ഉറപ്പില്ലാതാകുന്ന തൊഴിൽ; പേരുമാറ്റത്തിൽ തുടങ്ങുന്ന അട്ടിമറി; തൊഴിലുറപ്പിന്റെ ആത്മാവിനെ ഇല്ലാതാക്കുന്ന വിബി ജി റാം ജി
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരിനെയും അടിസ്ഥാന സ്വഭാവത്തെയും തന്നെ അട്ടിമറിക്കുന്ന വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ ഗ്രാമീൺ (വിബി ജി റാം ജി) ബിൽ പാർലമെന്റ് പാസാക്കിയിരിക്കുകയാണ്. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പേര് മാത്രമല്ല, തൊഴിൽ ചെയ്യാനുള്ള അവകാശത്തെ കേന്ദ്രബിന്ദുവാക്കി രൂപപ്പെടുത്തിയ തൊഴിലുറപ്പ് നിയമത്തിന്റെ ആത്മാവിനെക്കൂടിയാണ് പുതിയ നിയമത്തിൽ നിന്നും വെട്ടിമാറ്റിയത്. തൊഴിലുറപ്പ് നിയമം നൽകിയിരുന്ന അടിസ്ഥാന ഉറപ്പുകളെ ഇല്ലാതാക്കുകയും പദ്ധതിയെ പൂർണമായി മാറ്റിമറിക്കുകയും ചെയ്യുന്നതാണ് പുതിയ ബിൽ. ഈ അട്ടിമറി തുടങ്ങുന്നത് തന്നെ പദ്ധതിയുടെ പേരിൽ നിന്ന് ഗാന്ധിജിയുടെ പേര് നീക്കം ചെയ്തതോടെയാണ്.
കേന്ദ്ര ഉത്തരവാദിത്വം പിൻവലിക്കുന്നു
നിലവിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ വേതനം പൂർണ്ണമായും കേന്ദ്ര സർക്കാർ വഹിച്ചിരുന്നു. സാധനങ്ങളുടെ ചെലവിന്റെ 75 ശതമാനവും കേന്ദ്രത്തിന്റെ ബാധ്യതയായിരുന്നു. എന്നാൽ പുതിയ ബിൽ പ്രകാരം കേന്ദ്ര സർക്കാർ 60 ശതമാനം മാത്രം വഹിക്കും. ശേഷിക്കുന്ന 40 ശതമാനം സംസ്ഥാനങ്ങൾ വഹിക്കേണ്ടിവരും. നിലവിലെ നിയമത്തിൽ നിന്ന് വ്യത്യസ്തമായി, പദ്ധതിയെ ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിയായി പ്രഖ്യാപിക്കുന്നതും ശ്രദ്ധേയമാണ്. ചെലവ് നിശ്ചയിച്ച പരിധി കവിയുകയാണെങ്കിൽ അധികഭാരം സംസ്ഥാനങ്ങൾക്ക് തന്നെ വഹിക്കേണ്ടിവരും. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് ഇത് വലിയ ആശങ്കയാണ്. നിയമം നടപ്പായാൽ കേരളത്തിൽ നിലവിൽ പദ്ധതിയിൽ അംഗങ്ങളായ ഏകദേശം 22 ലക്ഷത്തോളം പേരിൽ വലിയൊരു വിഭാഗം പുറത്താകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
വർധിപ്പിക്കുന്നതല്ല; ചുരുക്കുന്നതാണ് തൊഴിൽദിനങ്ങൾ
തൊഴിൽദിനങ്ങൾ 125 ആയി ഉയർത്തുമെന്ന് ബിൽ അവകാശപ്പെടുന്നുണ്ടെങ്കിലും, നിലവിലുള്ള 100 ദിവസം പോലും ഉറപ്പാക്കാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുകയാണ്. പദ്ധതി നടപ്പാക്കുന്ന ഗ്രാമീണമേഖലകൾ കേന്ദ്രം വിജ്ഞാപനം ചെയ്യണമെന്നതുപോലുള്ള പുതിയ നിബന്ധനകൾ പദ്ധതി സ്വാഭാവികമായും ചുരുങ്ങാൻ കാരണമാകും. കാർഷിക സീസണുകളിൽ 60 ദിവസം വരെ ജോലി താൽക്കാലികമായി നിർത്തിവയ്ക്കാൻ അനുവദിക്കുന്ന വ്യവസ്ഥ തൊഴിലുറപ്പ് പദ്ധതിയെ മാത്രം ആശ്രയിക്കുന്ന തൊഴിലാളികളെ ഈ കാലത്ത് തൊഴിൽ രഹിതരാക്കുകയോ സ്വകാര്യ ഭൂവുടമകളുടെ കാരുണ്യത്തിൽ കാർഷിക ജോലികളിലേക്ക് നിർബന്ധിതരാകുകയോ ചെയ്യും. ലക്ഷക്കണക്കിന് ഗുണഭോക്താക്കളുടെ വരുമാന മാർഗത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്നതാകും പുതിയ നിയമം.
