'എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി എസ്പി'; മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിന് നടപടി നേരിട്ട സി.പി.ഒയുടെ 'മരണമൊഴി' ഫെയ്‌സ്ബുക്കിൽ
തൃശൂർ: മുഖ്യമന്ത്രിയെയും സർക്കാരിനെയും സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചതിന് മെമ്മോ ലഭിച്ച സിവിൽ പൊലിസ് ഓഫീസർ (CPO) ആത്മഹത്യാ ഭീഷണി മുഴക്കി ഫെയ്‌സ്ബുക്കിൽ കുറിപ്പിട്ടു. വാടാനപ്പള്ളി പൊലിസ് സ്റ്റേഷനിലെ സി.പി.ഒ ആയ സി.എം. ജ്യോതിഷാണ് 'മരണമൊഴിയായി കണക്കാക്കണം' എന്ന മുഖവുരയോടെ തൃശൂർ റൂറൽ എസ്പിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിലെ പ്രധാന ആരോപണങ്ങൾ
നിലവിൽ ദീർഘകാല അവധിയിലുള്ള ജ്യോതിഷ്, നാളെ തനിക്ക് എന്ത് സംഭവിച്ചാലും അതിന്റെ പൂർണ്ണ ഉത്തരവാദിത്തം തൃശൂർ റൂറൽ എസ്പിക്കും അദ്ദേഹത്തിന്റെ സിൽബന്ധികൾക്കും ആയിരിക്കുമെന്ന് പോസ്റ്റിൽ കുറിച്ചു.
ഉന്നത ഉദ്യോഗസ്ഥർ തന്നെ നിരന്തരം വേട്ടയാടുകയാണ്.കണ്ണിലെ കരടായ ഉദ്യോഗസ്ഥരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നത് സേനയിലെ ചിലരുടെ സ്ഥിരം രീതിയാണ്.തന്നെ ഉപദ്രവിക്കുന്നവരുടെ പേരുകളും അവർക്കുള്ള പങ്കും കൃത്യമായി എഴുതി സുരക്ഷിതമായ സ്ഥാനങ്ങളിൽ ഏൽപ്പിച്ചിട്ടുണ്ടെന്നും കുറിപ്പിലുണ്ട്.
നടപടിക്ക് പിന്നിലെ കാരണം
മുഖ്യമന്ത്രിക്കും സർക്കാരിനും പൊലിസ് സേനയ്ക്കും എതിരെ നിരന്തരം സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇട്ടതിനാണ് ജ്യോതിഷിനെതിരെ അച്ചടക്ക നടപടി തുടങ്ങിയത്.സർക്കാരിന്റെ പ്രതിച്ഛായയ്ക്കും സേനയുടെ സൽപ്പേരിനും കളങ്കമുണ്ടാക്കിയെന്ന് കാണിച്ച് ഇരിങ്ങാലക്കുട ഡിവൈഎസ്പി കഴിഞ്ഞ ദിവസം മെമ്മോ നൽകി.
അന്വേഷണം:
സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.സ്പെഷ്യൽ ബ്രാഞ്ചിനെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും പേരെടുത്ത് പരാമർശിച്ച് പുതിയ പോസ്റ്റ് ഇട്ട സാഹചര്യത്തിൽ, സി.പി.ഒ ജ്യോതിഷിനെതിരെ കൂടുതൽ കർശനമായ അച്ചടക്ക നടപടികൾക്ക് ഒരുങ്ങുകയാണ് റൂറൽ പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."