ബ്രസീലിയൻ ഇതിഹാസം റോബർട്ടോ കാർലോസിന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി
റിയോ ഡി ജനെയ്‌റോ: ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസവും റയൽ മാഡ്രിഡ് അംബാസഡറുമായ റോബർട്ടോ കാർലോസിനെ (52) അടിയന്തര ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ബ്രസീലിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ നടത്തിയ പതിവ് പരിശോധനയിലാണ് ഹൃദയസംബന്ധമായ ഗുരുതര പ്രശ്നം കണ്ടെത്തിയത്. സ്പാനിഷ് കായിക മാധ്യമമായ 'എഎസ്' ആണ് ഈ വാർത്ത പുറത്തുവിട്ടത്.
ശസ്ത്രക്രിയയിലേക്ക് നയിച്ച സാഹചര്യം:
പതിവ് വൈദ്യപരിശോധനയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ കാർലോസിന്റെ കാലിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്ന് നടത്തിയ ഫുൾ ബോഡി എംആർഐ (MRI) പരിശോധനയിലാണ് താരത്തിന്റെ ഹൃദയമിടിപ്പിൽ വ്യതിയാനമുള്ളതായും ഹൃദയപ്രവർത്തനം കൃത്യമല്ലെന്നും വ്യക്തമായത്. ഇതോടെ ഡോക്ടർമാർ അടിയന്തരമായി കത്തീറ്റർ ഘടിപ്പിക്കാനുള്ള ശസ്ത്രക്രിയ നിർദ്ദേശിക്കുകയായിരുന്നു.
മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയ:
സാധാരണഗതിയിൽ 40 മിനിറ്റ് കൊണ്ട് പൂർത്തിയാകേണ്ട ശസ്ത്രക്രിയ ചില സങ്കീർണ്ണതകൾ കാരണം മൂന്ന് മണിക്കൂറോളമാണ് നീണ്ടുനിന്നത്. എങ്കിലും ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായെന്നും കാർലോസ് നിലവിൽ സുഖം പ്രാപിച്ചുവരികയാണെന്നും അദ്ദേഹത്തിന്റെ പ്രതിനിധി അറിയിച്ചു.
ലോകം കണ്ട മികച്ച ലെഫ്റ്റ് ബാക്ക്:
ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ലെഫ്റ്റ് ബാക്കുകളിൽ ഒരാളായാണ് റോബർട്ടോ കാർലോസ് അറിയപ്പെടുന്നത്.ബ്രസീൽ ദേശീയ ടീമിനായി 127 മത്സരങ്ങളിൽ നിന്നായി 11 ഗോളുകളും.റയൽ മാഡ്രിഡിനായി ക്ലബ്ബ് കരിയറിൽ 584 മത്സരങ്ങൾ, 71 ഗോളുകളും നേടിയിട്ടുണ്ട്.
അതിവേഗത്തിലുള്ള ഓട്ടവും ഫിസിക്സ് നിയമങ്ങളെപ്പോലും വെല്ലുവിളിക്കുന്ന 'ബനാന' ഫ്രീ കിക്കുകളുമാണ് കാർലോസിനെ ലോകപ്രശസ്തനാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."