ആവശ്യകത അധിഷ്ഠിത മാതൃകയ്ക്ക് വിരാമം
തൊഴിലുറപ്പ് പദ്ധതി അടിത്തട്ടിൽ നിന്നുള്ള ആവശ്യകത അടിസ്ഥാനമാക്കിയായിരുന്നു രൂപകൽപ്പന ചെയ്തത്. സംസ്ഥാനങ്ങൾ ജോലി ആവശ്യകത കണക്കാക്കി കേന്ദ്രത്തോട് പങ്കുവെക്കും. അതിന്റെ അടിസ്ഥാനത്തിൽ കേന്ദ്രം വിഹിതം അനുവദിക്കും. ഇതായിരുന്നു നിലവിലെ രീതി. പുതിയ ബിൽ ഈ സമീപനം പൂർണമായി മാറ്റിമറിക്കുന്നു. കേന്ദ്രം മുൻകൂട്ടി നിശ്ചയിക്കുന്ന പാരാമീറ്ററുകൾ പ്രകാരം ഓരോ സാമ്പത്തിക വർഷത്തേക്കുമുള്ള സംസ്ഥാന വിഹിതം കേന്ദ്രം തന്നെ നിർണയിക്കും. ഈ പരിധി കടക്കുന്ന ഏതൊരു ചെലവും പൂർണമായും സംസ്ഥാന സർക്കാർ വഹിക്കേണ്ടി വരും. ഇതോടെ ആവശ്യകതയെ അടിസ്ഥാനമാക്കിയ തൊഴിലുറപ്പ് പദ്ധതി, കേന്ദ്രം നിശ്ചയിക്കുന്ന ചെലവുപരിധിയുള്ള മറ്റൊരു പദ്ധതിയായി ചുരുങ്ങും. സംസ്ഥാനങ്ങൾ കൂടുതൽ ശക്തവും സാർവത്രികവുമായ തൊഴിൽപദ്ധതികൾ നടപ്പാക്കാൻ സ്വന്തം വിഭവങ്ങൾ ചെലവഴിക്കാൻ തയ്യാറായാലും, ആ ചെലവുകൾ പോലും കേന്ദ്ര സർക്കാർ നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾക്ക് വിധേയമാക്കുന്നതാണ് പുതിയ നിയമം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം കുറയുന്നു
നിലവിലെ തൊഴിലുറപ്പ് നിയമപ്രകാരം ആസൂത്രണത്തിന്റെയും നിർവഹണത്തിന്റെയും പ്രധാന അധികാരികൾ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയായിരുന്നു. ഗ്രാമസഭയുടെയും വാർഡ് സഭകളുടെയും ശുപാർശകൾ അടിസ്ഥാനമാക്കി പ്രാദേശിക ആവശ്യങ്ങൾക്കനുസരിച്ചുള്ള പ്രവൃത്തികൾ നടപ്പാക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനും ഗ്രാമപഞ്ചായത്തിന് നിർണായക പങ്കുണ്ടായിരുന്നു. പുതിയ ബില്ലിലെ വ്യവസ്ഥകൾ ഈ ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കുന്നതാണ്. കാർഷിക സീസണുകളിൽ 60 ദിവസം വരെ ജോലി താൽക്കാലികമായി നിർത്തിവയ്ക്കാൻ അനുവദിക്കുന്ന വ്യവസ്ഥ, തൊഴിലുറപ്പ് പദ്ധതിയെ മാത്രം ആശ്രയിക്കുന്ന തൊഴിലാളികളെ തൊഴിലില്ലായ്മയിലേക്കോ സ്വകാര്യ ഭൂവുടമകളുടെ കരുണയിൽ ആശ്രയിച്ചുള്ള തൊഴിൽബന്ധങ്ങളിലേക്കോ തള്ളിവിടും.
എന്തായിരുന്നു മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
ഇന്ത്യയിലെ ഏറ്റവും വിജയകരമായ പൊതുനയം. വളരെ ശ്രദ്ധാപൂർവ്വം രൂപകൽപ്പന ചെയ്തതും മികച്ച ഫലങ്ങൾ കൈവരിച്ചതുമായ പദ്ധതിയായിരുന്നു തൊഴിലുറപ്പ് പദ്ധതി. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും കൂടുതൽ പഠിക്കപ്പെട്ട പൊതുനയങ്ങളിൽ ഒന്നായിരുന്നു ഇത്. പദ്ധതിയുടെ രൂപകൽപ്പന, നടപ്പാക്കൽ, ഫലങ്ങൾ എന്നിവ വിലയിരുത്തുന്ന നൂറുകണക്കിന് അക്കാദമിക് പഠനങ്ങൾ നിലവിലുണ്ട്. ഈ പദ്ധതി മൂലം ഗാർഹിക വരുമാനം ഏകദേശം 14 ശതമാനം വർധിച്ചു, ദാരിദ്ര്യം 26 ശതമാനം കുറഞ്ഞു. തൊഴിലാളികളുടെ വിലപേശൽ ശേഷി വർധിച്ചതിലൂടെ ഉയർന്ന വേതനനിരക്കുകൾ രൂപപ്പെട്ടു.
ഗ്രാമീണ സമ്പദ് വ്യവസ്ഥയെ രക്ഷിച്ച കവചം
കൊവിഡ് മഹാമാരിയുടെ ആഘാതത്തിൽ ഇന്ത്യയിലെ ഗ്രാമീണ മേഖലയെ രക്ഷിക്കാൻ നിർണായക പങ്ക് വഹിച്ച പദ്ധതിയായിരുന്നു തൊഴിലുറപ്പ്. ഇത് കേവലം ഒരു ക്ഷേമ പദ്ധതിയായി മാത്രമല്ല, ഗ്രാമീണ സമ്പദ് വ്യവസ്ഥയിലുടനീളം സാമ്പത്തിക സജീവത സൃഷ്ടിക്കുന്ന ഒരു സദ്ഗുണ ചക്രമായി പ്രവർത്തിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ സ്ത്രീകളാണ്. പദ്ധതിയിൽ പങ്കാളികളാകുന്നവരിൽ മൂന്നിലൊന്ന് പേർ പട്ടികജാതി, പട്ടികവർഗ, ഒ.ബി.സി, ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ളവരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."