പാലക്കാട് നഗരസഭാ ചെയർമാൻ തെരഞ്ഞെടുപ്പ്; പിന്തുണ തേടി ഇരുമുന്നണിക്കും കത്ത് നൽകി സ്വതന്ത്രൻ
പാലക്കാട്: ഒരു മുന്നണിക്കും കേവലഭൂരിപക്ഷമില്ലാത്ത പാലക്കാട് നഗരസഭയിൽ ചെയർമാൻ സ്ഥാനത്തേക്ക് എൽ.ഡി.എഫ്-യു.ഡി.എഫ് മുന്നണികളുടെ പിന്തുണതേടി സ്വതന്ത്രൻ കത്തുനൽകി. 48ാം വാർഡ് പള്ളിപ്പുറത്തുനിന്ന് വിജയിച്ച എച്ച്. റഷീദാണ് ചെയർമാൻ സ്ഥാനത്തേക്ക് തന്നെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് സി.പി.എം, കോൺഗ്രസ്, മുസ് ലിം ലീഗ് പാർട്ടികളുടെ ജില്ലാനേതൃത്വത്തിന് കത്തുനൽകിയത്. ജനവിധി ബിജെപിക്ക് എതിരാണെന്നും അവരെ ഭരണത്തിൽനിന്ന് ഒഴിവാക്കാനും മതേതര ചേരിയെ ശക്തിപ്പെടുത്താനും തന്നെ പിന്തുണയ്ക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. അതേസമയം യു.ഡി.എഫ്, എൽ.ഡി.എഫ് പിന്തുണയോടെ പൊതു സ്വതന്ത്രനെ അധ്യക്ഷനാക്കാനുള്ള സാധ്യതയ്ക്ക് മങ്ങലേറ്റിരിക്കുകയാണ്. ഇരു മുന്നണികളും ഇക്കാര്യത്തിൽ താൽപര്യക്കുറവിലാണ്.
സംസ്ഥാന നേതൃത്വവും ഏറെക്കുറെ ഇതേ നിലപാടിലാണ്. ഇതോടെ നഗരസഭയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പി അധികാരത്തിലെത്താൻ സാധ്യതയേറി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്നതിനാലാണ് സഖ്യസാധ്യത യു.ഡി.എഫും എൽ.ഡി.എഫും തള്ളുന്നത്. ബി.ജെ.പിയെ ഭരണത്തിൽനിന്ന് അകറ്റണമെങ്കിൽ യു.ഡി.എഫ് നിർത്തുന്ന സ്വതന്ത്രനെ എൽ.ഡി.എഫ് പിന്തുണയ്ക്കട്ടെ എന്ന നിലപാടിലാണ് ജില്ലയിലെ കോൺഗ്രസ് നേതൃത്വം. ഇതിനിടെ നഗരസഭയിലെ 48ാം വാർഡ് പള്ളിപ്പുറത്തു നിന്നു വിജയിച്ച സ്വതന്ത്രനെ ചെയർമാനാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അംഗങ്ങൾക്കിടയിൽ ഒപ്പു ശേഖരണവും തുടങ്ങിയിട്ടുണ്ട്.
ഡി.സി.സി നേതൃത്വം ഇതിന് അനുകൂല നിലപാടിലല്ല. 53 അംഗ നഗരസഭയിൽ ബി.ജെ.പി- 25, യു.ഡി.എഫ്- 18, എൽ.ഡി.എഫ്- 9, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. അധ്യക്ഷൻ, ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 26നാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."