ഇത് ഇവന്റ് മാനേജ്മെന്റ് ടീമല്ല; ഇവർ വിഖായയെന്ന നീലപ്പട്ടാളം
മംഗളൂരു: `സന്ദേശ യാത്ര മുതലക്കുളത്ത് ഏതാനും മിനിറ്റുകൾ ക്കുള്ളിൽ എത്തിച്ചേരും... ഓവർ....' വാക്കി ടോക്കിയിലൂടെ ആ ശബ്ദം മുഴങ്ങിയപ്പോഴേക്കും അവർ പ്രവേശന കവാടത്തിന്റെ ഇരു വശത്തും അണി നിരന്നു. നാടൊന്നാകെ സമസ്ത അധ്യക്ഷനെ കാത്തിരിക്കുമ്പോൾ അവർക്കുള്ളിൽ ഏക ലക്ഷ്യം മാത്രം.. സന്ദേശ യാത്ര ഭംഗിയാക്കണം, ജിഫ്രി തങ്ങൾക്കും സമസ്ത നേതാക്കൾക്കും ഒരു ബുദ്ധിമുട്ടുമുണ്ടാവരുത്. ഇവർ ദിവസക്കൂലി പറഞ്ഞുറപ്പിച്ച ഇവന്റ് മാനേജ്മെന്റ് ടീമല്ല, ഇവരാണ് എസ്.കെ.എസ്.എസ്.എഫിന്റെ വിഖായയെന്ന നീലപ്പാട്ടാളം. അടിയന്തിര ഘട്ടങ്ങളെ നേരിടാൻ പ്രത്യേകം പരിശീലനം ലഭിച്ചവർ.
സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നയിക്കുന്ന ശതാബ്ദി സന്ദേശ യാത്രയുടെ തുടക്കം മുതൽ ഇവർ കൂടെയുണ്ട്. യാത്രക്കായി പ്രത്യേകം പരിശീലനം നൽകിയ 15 വിഖായ അംഗങ്ങളും മുഴുസമയം കൂടെയുള്ള 45 ആക്റ്റീവ് വിംഗ് അംഗങ്ങളുമാണ് സന്ദേശയാത്രയിലെ വിഖായ ടീം. ജാഥാ നായകന്റെ മുന്നിലും പിന്നിലുമായി 15 അംഗ വിഖായ സ്പെഷ്യൽ സ്‌ക്വാഡ് സംഘം സഞ്ചരിക്കുമ്പോൾ ബാക്കിയുള്ളവർ വിവിധയിടങ്ങളിലായിരിക്കും. ചിലർ കിലോമീറ്ററുകൾക്കപ്പുറത്ത് വഴികാട്ടികളായി. ചിലർ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാവാതിരിക്കാൻ ഗതാഗതം സുഖമമാക്കാനുള്ള കഠിന പ്രയത്നത്തിലും. ഇവരാരും പ്രതിഫലം ആഗ്രഹിച്ചു വന്നവരല്ല, സമസ്തയോടുള്ള അതിയായ സ്‌നേഹമാണ് ഇവരെ ജോലിയെല്ലാം ഉപേക്ഷിച്ച് 10 ദിവസം സന്ദേശ യാത്രയിൽ സേവനം ചെയ്യാൻ പ്രേരിപ്പിച്ചത്. നിരവധി തവണ പരിശീലനങ്ങളും നിർദേശങ്ങളും നൽകിയാണ് ഇവരെ ഇത്തരമൊരു യാത്രക്ക് സജ്ജരാക്കിയത്. സമസ്ത നൂറാം വാർഷികത്തിന്റെ ലോഗോയും പതിപ്പിച്ച പ്രത്യേക വസ്ത്രങ്ങളുമായി ഇവരുടെ ചിട്ടയായ പ്രവർത്തനം ചിലരുടെ ഉള്ളിലെങ്കിലും ഇതൊരു ഇവന്റ് മാനേജ്മെന്റ് ടീമാണെന്ന് തോന്നുലുണ്ടാക്കിയേക്കാം. അവരതൊന്നും ശ്രദ്ധിക്കാറില്ല. ജാഥ ഭംഗിയാക്കണം. അതിനായി തങ്ങളാലാവുന്ന സംഭാവനകൾ നൽകണം. അത് മാത്രമാണ് അവരുടെ ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."