ചരിത്ര സഞ്ചാരം ജനഹൃദയങ്ങളിൽ; സമസ്ത ശതാബ്ദി സന്ദേശയാത്രയ്ക്ക് മംഗളൂരുവിൽ പ്രൗഢ സമാപനം
മംഗളൂരു: ആകാശത്തുനിന്ന് നോക്കിയാൽ ഭൂമിയെ പൊതിഞ്ഞ് വെളുത്ത തലപ്പാവണിഞ്ഞ മനുഷ്യാരവം. നിലത്തുനിന്നായാൽ ആർത്തിരമ്പുന്ന തിരമാലയായി വിശ്വാസികളുടെ കൂട്ടം. ആ മനുഷ്യസാഗരത്തിന് നടുവിൽ പാരമ്പര്യത്തിന്റെ തനിമയിൽ നൂറ്റാണ്ടൊന്ന് തികയ്ക്കുന്ന ആദർശ സംഘശക്തിയുടെ അജയ്യനായകൻ സയ്യിദുൽ ഉലമ...മംഗളൂരുവിന്റെ മണ്ണിൽ സമസ്തയുടെ ധ്വജമടയാളപ്പെടുത്തി ശതാബ്ദി സന്ദേശയാത്രയുടെ സമാപനത്തിന് രാജകീയ വരവേൽപ്പ്.
നാഗർകോവിലിൽനിന്ന് ഉദിച്ചുയർന്ന സമസ്തയുടെ ശതാബ്ദി സന്ദേശ യാത്ര കേരളത്തിൽ ജ്വലിച്ച് മംഗളൂരുവിൽ പതിനായിരങ്ങളെ സാക്ഷിയാക്കി ഇന്നലെ അവസാനിച്ചു. അവസാന സ്വീകരണ കേന്ദ്രമായ കാസർകോടും പൂർത്തിയാക്കിയാണ് വൈകുന്നേരം സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്്രി മുത്തുക്കോയ തങ്ങൾ നയിക്കുന്ന സന്ദേശയാത്ര കർണാടകയിലേക്കു കടന്നത്. കർണാടക പൊലിസിന്റെ നിർദേശങ്ങൾ പാലിച്ച് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് സമാപന സമ്മേളന നഗരിയായ മംഗളൂരു അഡ്യാർ കണ്ണൂരിലേക്ക് എത്തിയത്. കർണാടക, കേരളം എന്നിവിടങ്ങളിൽനിന്ന് പ്രവർത്തകർ കുത്തിയൊഴുകിയതോടെ സമ്മേളന നഗരി ജനസാഗരമായി.
സമസ്തയുടെ ഒരു നൂറ്റാണ്ട് ചരിത്രം അടയാളപ്പെടുത്തി മൂന്ന് സംസ്ഥാനങ്ങളിലൂടെ സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ നയിച്ച ശതാബ്ദി സന്ദേശയാത്രയ്ക്ക് 18 കേന്ദ്രങ്ങളിൽ സ്‌നേഹോഷ്മള സ്വീകരണമാണ് ലഭിച്ചത്. കഴിഞ്ഞ 18ന് സമസ്ത ജന.സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്്‌ലിയാരിൽനിന്ന് സമസ്തയുടെ പതാക ജാഥാനായകൻ ജിഫ്‌രി തങ്ങൾ ഏറ്റുവാങ്ങി 19ന് തമിഴ്നാട്ടിലെ നാഗർകോവിലിൽനിന്നാണ് സന്ദേശ യാത്ര ആരംഭിച്ചത്. പിന്നീട് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ഈസ്റ്റ്, മലപ്പുറം വെസ്റ്റ്, പാലക്കാട്, നീലഗിരി, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട്, മംഗളൂരു ജില്ലകളിലായി 18 കേന്ദ്രങ്ങളിലായി പ്രൗഢോജ്വല സ്വീകരണമാണ് സന്ദേശ യാത്രയ്ക്കു ലഭിച്ചത്. ജാതിമത, രാഷ്ട്രീയ ഭേദമന്യേ മൂന്ന് സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ സ്നേഹവായ്പ് ഏറ്റുവാങ്ങിയാണ് സന്ദേശ യാത്ര മംഗളൂരുവിൽ പതിനായിരങ്ങളെ സാക്ഷിയാക്കി സമാപിച്ചത്.
കാസർകോട് കുണിയയിൽ 2026 ഫെബ്രുവരി 4 മുതൽ 8 വരെ നടക്കുന്ന സമസ്ത നൂറാം വാർഷികത്തിന്റെ പ്രചാരണ സന്ദേശവുമായാണ് 10 ദിവസത്തെ സന്ദേശയാത്ര സംഘടിപ്പിച്ചത്. സമസ്തയിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുകയും കൂടുതൽ ജനകീയത കൈവരിച്ചുമാണ് ഓരോ ജില്ലയിലൂടെയും യാത്ര കടന്നുപോയത്. സമസ്തയുടെ ആശയ ആദർശ പ്രചാരണം, വിദ്യാഭ്യാസ പദ്ധതികൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, സാമൂഹ്യ- സാംസ്‌കാരിക പ്രവർത്തനങ്ങൾ, നൂറാം വാർഷിക പദ്ധതികൾ, നൂറാം വാർഷികത്തിലേക്ക് ജനങ്ങളെ ക്ഷണിക്കൽ തുടങ്ങിയവ പറയുന്നതായിരുന്നു യാത്ര.
