ടിവികെയിൽ പൊട്ടിത്തെറി; പദവി ലഭിക്കാത്തതിൽ മനംനൊന്ത് വനിതാ നേതാവും യുവജന നേതാവും ആത്മഹത്യയ്ക്ക് ശ്രമിച്ചു
ചെന്നൈ: നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിൽ (TVK) ഭാരവാഹിത്വത്തെച്ചൊല്ലിയുള്ള തർക്കം ആത്മഹത്യാശ്രമങ്ങളിൽ കലാശിച്ചിരിക്കുകയാണ്. തൂത്തുക്കുടി സെൻട്രൽ ജില്ലാ സെക്രട്ടറി സ്ഥാനം ലഭിക്കാത്തതിൽ മനംനൊന്ത് വനിതാ നേതാവ് അജിത ആഗ്നൽ അമിതമായി ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. പിന്നാലെ തിരുവള്ളൂരിൽ യുവജന വിഭാഗം നേതാവായ വിജയ് സതീഷ് (സത്യനാരായണൻ) ശുചിമുറി വൃത്തിയാക്കുന്ന ദ്രാവകം കുടിച്ചും ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇരുവരും ആശുപത്രികളിൽ ചികിത്സയിലാണ്.
വിജയ്‌യുടെ കാർ തടഞ്ഞ് അജിതയുടെ പ്രതിഷേധം
തൂത്തുക്കുടിയിൽ കഴിഞ്ഞ രണ്ടു വർഷമായി പാർട്ടിക്ക് വേണ്ടി സജീവമായി പ്രവർത്തിക്കുന്ന അജിത ആഗ്നൽ, ജില്ലാ സെക്രട്ടറി സ്ഥാനം തനിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ പദവി നിഷേധിക്കപ്പെട്ടതോടെ കഴിഞ്ഞ ദിവസം ചെന്നൈ പനയൂരിലെ പാർട്ടി ആസ്ഥാനത്തിന് മുന്നിൽ ഇവർ പ്രതിഷേധവുമായെത്തി.
വിജയ് ഓഫീസിൽ നിന്ന് പുറത്തിറങ്ങുന്ന സമയം അജിതയും അനുയായികളും അദ്ദേഹത്തിന്റെ കാർ തടഞ്ഞു. പദവി ലഭിക്കാത്തതിലെ പ്രതിഷേധം അറിയിക്കാൻ ശ്രമിച്ച ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർ നീക്കം ചെയ്യുകയായിരുന്നു.ഇതിനുപിന്നാലെ തൂത്തുക്കുടിയിലെ വീട്ടിലെത്തിയ അജിത ഉറക്കഗുളികകൾ കഴിച്ച് ബോധരഹിതയാകുകയായിരുന്നു. നിലവിൽ ഇവർ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
ബാനറിൽ പടമില്ലാത്തതിന് ഭീഷണി; യുവജന നേതാവ് അത്യാസന്ന നിലയിൽ
തിരുവള്ളൂർ പൂണ്ടി സൗത്ത് യൂണിയൻ യുവജന വിഭാഗം സെക്രട്ടറി സത്യനാരായണനാണ് (വിജയ് സതീഷ്) മറ്റൊരു ഇര. ക്രിസ്മസ്-പുതുവത്സര ബാനറിൽ പ്രാദേശിക നേതാവിന്റെ ചിത്രം ഉൾപ്പെടുത്താത്തതിനെച്ചൊല്ലിയുള്ള തർക്കമാണ് ഇയാളെ ആത്മഹത്യാശ്രമത്തിലേക്ക് നയിച്ചത്.
വാർഡിൽ സ്ഥാപിച്ച ആശംസാ ബാനറിൽ ടിവികെ യൂണിയൻ സെക്രട്ടറി വിജയ് പ്രഭുവിന്റെ ചിത്രം ഉണ്ടായിരുന്നില്ല. ഇതിൽ പ്രകോപിതനായ വിജയ് പ്രഭു സത്യനാരായണനെ ഭീഷണിപ്പെടുത്തുകയും മോശമായി സംസാരിക്കുകയും ചെയ്തതായി പറയപ്പെടുന്നു.
ഭീഷണിയിൽ മനംനൊന്ത സത്യനാരായണൻ ശുചിമുറി വൃത്തിയാക്കുന്ന ദ്രാവകം കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഇയാളെ തിരുവള്ളൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."