In Depth Story | ഓരോ അഞ്ച് മിനുട്ടിലും അതിവേഗ ട്രെയിൻ; തിരുവനന്തപുരം - കണ്ണൂർ യാത്രയ്ക്ക് 3.15 മണിക്കൂർ, 22 സ്റ്റോപ്പുകളിൽ 'അസാധ്യ' ഇടങ്ങളും, പ്രത്യേകതകൾ ഏറെ
അതിവേഗ റെയിൽ കേരളത്തിൽ എത്തുമെന്ന വാർത്ത മെട്രോമാൻ ഇ. ശ്രീധരൻ പങ്കുവെച്ചതിന് പിന്നാലെ കേരളം ഒന്നാകെ ഇന്ന് ചർച്ച ചെയ്യുന്നത് അതിവേഗ റെയിൽവേയെ കുറിച്ചാണ്. സിൽവർ ലൈനിനെ ഒന്നാകെ എതിർത്ത കേരളം പക്ഷേ അതിവേഗ റെയിലിനെ സ്വീകരിക്കാനാണ് സാധ്യത. പദ്ധതിയുടെ 70 ശതമാനവും എലിവേറ്റഡ് ആയാണ് നിർമിക്കുന്നത് എന്നതിനാൽ വലിയ തോതിൽ സ്ഥലം ഏറ്റെടുക്കേണ്ടി വരില്ല. ഏറ്റെടുക്കുന്ന സ്ഥലങ്ങളിൽ തന്നെ തൂണുകൾ നിർമിച്ച് കഴിഞ്ഞാൽ ബാക്കിയുള്ള ഇടം സ്ഥലത്തിന്റെ ഉടമയ്ക്ക് തന്നെ ഉപയോഗിക്കാം. നിർമാണ പ്രവൃത്തികൾ നടത്താൻ പറ്റിയില്ലെങ്കിലും കൃഷിയ്ക്കും മറ്റും ഉപയോഗിക്കാം. അതിനാൽ തന്നെ പ്രകൃതിയ്ക്കും വലിയ രീതിയിലുള്ള ദോഷം ഉണ്ടാകില്ല.
മെട്രോ റെയിലോ അതിവേഗ പാത
മെട്രോ റെയിലിന്റെ സമാനമാണ് അതിവേഗ റെയിൽപാത എന്ന് പെട്ടെന്ന് മനസിലാക്കാൻ വേണ്ടി പറയാം. മെട്രോ പോലെ ചുരുങ്ങിയ ഇടവേളകളിൽ ട്രെയിൻ സർവീസ് നടത്തും. ഓരോ അഞ്ച് മിനുട്ടിലും ഉണ്ടാകുമെന്നാണ് പ്രാഥമിക വിവരം. തിരക്കിനും പീക്ക് സമയത്തിനുമനുസരിച്ച് ഇടവേളകൾ കൂടുകയും കുറയുകയും ചെയ്യാം. മെട്രോയെക്കാൾ അതിവേഗം ഈ ട്രെയിനുകൾ സഞ്ചരിക്കും.
അതിവേഗം, കുറയുന്ന ദൂരം
വേഗത്തിൽ കേരളത്തിലൂടെ ഓടുന്ന എല്ലാ ട്രെയിനുകളെയും വെല്ലുന്നതാണ് അതിവേഗ പാതയിലൂടെ പോകുന്ന ട്രെയിനുകളുടെ വേഗം. മണിക്കൂറിൽ പരമാവധി 200 കിലോ മീറ്റർ വേഗത്തിൽ ട്രെയിൻ കുതിച്ചുപായും. 22 സ്റ്റേഷനുകളിൽ നിർത്തിയാകും ട്രെയിനിന്റെ സഞ്ചാരമെങ്കിലും ഈ അതിവേഗത മൊത്തം യാത്രാ സമയം ഗണ്യമായി കുറയ്ക്കും.
നിലവിൽ കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളുടെ വേഗത്തിന്റെ ഇരട്ടിയിലേറെ വേഗതയിലാണ് അതിവേഗ ട്രെയിൻ സഞ്ചരിക്കുക. ട്രെയിൻ നിർത്തുമ്പോഴും എടുക്കുമ്പോഴുമുള്ള സമയനഷ്ടവും വളരെ കുറവാകും. നിലവിൽ തിരുവനന്തപുരത്ത് നിന്നും കണ്ണൂർ വരെ എത്താൻ 10 മണിക്കൂറിലേറെ സമയമെടുക്കുമ്പോൾ അതിവേഗ ട്രെയിനിന് ആവശ്യമായി വരിക മൂന്നേകാൽ (3.15) മണിക്കൂർ മാത്രമാണ്.
എത്താത്ത ഇടങ്ങളിലേക്കും നീളുന്ന പാത
കേരളത്തിലാകെ 22 സ്റ്റോപ്പുകൾ ട്രെയിനിന് ഉണ്ടാകും. ഇതിൽ തന്നെ പല സ്റ്റേഷനുകളും ഇന്നേവരെ ട്രെയിൻ ഗതാഗതം കയറിചെല്ലാത്ത ഇടങ്ങളാണ്. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയും, മലപ്പുറം ജില്ലയിലെ എടപ്പാളും കരിപ്പൂരുമെല്ലാം അത്തരം സ്ഥലങ്ങളാണ്. സ്റ്റേഷനുകളിലെ മറ്റൊരു പ്രത്യേകത കേരളത്തിലെ പ്രധാന വിമാനത്താവളങ്ങളെ കൂടി ബന്ധിപ്പിക്കുന്നതാണ് ഈ പാത.
