ക് ബോധ്യപ്പെടുകയുള്ളൂ. അതല്ലാതെ, ഈ പുതിയ കാലത്തെ ശരി തെറ്റുകളിൽ നിന്ന് കൊണ്ട് ചരിത്ര സംഭവങ്ങളിലെ ശരി തെറ്റുകൾ തിരിച്ചറിയുക എന്നത് ശ്രമകരമാണെന്ന് മാത്രമല്ല പലപ്പോഴും ചരിത്രത്തെ തെറ്റായി മനസ്സിലാക്കുന്നതിലെ അത് നമ്മെ കൊണ്ട് എത്തിക്കുകയുള്ളൂ. അത് കൊണ്ട് തന്നെ 1761 മുതൽ 1799 വരെ നീണ്ടു നിന്ന മൈസൂർ സുൽത്തനത്തിനെ ആ കാലഘട്ടത്തിലെ സാമൂഹിക സാഹചര്യങ്ങളിൽ നിന്ന് അടർത്തി മാറ്റി ആധുനിക കാലത്തിന്റെ കോണിലൂടെ നടത്തുന്ന ചരിത്ര വായന തെറ്റായ ദിശയിലാണ് നമ്മെ കൊണ്ടെത്തിക്കുക. ഈ പ്രവണതയെ കൂട്ട് പിടിച്ച് സംഘപരിവാർ ഹൈദറിനെയും, ടിപ്പുവിനെയും മുസ്ലിം ഭീകരരായും, ക്ഷേത്രങ്ങൾ പൊളിച്ചവരായും, ആളുകളെ നിർബന്ധിത മതം മാറ്റത്തിന് വിധേയരാക്കിയ മത ഭ്രാന്തമാരുമായി ചിത്രീകരിക്കുന്നുണ്ട്.
മൈസൂർ സുൽത്താൻമാരുടെ ചരിത്രത്തിലേക്ക് കടക്കുന്നതിന് മുന്നേ രണ്ട് കാര്യങ്ങൾ നമ്മൾ പ്രത്യേകമായി മനസ്സിലാക്കിയിരിക്കണം. മുഖ്യധാരയിൽ ലഭ്യമായിട്ടുള്ള മൈസൂർ സുൽത്താന്മാരെ കുറിച്ചുള്ള ചരിത്രത്തിൽ ഭൂരിഭാഗവും രചിച്ചിട്ടുള്ളത് ബ്രിട്ടീഷുകാരാണ്. ഈ ബ്രിട്ടീഷുകാർ ടിപ്പുവിന്റെ ഏറ്റവും വലിയ ശത്രുവായിരുന്നു എന്നത് പറയേണ്ടതില്ലല്ലോ. അത് കൊണ്ട് ചരിത്ര രേഖകളിൽ ടിപ്പുവിനെ കുറിച്ച് ഏറ്റവും വികലമായ വിവരങ്ങളാണ് ബ്രിട്ടീഷുകാർ നൽകിയിട്ടുള്ളത്. പോസ്റ്റ് മോഡേൺ കാലഘട്ടത്തിൽ ഉണ്ടായിട്ടുള്ള ചുരുക്കം ചില ചരിത്ര രേഖകളിൽ ഇതിൽ നിന്ന് ഭിന്നമായിട്ടുള്ള ടിപ്പുവിനെയും കാണാം. രണ്ടാമതായി സൂചിപ്പിക്കാനുള്ളത്, കൊടകിലേക്കും മലബാറിലേക്കും ടിപ്പു അധിനിവേശം നടത്തുന്നത് വാൾ കൊണ്ട് ഇസ്ലാം പ്രചരിപ്പിക്കുന്നതിന് വേണ്ടിയായിരുന്നില്ല. ആ കാലഘട്ടത്തിലെ മറ്റു എല്ലാ രാജാക്കന്മാരെയും പോലെ തന്റെ സാമ്രാജ്യം വിശാലമാക്കുന്നതിന് വേണ്ടിയായിരുന്നു അത്. അതിൽ മതം ഒരടിസ്ഥാനമല്ല, ടിപ്പു കീഴ്പ്പെടുത്തിയതിൽ മുസ്ലിംകളും, ഹിന്ദുക്കളും ജീവിക്കുന്ന പ്രദേശങ്ങൾ ഉണ്ടായിരുന്നു.
