ആദ്യമെത്തി ക്യൂ നിന്നിട്ടും പേരു വിളിച്ചില്ല; പ്രതിഷേധവുമായി രാജ്മോഹന്‍ ഉണ്ണിത്താന്; കാസര്‍കോട് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തില്‍ തര്‍ക്കം
കാസര്‍കോട്: കാസര്‍കോട് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള ടോക്കണിന്റെ പേരില്‍ തര്‍ക്കം. ജില്ലാ സിവില്‍ സ്റ്റേഷനിലെ ക്യൂവില്‍ ആദ്യം നിന്ന തനിക്ക് ആദ്യത്തെ ടോക്കണ്‍ നല്‍കിയില്ലെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എം.പിയുമായ രാജ്മോഹന്‍ ഉണ്ണിത്താന് ആരോപിച്ചു. ഒന്‍പത് മണി മുതല്‍ ക്യൂവില്‍ നില്ക്കുന്ന തന്നെ തഴഞ്ഞ് ആദ്യ ടോക്കണ്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വി ബാലകൃഷ്ണന് നല്കാന് ശ്രമിച്ചെന്നാണ് അദ്ദേഹം പറയുന്നത്.
ഇതിനെത്തുടര്‍ന്ന് രാജ് മോഹന്‍ ഉണ്ണിത്താന് കളക്ടറുടെ ചേംബറിനു മുന്നില്‍ പ്രതിഷേധിച്ചു.
'തെരഞ്ഞെടുപ്പില്‍ മര്യാദകേട് കാണിക്കുകയാണോ?. റിട്ടേണിങ് ഓഫീസര്‍ രാഷ്ട്രീയം കളിക്കുകയാണോ?. പൊലീസും രാഷ്ട്രീയം കളിക്കുകയാണോ?. ഭരിക്കുന്നവരെക്കൊണ്ടേ ആദ്യം പത്രിക കൊടുപ്പിക്കൂ എങ്കില്‍ അക്കാര്യം പറഞ്ഞാല്‍ മതി. കലക്ടറേറ്റ് തുറന്നപ്പോള്‍ ആരാണോ ആദ്യം നിന്നത് അവര്‍ക്കാണ് ആദ്യത്തെ ടോക്കണ്‍ കൊടുക്കേണ്ടത്'. ഉണ്ണിത്താന് പറഞ്ഞു.
എന്നാല്‍, രാവിലെ ഏഴ് മണി മുതല്‍ എല്‍.ഡി.എഫ്.സ്ഥാനാര്‍ഥിയുടെ നിര്ദേശകന് സി.സി.ടി.വി.ക്ക് മുന്നില്‍ എത്തിയിരുന്നുവെന്നതിന്റെ അടിസ്ഥാനത്തില്‍ എം.വി.ബാലകൃഷ്ണന് ഒന്നാം ടോക്കണ്‍ അനുവദിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."