HOME
DETAILS
MAL
ആസിഡ് ആക്രമണം: പ്രതിയുടെ സ്വത്ത് കണ്ടുകെട്ടി ഇരയ്ക്ക് നൽകിക്കൂടെ? കർശന നിയമനിർമ്മാണത്തിന് സുപ്രീം കോടതി നിർദ്ദേശം
January 27, 2026 | 5:18 PM
ന്യൂഡൽഹി: രാജ്യത്ത് ആസിഡ് ആക്രമണ കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ അതീവ ഗൗരവകരമായ നിരീക്ഷണങ്ങളുമായി സുപ്രീം കോടതി. ആസിഡ് ആക്രമണത്തിന് ഇരയായവർക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും കുറ്റവാളികൾക്ക് അസാധാരണമായ ശിക്ഷാ നടപടികൾ നൽകണമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് തേടിയത്.
കോടതിയുടെ പ്രധാന നിരീക്ഷണങ്ങൾ:
- സ്വത്ത് കണ്ടുകെട്ടൽ:
ആസിഡ് ആക്രമണക്കേസിലെ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയാൽ, അയാളുടെ സ്വത്ത് വകകൾ കണ്ടുകെട്ടി ലേലം ചെയ്യണം. ഈ തുക ഇരയായ വ്യക്തിയുടെ ചികിത്സയ്ക്കും പുനരധിവാസത്തിനുമായി നഷ്ടപരിഹാരമായി നൽകിക്കൂടേ എന്ന് കോടതി ചോദിച്ചു. - അസാധാരണ ശിക്ഷ:
നിയമത്തിനതീതമായി തന്നെ ഇത്തരം കേസുകളിൽ അസാധാരണമായ ശിക്ഷാ നടപടികൾ ഉണ്ടാകണം. എങ്കിൽ മാത്രമേ സമൂഹത്തിൽ ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ സാധിക്കൂ എന്ന് കോടതി നിരീക്ഷിച്ചു. - കേന്ദ്ര നിയമനിർമ്മാണം:
ആസിഡ് ആക്രമണങ്ങൾ തടയുന്നതിനും കുറ്റവാളികൾക്ക് കഠിനമായ ശിക്ഷ ഉറപ്പാക്കുന്നതിനും കേന്ദ്ര സർക്കാർ പുതിയ നിയമനിർമ്മാണം നടത്തേണ്ടത് അനിവാര്യമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
പൊതുതാൽപ്പര്യ ഹർജി:
ആസിഡ് ആക്രമണ കേസുകളിൽ കൃത്യമായ മാർഗനിർദ്ദേശങ്ങൾ വേണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിക്കുമ്പോഴാണ് കോടതി ഈ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചത്. ആസിഡ് വിൽപന നിയന്ത്രിക്കുന്നതിലും ഇരകളുടെ സംരക്ഷണത്തിലും നിലവിലുള്ള പോരായ്മകൾ പരിഹരിക്കപ്പെടണമെന്നും കോടതി കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."