അഥവാ, ടിപ്പുവിന്റെ സൈനികവും രാഷ്ട്രീയവുമായ നീക്കങ്ങളൊന്നും മതാടിസ്ഥാനമായിരുന്നില്ല. അത് മനസ്സിലാകണമെങ്കിൽ നേരത്തെ സൂചിപ്പിച്ച പോലെ ആ കാലഘട്ടത്തിലെ സാമൂഹിക സാഹചര്യത്തെയും അധികാര കേന്ദ്രങ്ങളെയും നാം തിരിച്ചറിയേണ്ടതുണ്ട്. അങ്ങനെ തിരിച്ചറിയുന്ന പക്ഷം ടിപ്പു മറ്റനേകം രാജാക്കന്മാരെ പോലെ തന്റെ നാടിന്റെ സുരക്ഷിതത്വവും, അതിന്റെ വികാസത്തിനും പ്രാധാന്യം നൽകിയിരുന്ന ധീരനായ ഭരണാധികാരിയായിരുന്നു എന്ന് നമുക്ക് തിരിച്ചറിയാൻ സാധിക്കും.
മൈസൂർ സുൽത്തനത്തിന്റെ തുടക്കം:
ടിപ്പുവിന്റെ പിതാവ് ഹൈദർ അലിയുടെ വേര് ചെന്ന് നിൽക്കുന്നത് അറേബ്യലാണെങ്കിലും അദ്ദേഹം മൈസൂരിലെ വാഡിയാർ രാജവംശത്തിലെ സൈന്യാധിപനായിരുന്നു. സൈനിക കാര്യങ്ങളിലും, നയന്ത്രങ്ങളിലും മിടുക്ക് തെളിയിച്ച ഹൈദർ, രാജാവിന്റെ പ്രിയപ്പെട്ടവരിൽ ഒരാളായി പെട്ടെന്ന് തന്നെ മാറുന്നുണ്ട്. ഹിന്ദു രാജവംശമായ വാഡിയാർ രാജാവിന്റെ രാജസന്നിധിയിലും, മന്ത്രിമാരിലും അഴിമതി സുലഭമായിരുന്ന സമയമാണ് രാജാവിന്റെ വിശ്വാസ്യത പിടിച്ചു പറ്റിയ സൈന്യാധിപനായി അറേബ്യൻ വേരുകളുള്ള മുസ്ലിമായ ഹൈദർ അലി മാറുന്നത് എന്നോർക്കണം. അങ്ങനെ 1761ൽ മറാത്ത രാജ വംശത്തെ കീഴടക്കി തിരിച്ചു വന്ന ഹൈദർ അലിയെ വാഡിയാർ രാജാവ് 'സർബ്ബാധികാരി' (പൂർണ്ണാധികാരി) സ്ഥാനം നൽകി ആദരിച്ചു. സ്വാഭാവികമായും മൈസൂരിന്റെ ഭരണം ഹൈദറിന്റെ കൈകളിലേക്ക് വന്നു. നിലവിൽ സംഘപരിവാർ പ്രചരിപ്പിക്കുന്നത് പോലെ ഹിന്ദു രാജാവിൽ നിന്ന് തട്ടിയെടുത്തതോ, വഞ്ചിച്ച് കൈക്കലാക്കിയതോ ആയിരുന്നില്ല ആ ഭരണം. ഹൈദറിന്റെ ധീരതയ്ക്കും, സത്യസന്ധതയ്ക്കും രാജാവ് സമ്മാനമായി നൽകിയതായിരുന്നു.