ജാതിമത ഭേദമന്യേ പൊതുപ്രവർത്തകർ, വിവിധ രാഷ്ട്രീയ ധാരയിലുള്ളവർ, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, കേരളത്തിലേയും തമിഴ്നാട്ടിലേയും മന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ, എം.പിമാർ, എം.എൽ.എമാർ, നഗരസഭ, കോർപറേഷൻ കൗൺസിലർമാർ, വിവിധ മതസ്ഥർ അടക്കം സന്ദേശ യാത്രയുടെ പൊതുവേദികളിൽ സംവദിക്കാനെത്തി. വർഗീയത, മതവിദ്വേഷം, അസഹിഷ്ണുത, ന്യൂനപക്ഷവിരുദ്ധത തുടങ്ങിയവയ്‌ക്കെതിരേയും ജനാധിപത്യ മതേതരത്വത്തെ ഊന്നിപ്പറഞ്ഞുമായിരുന്നു സമസ്ത അധ്യക്ഷന്റെ 10 ദിവസത്തെ പ്രയാണം പൂർത്തിയാക്കിയത്. മതനവീനവാദങ്ങളും മതരാഷ്ട്രവാദവുമടക്കമുള്ളവയോട് വിയോജിപ്പും പ്രകടിപ്പിച്ചാണ് യാത്ര മുന്നേറിയത്.
മംഗളൂരു അടയാർ കണ്ണൂരിൽ നടന്ന സമാപന സമ്മേളനം കർണാടക സ്പീക്കർ യു.ടി ഖാദർ ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം ബംബ്രാണ അബ്ദുൽ ഖാദർ ഖാസിമി അധ്യക്ഷനായി. സമസ്ത കേന്ദ്ര മുശാവറ അംഗം ത്വാഖാ അഹമ്മദ് മൗലവി പ്രാർഥന നടത്തി. കേന്ദ്ര മുശാവറ അംഗം ഉസ്മാൻ ഫൈസി തോടാർ ആമുഖ ഭാഷണം നടത്തി. കെ.എസ് അലി തങ്ങൾ കുമ്പോൽ ജാഥാ നായകൻ സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങളെ സ്ഥാനവസ്ത്രവും തലപ്പാവുമണിയിച്ചു. ജാഥാ ഉപനായകരായ എം.ടി അബ്ദുല്ല മുസ്‌ലിയാർ, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, ജാഥാ ഡയരക്ടർ കെ. ഉമർ ഫൈസി മുക്കം, കോഡിനേറ്റർ അബ്ദുസലാം ബാഖവി വടക്കെക്കാട്, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ അബ്ദുല്ല ഫൈസി കൊടക്, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാർ, കെ.പി.സി.സി സെക്രട്ടറി ഇനായത് അലി സംസാരിച്ചു.
അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, സത്താർ പന്തല്ലൂർ, സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ വിഷയാവതരണം നടത്തി. യു.ടി ഇഫ്തിഖാർ അലി 10 ലക്ഷം രൂപയുടെ ഉപഹാരം സമസ്തയ്ക്ക് കൈമാറി.
കുമ്പോൽ കുഞ്ഞിക്കോയ തങ്ങൾ, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ വാക്കോട് മൊയ്തീൻ കുട്ടി ഫൈസി, എ.വി അബ്ദുറഹ്‌മാൻ മുസ്‌ലിയാർ, അസ്ഗറലി ഫൈസി പട്ടിക്കാട്, ഉസ്മാൻ ഫൈസി തോടാർ, അബ്ദുല്ല ഫൈസി കൊടക്, സി.കെ അബ്ദുറഹ്‌മാൻ ഫൈസി അരിപ്ര, അബ്ദുൽ ഗഫൂർ അൻവരി, ശരീഫ് ബാഖവി കണ്ണൂർ, അലവി ഫൈസി കുളപ്പറമ്പ്, ഒളവണ്ണ അബൂബക്കർ ദാരിമി, ബഷീർ ഫൈസി ചീക്കോന്ന്, ജാഥാ അസി. കോഡിനേറ്റർ കെ.മോയിൻ കുട്ടി മാസ്റ്റർ, പാണക്കാട് സാബിഖലി ശിഹാബ് തങ്ങൾ, മൂസ ഹാജി സുംഗതഘട്ട, കർണാടക മുൻമന്ത്രി റവുണ തറൈ, കെ.പി.സി.സി സെക്രട്ടറി ഇനായത്ത് അലി, ദക്ഷിണ കേരള എസ്.വൈ.എസ് പ്രസിഡന്റ് അസീസ് ദാരിമി ചൊക്കബെട്ടു, കർണാടക എസ്.കെ.എസ്.എസ്.എഫ് സെക്രട്ടറി അനീസ് കൗസരി സംബന്ധിച്ചു. സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി സമാപന പ്രാർഥനയ്ക്ക് നേതൃത്വം നൽകി.
the samasta centenary message journey had a grand conclusion in mangaluru.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."