യുവാവിന്റെ ആത്മഹത്യ: ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി ചൊവ്വാഴ്ച; പൊലിസിന്റെ റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ
കോഴിക്കോട്: സ്വകാര്യ ബസിനുള്ളിൽ വെച്ച് വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിൽ, പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതി ചൊവ്വാഴ്ച വിധി പറയും. കോടതിയിൽ വാദം ഇന്ന് പൂർത്തിയായി. നിലവിൽ മഞ്ചേരി ജയിലിൽ റിമാൻഡിൽ കഴിയുകയാണ് ഷിംജിത.
ജാമ്യം നൽകുന്നതിനെ ശക്തമായി എതിർത്തുകൊണ്ട് മെഡിക്കൽ കോളേജ് പൊലിസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. പൊലിസിന്റെ പ്രധാന വാദങ്ങൾ
അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്. ഈ സാഹചര്യത്തിൽ പ്രതിക്ക് ജാമ്യം നൽകുന്നത് സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും ഇടയാക്കും. സമൂഹവിചാരണ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഷിംജിത വീഡിയോ ചിത്രീകരിച്ചത്. ദീപക്കിനെ അപമാനിക്കാൻ ലക്ഷ്യമിട്ട് ഏഴോളം വീഡിയോകളാണ് ഷിംജിത പകർത്തിയത്. ഇതിൽ ചിലത് പിന്നീട് ഡിലീറ്റ് ചെയ്തു. ഇവ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.
റിമാൻഡ് റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾ
ഷിംജിതയുടെ ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കളയുന്നതാണ് പൊലിസിന്റെ റിമാൻഡ് റിപ്പോർട്ട്. ബസിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഷിംജിത ആരോപിക്കുന്നത് പോലെ മോശമായ പെരുമാറ്റം ദീപക്കിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. സംഭവസമയത്ത് ബസിലുണ്ടായിരുന്ന യാത്രക്കാരോ ജീവനക്കാരോ ദീപക്കിനെതിരെ പരാതിപ്പെട്ടിട്ടില്ല. ബസിൽ നിന്ന് ഇറങ്ങുമ്പോൾ ഇരുവരും സാധാരണ നിലയിലായിരുന്നു. ദീപക്കിനെ പരസ്യമായി അപമാനിക്കണമെന്ന ഉദ്ദേശത്തോടെയാണ് വീഡിയോകൾ പ്രചരിപ്പിച്ചതെന്നും ഇതിൽ മനംനൊന്താണ് ദീപക് ജീവനൊടുക്കിയതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
എന്നാൽ, ആത്മഹത്യാ പ്രേരണാക്കുറ്റം നിലനിൽക്കില്ലെന്നാണ് പ്രതിഭാഗം അഭിഭാഷകർ കോടതിയിൽ വാദിച്ചത്. ദീപക്കിനെ ഷിംജിതയ്ക്ക് മുൻപരിചയമില്ലെന്നും വീഡിയോ ചിത്രീകരിച്ചത് ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കാനല്ലെന്നുമാണ് ഇവരുടെ നിലപാട്.
ഈ മാസം 16-നാണ് സ്വകാര്യ ബസിൽ വെച്ച് ദീപക്കിന്റെ വീഡിയോ ഷിംജിത പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വീഡിയോ വൈറലായതോടെ അടുത്ത ദിവസം ദീപക് ആത്മഹത്യ ചെയ്തു. സംഭവം വിവാദമായതോടെ ഒളിവിൽ പോയ ഷിംജിതയെ അഞ്ച് ദിവസത്തിന് ശേഷം ബന്ധുവീട്ടിൽ നിന്നാണ് പൊലിസ് പിടികൂടിയത്.
A court in Kozhikode will rule this Tuesday on the bail plea of Shimjitha Mustafa, who was arrested for abetting the suicide of a youth named Deepak. After Shimjitha filmed and shared a video of Deepak on a bus alleging misconduct, the clip went viral, leading him to take his own life.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."