ടിപ്പുവിന്റെ ജനനവും കുട്ടിക്കാലവും:
1750ൽ നവംബർ 10 ഒരു വെള്ളിയാഴ്ച ദിവസമാണ് ടിപ്പു ജനിക്കുന്നത്. ഫതേഹ് അലി ഖാൻ ടിപ്പു എന്ന് ടിപ്പുവിന് പേരിടുന്നത് ടിപ്പുവിന്റെ മാതാവാണ്. ചെറുപ്പത്തിൽ തന്നെ അറബിക്ക്, ഖുർആൻ, പേർഷ്യൻ, ചരിത്രം എന്നിവ ടിപ്പു പഠിച്ചു തുടങ്ങുന്നുണ്ട്. ടിപ്പുവിന്റെ അധ്യാപകരിൽ ഹിന്ദുക്കളും അടങ്ങിയിരുന്നു. പിതാവ് ഹൈദറിന്റെ കീഴിൽ യുദ്ധ തന്ത്രങ്ങളും, ആയോധന കലകളും ടിപ്പു വശമാക്കുന്നുണ്ട്. ഒരു ഭരണനാധികാരിക്ക് വേണ്ട നയതന്ത്ര സാമാർഥ്യവും ടിപ്പു പഠിച്ചത് പിതാവിൽ നിന്ന് തന്നെ.
പത്താം വയസ്സിൽ തന്നെ പിതാവിനോപ്പം പോർക്കളത്തേക്ക് ഇറങ്ങാൻ ടിപ്പുവിന് സാധിച്ചിരുന്നു. പതിനേഴാം വയസ്സിൽ 1767 മുതൽ 1769 വരെ നീണ്ടു നിന്ന ഒന്നാം മൈസൂർ - ബ്രിട്ടീഷ് യുദ്ധത്തിൽ മുഖ്യ സൈന്യാധിപനായി പിതാവിന്റെ ഒപ്പം യുദ്ധം നയിക്കാനും, യുദ്ധം ജയിപ്പിക്കാനും നന്നേ ചെറിയ പ്രായത്തിൽ തന്നെ ടിപ്പുവിന് അന്ന് സാധിച്ചിരുന്നു. അന്ന് ബ്രിട്ടഷിന്റെയൊപ്പം മൈസൂരിന് എതിരെ യുദ്ധം ചെയ്യാൻ മാറാത്ത രാജാവംശവും, ഹൈദറബാദിലെ നിസാം ഒപ്പമുണ്ടായിരുന്നു. യുദ്ധത്തിന് ശേഷം ടിപ്പുവിന്റെ മിടുക്കിലൂടെ കുറച്ച് കാലത്തേക്കെങ്കിലും ഹൈദരബാദ് നിസാമിനെ ടിപ്പുവിന് ഒപ്പം നിർത്താൻ സാധിച്ചിരുന്നു.
1769 മുതൽ 72 വരെ നീണ്ടു നിന്ന മാറാത്ത - മൈസൂർ യുദ്ധത്തിൽ ആദ്യം ഹൈദറലി വലിയ തിരിച്ചടി നേരിടുന്നുണ്ട്. ഈ തിരിച്ചടികളെ തുടർന്ന് ഹൈദറലി മകൻ ടിപ്പുവിനെ ശകാരിക്കുന്നുണ്ട്. തുടർന്ന് ടിപ്പു തന്റെ സൈനിക നീക്കങ്ങളിലൂടെ മാറാഠികളെ പരാജയപ്പെടുത്തുന്നു.