കണക്റ്റിംഗ് എയർപോർട്ട്സ്
തിരുവനന്തപുരത്ത് നിന്നാരംഭിക്കുന്ന യാത്രയുടെ ആദ്യ സ്റ്റോപ്പ് തന്നെ തിരുവനന്തപുരം വിമാനത്താവളമാണ്. പിന്നീട് എറണാകുളത്തെ നെടുമ്പാശേരി വിമാനത്താവളത്തിലും മലപ്പുറം ജില്ലയിലുള്ള കരിപ്പൂർ വിമാനത്താവളത്തിലും (കോഴിക്കോട് വിമാനത്താവളം) ട്രെയിൻ എത്തും. തലശ്ശേരിയിലും കണ്ണൂരും നിർത്തുന്ന ട്രെയിൻ കണ്ണൂർ വിമാനത്താവളത്തിലേക്ക് എത്തുന്നവർക്കും സൗകര്യപ്രദമാകും.
സ്റ്റേഷനുകൾ
- തിരുവനന്തപുരം സെൻട്രൽ
- തിരുവനന്തപുരം എയർപോർട്ട്
- വർക്കല
- കൊല്ലം
- കൊട്ടാരക്കര
- അടൂർ
- ചെങ്ങന്നൂർ
- കോട്ടയം
- വൈക്കം
- എറണാകുളം
- ആലുവ
- നെടുമ്പാശേരി
- തൃശൂർ
- കുന്നംകുളം
- എടപ്പാൾ
- തിരൂർ
- കരിപ്പൂർ
- കോഴിക്കോട്
- കൊയിലാണ്ടി
- വടകര
- തലശ്ശേരി
- കണ്ണൂർ
പുറത്താക്കപ്പെടുന്ന കാസർകോട്
കേരളത്തിലേക്ക് ഒരു വമ്പൻ പദ്ധതി വരുമ്പോൾ അത് കേരളത്തിലെ ഓരോ ജനതയ്ക്കും ഗുണം ചെയ്യുന്നത് ആകണം. എന്നാൽ, എക്കാലത്തും അകറ്റി നിർത്തപ്പെടുന്ന കാസർകോട് ഈ പദ്ധതിക്കും പുറത്താണ്. പണിഷ്മെന്റ് ട്രാൻസ്ഫർ നൽകാനുള്ള ഇടം മാത്രമായി ചിത്രീകരിക്കുന്ന കാസർകോടിനെ ഇതിൽ നിന്ന് പുറത്താക്കിയത് പ്രതിഷേധത്തിന് ഇടയാക്കും.
ആദ്യപഠനത്തിൽ യാത്രക്കാർ കുറവാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കാസർകോടിനെ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയത്. എന്നാൽ വിശദമായ ഡിപിആർ തയ്യാറാകുമ്പോൾ കാസർകോടിനെ ഉൾപ്പെടുത്തുമോ എന്നും കണ്ടറിയണം.
ലക്ഷം കോടി, ലക്ഷ്യം അതിവേഗം
ആകെ ഒരു ലക്ഷം കോടിയോളം രൂപ വരുമെന്നാണ് പദ്ധതിയുടെ മുന്നിൽ നിൽക്കുന്ന മെട്രോമാൻ ഇ. ശ്രീധരന്റെ കണക്കുകൂട്ടൽ. 70 ശതമാനം എലവേറ്റഡ് പാതയായിരിക്കും. 20 ശതമാനം തുരങ്കപാതയും ഉണ്ടാകും. ബാക്കി 10 ശതമാനം മാത്രമാണ് ഭൂമിയിലൂടെ ഓടുക. പദ്ധതി ആരംഭിച്ചാൽ അഞ്ച് വർഷത്തിനകം നിർമാണം പൂർത്തിയാക്കുമെന്നാണ് കണക്കുകൂട്ടൽ.
തുടക്കത്തിൽ എട്ട് കോച്ചുകളുള്ള ട്രെയിനുകളാകും ഉണ്ടാവുക. ഇതിൽ ഒരേസമയം 560 പേർക്ക് യാത്ര ചെയ്യാം. ഓരോ അഞ്ച് മിനുട്ടിലും ട്രെയിനുകൾ ഉണ്ടെന്നതിനാൽ യാത്രാ സൗകര്യം വർധിക്കും. ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ്, ജനറൽ എന്നിങ്ങനെ മൂന്ന് വിഭാഗം സീറ്റുകളാണ് ഉണ്ടാവുക.
പ്രഖ്യാപനം ഉടൻ
ഇന്ന് മലപ്പുറത്ത് നടത്തിയ വാർത്ത സമ്മേളനത്തിൽ 15 ദിവസത്തിനകം പദ്ധതിയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ഇ. ശ്രീധരൻ അറിയിച്ചത്. ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന വേളയിലാകും പ്രഖ്യാപനമെന്നാണ് കണക്കുകൂട്ടുന്നത്. മുൻവർഷങ്ങളിലെ ബജറ്റിൽ കേരളത്തോട് അവഗണന കാണിക്കുന്ന കേന്ദ്രം, നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽ എത്തി നിൽക്കുന്ന ഘട്ടത്തിൽ കേരളത്തിലേക്ക് ഈ പദ്ധതി പ്രഖ്യാപിക്കാൻ തന്നെയാണ് സാധ്യത. പ്രഖ്യാപനം നടപ്പിലാക്കുമോ എന്ന് മാത്രമാണ് കണ്ടറിയേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."