മട്ടുപ്പാവിലെ നെല്‍കൃഷിയില്‍ വിജയം കൈവരിച്ച് സഫിയ കബീര്‍
പാവറട്ടി: മട്ടുപ്പാവില്‍ നെല്‍കൃഷിയില്‍ വിജയഗാഥ രചിക്കുകയാണ് വെന്മേനാട് എ.എം.എല്‍.പി സ്‌കൂളിലെ എം.പി. ടി.എ പ്രസിഡന്റ് സഫിയ കബീര്‍. ഫെയ്‌സ് ബുക്കില്‍ നിന്ന് കൃഷിയെ സംബന്ധിച്ചുള്ള അറിവിലൂടെ കര്‍ഷക രംഗത്തെത്തിയ സഫിയ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കൊണ്ടാണ് മികച്ച കര്‍ഷകരുടെ നിരയിലെത്തിയത്.
മത്തന്‍, വെണ്ട, വിവിധതരം പയര്‍, വെള്ളരി, ചോളം, മുളക്, പാവല്‍, പടവലം, ചുരക്ക, കുക്കുംബര്‍, പീച്ചിങ്ങ, കാബേജ്, കോളിഫ്‌ളവര്‍, തക്കാളി തുടങ്ങിയ പച്ചക്കറി കൃഷിയില്‍ വൈവിദ്ധ്യം തെളിയിച്ച ഈ ബിരുദധാരി മട്ടുപ്പാവിലെ നെല്‍കൃഷിയിലാണ് മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്ഥമാകുന്നത്. കഴിഞ്ഞ തവണ നടത്തിയ നെല്‍കൃഷിയില്‍ വിളവെടുത്തപ്പോള്‍ ലഭിച്ച ആത്മ വിശ്വാസമാണ് ഇത്തവണയും നെല്‍കൃഷിയിലേക്ക് തിരിയാന്‍ പ്രചോദനമായത്. കൃഷി ചെയ്യുന്നതിന് പുറമെ പരിചയപ്പെട്ടവരെയൊക്കെ കൃഷിയില്‍ തല്‍പരരാക്കുകയും ചെയ്യുകയും ആവശ്യമുള്ളവര്‍ക്ക് വിത്തും, ചെടികളും സംഘടിപ്പിച്ച് കൊടുക്കുകയും ചെയ്തുവരുന്നു. ഭര്‍ത്താവ് അഹ്മദ്കബീറിന്റെ പ്രോത്സാഹനമാണ് ഈ രംഗത്ത് സജീവമായി നിലനിറുത്തിയതെന്ന് സഫിയ പറയുന്നു. കൃഷിയെ സംബന്ധിച്ചുള്ള ക്ലാസ്സുകളൊന്നും ഒഴിവാക്കാത്ത ഇവര്‍ മുന്‍കയ്യെടുത്ത് മംഗലാപുരത്ത് നിന്ന് വരുത്തിച്ച പ്രത്യേക ബാഗുകളിലാണ് സ്‌കൂളില്‍ കൃഷി ചെയ്തുവരുന്നത്. വീട്ടിലെ കൃഷിക്ക് പുറമെ സ്‌കൂള്‍ കോമ്പൗണ്ടിലെ കൃഷികളിലും സഫിയയുടെ പങ്ക് ഒഴിച്ചു കൂടാനാവാത്തതാണ്. അടുത്തിടെ സ്‌കൂളില്‍ സഫിയയുടെ നേതൃത്വത്തില്‍ നടത്തിയ കൊള്ളികൃഷി വിളവെടുപ്പ് നടത്തിയിരുന്നു. ഇപ്പോള്‍ സ്‌കൂളില്‍ കൊള്ളി, വാഴ, വഴുതന, മത്തന്‍, മുളക് തുടങ്ങിയ വിവിധ പച്ചക്കറികള്‍ പി.ടി.എയും എം.പി.ടി.എയും ചേര്‍ന്ന് ഇവരുടെ നേതൃത്വത്തില്‍ കൃഷിയിറക്കിയിട്ടുണ്ട്. മിദ്‌ലാജ്, മിന്‍ഹാജ് എന്നിവര്‍ മക്കളാണ്. പാവറട്ടി ഗ്രാമപഞ്ചായത്ത് മുന്‍പ്രസിഡന്റ് വി.കെ അബ്ദുല്‍ഫത്താഹിന്റെ സഹോദര ഭാര്യയാണ് സഫിയ കബീര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."