ടിപ്പു ആദ്യം വിവാഹം ചെയ്യുന്നത് റുഖയ്യ ബാനുവിനെയാണ്, അവർ മരണപ്പെട്ട ശേഷം ടിപ്പു ഖദീജ സമാനി ബീഗത്തെ വിവാഹം ചെയ്തു. അവരും വളരെ പെട്ടെന്ന് മരണപ്പെട്ടു. ഈ രണ്ട് ഭാര്യമാർക്ക് പുറമെ വേറെയൊരു ഭാര്യയും ടിപ്പുവിന് ഉണ്ടായിരുന്നു. അതിനപ്പുറത്തേക്ക് മുസ്ലിം രാജാക്കന്മാരുടെ മേൽ ആരോപിക്കപ്പെടാറുള്ള പോലെ അനേകം ഭാര്യമാരോ, അന്തപ്പുരങ്ങളിൽ സ്ത്രീകളോ ടിപ്പുവിന് ഉണ്ടായിരുന്നില്ല.
ടിപ്പു ഒരു മത ഭ്രാന്തനായിരുന്നുവോ?
ടിപ്പുവിനെയും , ടിപ്പുവിന്റെ പിതാവ് ഹൈദറിനെയും മതഭ്രാന്തരും ധാരാളം ഹിന്ദുക്കളെയും, ക്രിസ്ത്യാനികളെയും വധിച്ചു കളഞ്ഞ മുസ്ലിം ഭീകരരായും ചിത്രീകരിക്കാനുള്ള ശ്രമം സംഘപരിവാർ വൃത്തങ്ങളിൽ നിന്ന് നിരന്തരം ഉണ്ടാകുന്നുണ്ട്.
ടിപ്പുവിന്റെ പിതാവ് ഒരു മതഭ്രാന്തനായ അധികാര മോഹിയായിരുന്നുവെങ്കിൽ ആദ്യം ചെയ്യേണ്ടിയിരുന്നത് വാഡിയാർ രാജവംശത്തിലെ ഹിന്ദു രാജാവിനെ വധിച്ച് കൊണ്ടോ, കീഴടക്കി കൊണ്ടോ അധികാരം കൈക്കലാക്കുകയായിരുന്നു. എന്നാൽ ചരിത്രത്തിൽ കാണാൻ സാധിക്കുന്നത് ഹൈദറലിയുടെ ധീരതയും, സത്യസന്ധതയും കണ്ട് വാഡിയാർ രാജാവ് ഹൈദറിന് അധികാരം കൈമാറുകയായിരുന്നു.
ടിപ്പു 1767ലെ മലബാർ അധിനിവേശത്തിൽ ധാരാളം ഹിന്ദുക്കളെയും, ക്രിസ്ത്യാനികളെയും വധിക്കുകയും, ക്ഷേത്രങ്ങൾ പൊളിക്കുകയും ചെയ്തു എന്നതാണ് മറ്റൊരു വാദം. തന്റെ സാമ്രാജ്യം നിലനിർത്തുന്നതിനും, അതിന്റെ വികാസത്തിനും വേണ്ടി ടിപ്പു മലബാറിലേക്ക് അധിനിവേശം നടത്തി എന്നത് ശരി തന്നെ. എന്നാൽ ടിപ്പു അവിടെ മതം നോക്കി ശിക്ഷ നടപ്പിലാക്കി എന്നത് ചരിത്ര വസ്തുതകളോട് ചേരുന്ന ഒന്നല്ല. ടിപ്പുവിന്റെ അധിനിവേശ സമയങ്ങളിൽ പ്രാദേശിക തലങ്ങളിൽ നാശനഷ്ടമുണ്ടായി എന്നതും ശരി തന്നെ, എന്നാൽ അത് മതാടിസ്ഥാനത്തിൽ നടപ്പിലാക്കപ്പെട്ട ഒന്നായിരുന്നില്ല. മാത്രമല്ല അധിനിവേശത്തിന് ശേഷം മലബാർ മേഖലകളിൽ വലിയ വികസനങ്ങളാണ് ഉണ്ടായിട്ടുള്ളത്. പൊതു ഗതാകാതം മെച്ചപ്പെടുത്തുകയും, ഭൂപരിഷ്കരണം നടപ്പിലാക്കുകയും ചെയ്തത് മൈസൂർ രാജാക്കന്മാരായിരുന്നു.
ഇതേ ടിപ്പു ധാരാളം ക്ഷേത്രങ്ങൾ പണിയാൻ ഖജനാവിൽ നിന്ന് പണം നൽകിയ ചരിതം നമുക്ക് വായിക്കാൻ സാധിക്കും. ശൃംഗേരി മഠത്തിലെ സ്വാമി സച്ചിദാനന്ത ഭാരതിയെ ടിപ്പു അഭിസംബോധന ചെയ്തിരുന്നത് 'ജഗദ് ഗുരു' (ലോകത്തിന്റെ ഗുരു) എന്നായിരുന്നു. കർണ്ണാടകയിൽ സ്ഥിതി ചെയ്യുന്ന ഹിന്ദു ക്ഷേത്രത്തിൽ ടിപ്പുവിന്റെയും ഹൈദറിന്റെയും പെയിന്റിങ്ങുകൾ പോലും നിലനിന്നിരുന്നു. ടിപ്പുവിന്റെ കൊട്ടാരത്തിൽ ഉപദേഷ്ടാക്കളായും, ജ്യോത്സരായും ബ്രാഹ്‌മണരും, ഹിന്ദുക്കളും ഉണ്ടായിരുന്നു എന്ന് കൂടി ചരിത്രത്തിൽ നമുക്ക് വായിക്കാൻ സാധിക്കുന്ന വസ്തുതകളാണ്.
അങ്ങനെ മത ഭ്രാന്തനായിരുന്നുവെങ്കിൽ ടിപ്പു ഹിന്ദു രാജാക്കന്മാരോട് മാത്രമേ യുദ്ധം ചെയ്യുമായിരുന്നുള്ളൂ. എന്നാൽ ബ്രിട്ടീഷുകാരോടൊപ്പം പോരാടിയപ്പോൾ ഒക്കെയും ടിപ്പുവും ഹൈദറലിയും ഹൈദറബാദിലെ നിസാമിനെതിരെയും പോരാടിയിട്ടുണ്ട്.
അഥവാ, ടിപ്പുവിന്റെ പോരാട്ടത്തെയും അധിനിവേശങ്ങളെയും സംഘപരിവാർ ചെയ്യുന്ന പോലെ ഹിന്ദു - മുസ്ലിം കോണിലൂടെയല്ല പരിശോധിക്കേണ്ടത്. അത് ചരിത്ര വസ്തുതകളെ തെറ്റായി വ്യാഖ്യാനിക്കുന്നതിൽ കൊണ്ടെത്തിക്കും എന്ന് മാത്രമല്ല, യാഥാർഥ്യങ്ങളെ തിരിച്ചറിയുന്നതിൽ നിന്ന് നമ്മെ തടയുകയും ചെയ്യും.
ബ്രിട്ടീഷ് ചരിത്ര രചന:
സംഘപരിവാർ ടിപ്പുവിനെതിരെയുള്ള തങ്ങളുടെ നറേറ്റീവുകൾ രൂപപ്പെടുത്താൻ ആശ്രയിക്കുന്നത് ബ്രിട്ടീഷുകാർ രചിച്ചു പോയിട്ടുള്ള രചനകളെയാണ്. ബ്രിട്ടീഷിന്റെ ഏറ്റവും വലിയ ശത്രുക്കളിൽ ഒരാളായ ടിപ്പുവിനെ കുറിച്ച് അവർ സത്യസന്ധമായി എന്തെങ്കിലും രചിക്കുമെന്ന് കരുതേണ്ടതില്ലല്ലോ. നാലാം മൈസൂർ - ബ്രിട്ടീഷ് യുദ്ധത്തിൽ ടിപ്പുവിനെ വധിച്ച ശേഷം അദ്ദേഹത്തിന്റെ ലൈബ്രറിയിൽ ഉണ്ടായിരുന്ന ലക്ഷം കണക്കിന് പുസ്തകങ്ങൾ ബ്രിട്ടനിലേക്ക് ഒളിച്ചു കടത്തിയവരാണ് ബ്രിട്ടീഷുകാർ. ടിപ്പുവിന്റെ കയ്യക്ഷരത്തിൽ എഴുതിയ പുസ്തകങ്ങൾ തൊട്ട് അപൂർവ്വ പുസ്തകങ്ങൾ പോലും ആ ശേഖരണത്തിൽ ഉണ്ടായിരുന്നുവത്രെ. അതിലെ ചില പുസ്തകങ്ങൾ ഇപ്പോഴും ബ്രിട്ടനിലെ ചില ലൈബ്രറികളിൽ ലഭ്യമാണ്. ഇത്തരത്തിൽ കൊള്ളയും, കൊലപാതകവും ശീലമാക്കിയിട്ടുള്ള ബ്രിട്ടീഷ് സാമ്രാജ്യം അവരോട് ചെറുത്ത് നിന്ന ടിപ്പുവിനെ കുറിച്ച് മാന്യമായി ഒന്നും രചിച്ചില്ലെന്ന് മാത്രമല്ല, ടിപ്പുവിന്റേതെന്ന പേരിൽ അവർ പരിഭാഷപ്പെടുത്തിയ രചനകളിൽ പോലും ടിപ്പുവിനെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു.
ടിപ്പുവിന്റെ ക്രൂരതകളെ കുറിച്ചും, മത പരിവർത്തനത്തെ കുറിച്ചും 'ചരിത്രപരമായ രേഖകൾ' രചിച്ച മാർക്ക് വിൽക്സ്, അലക്സാൻഡർ ബീറ്റ്സൻ, ഫ്രാൻസിസ് ബുചനാൻ, ലെവിൻ ബൗറിങ്ങ്, വില്ലിയം ഫുള്ളെർട്ടൻ, റോഡറിക്ക് മെക്കെൻസി, ഹെൻറി ഓക്സ്, ജെയിംസ് സ്കറി, ജെയിംസ് ബ്രിസ്റ്റോ എന്നിവരുടെ കൃതികൾ വിശ്വാസ യോഗ്യമല്ലെന്നും അതിലൊക്കെയും ടിപ്പുവിനെ മോശമായി ചിത്രീകരിക്കാൻ ബ്രിട്ടീഷുകാർ നുണകൾ കെട്ടിച്ചമക്കുകയായിരുന്നു എന്നതും പിന്നീട് കണ്ടെത്തപ്പെട്ട വസ്തുതയാണ്.
എന്നാൽ മിക്കോഡിനെയും, ഡെന്നിസ് ഫോറെസ്റ്റിനെയും പോലെയുള്ള വിദേശികൾ ടിപ്പുവിനെ കുറിച്ച് സത്യസന്ധമായ വിവരണങ്ങൾ നൽകാൻ ശ്രമിച്ചതായും കാണാം.
അവസാന നിമിഷം വരെ പോരാടിയ ടിപ്പു:
കേണൽ ബയിലി, കേണൽ ബ്രെയിത്വയിറ്റ്, ബ്രിഗേടിയർ ജനറൽ ജെയിംസ് സ്റ്റുവർട്ട് എന്നിവരുടെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യത്തെ രണ്ടാം മൈസൂർ - ബ്രിട്ടീഷ് യുദ്ധത്തിൽ (1778-84) ടിപ്പു പരാജയപ്പെടുത്തുന്നുണ്ട്. ഈ യുദ്ധത്തിനിടയിൽ 1782ലാണ് ഹൈദറലി മരണപ്പെടുന്നത്. പിന്നീട് ടിപ്പു ഭരണാധികാരിയായി. പിതാവിനെ പോലെ നിയമ പരിഷ്കരണങ്ങളും, ക്ഷേമ പദ്ധതികളും ടിപ്പുവും നടപ്പിലാക്കി. ഈ ഭരണമികവിൽ ടിപ്പു ശക്തിപ്പെടുമെന്ന് ബ്രിട്ടീഷുകാർ ഭയന്നിരുന്നു.
അങ്ങനെ 1790-92 കാലഘട്ടത്തിൽ മാറാത്ത രാജാക്കന്മാരുടെയും, ഹൈദറബാദിലെ നിസാമിന്റെ സഹായത്തോടെയും മൂന്നാം മൈസൂർ - ബ്രിട്ടീഷ് യുദ്ധം ഉടലെടുത്തു. ഇത്തവണ ടിപ്പുവിന് തന്റെ കീഴിലുള്ള പകുതിയോളം പ്രദേശങ്ങൾ ബ്രിട്ടീഷ് സഖ്യത്തിന് അടിയറവ് വെക്കേണ്ടി വന്നു. ടിപ്പുവിന്റെ രണ്ട് ആൺമക്കളെ ബ്രിട്ടീഷ് സഖ്യം ബന്ധികളാക്കി കൊണ്ട് പോവുകയും ചെയ്തു.
ടിപ്പു പിന്മാറാൻ തയ്യാറായില്ല. 1799ൽ ഫ്രാൻസിന്റെയും, തുർക്കികളുടെയും, അഫ്‌ഘാനിന്റെയും സഹായത്തോടെ ടിപ്പു ബ്രിട്ടീഷിനെതിരെ പൊരുതി. "ജീവിതകാലം മുഴുവനും ആടായി ജീവിക്കുന്നതിലും നല്ലത് ഒരു ദിവസം കടുവയായി ജീവിച്ചു മരിക്കുന്നതാണ്" എന്ന് പറഞ്ഞു കൊണ്ട് നാലാം മൈസൂർ - ബ്രിട്ടീഷ് യുദ്ധത്തിന് ടിപ്പു തുടക്കം കുറിച്ചു. ലോർഡ് വെല്ലിസ്ലിയുടെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യം മെയ് 4, 1799ന് ടിപ്പുവിനെ വധിച്ചു. ശേഷം കൃഷ്ണരാജ വാഡിയാർ മൂന്നാമന് ബ്രിട്ടീഷ് സാമ്രാജ്യം ഭരണം കൈമാറി. ബ്രിട്ടന്റെ അടിമകളെന്നോണം അവർ ഭരണം തുടർന്നു.
മൈസൂർ സുൽത്താന്മാരുടെ ചരിത്രം ചെറുത്ത് നിൽപ്പിന്റെയും, പോരാട്ടത്തിന്റെയുമാണ്. അല്ലാതെ ബ്രിട്ടീഷ് ചരിത്ര രേഖകളെ അടിസ്ഥാനമാക്കി സംഘപരിവാർ പ്രചരിപ്പിക്കുന്നത് പോലെ വെറുപ്പിന്റെയോ, മത ഭ്രാന്തിന്റെയോ അല്ല. ചരിത്രത്തെ വായിക്കുമ്പോൾ ആ കാലഘട്ടത്തെ കൂടി മനസ്സിലാക്കി വായിക്കുമ്പോൾ മാത്രമെ ചരിത്ര സംഭവങ്ങളെ നമുക്ക് ആഴത്തിൽ മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ.
This article explores how Tipu Sultan — historically known as a determined anti-colonial warrior who resisted British expansion — has been misrepresented in recent Hindutva narratives as a religious fanatic. By placing Tipu’s actions in the social and political context of 18th-century Mysore, the article explains that his military campaigns were driven by political strategy rather than religion, and that British colonial writers deliberately distorted his image to justify their expansion. It highlights Tipu’s administrative reforms, his inclusive governance involving Hindus and Muslims, his support for temples and local development, and his lifelong fight against British imperialism, concluding that modern ideological lenses should not distort historical truth.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."