ഇറാനിലെ ബന്ദർ അബ്ബാസിൽ ശക്തമായ സ്ഫോടനം; എട്ട് നില കെട്ടിടം തകർന്നു, രക്ഷാപ്രവർത്തനം തുടരുന്നു
തെഹ്‌റാൻ: ഇറാനിയൻ തുറമുഖ നഗരമായ ബന്ദർ അബ്ബാസിലെ ജനവാസ മേഖലയിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ എട്ട് നില കെട്ടിടം ഭാഗികമായി തകർന്നു. ശനിയാഴ്ച നഗരത്തിലെ മോലെം ബൊളിവാർഡ് പ്രദേശത്താണ് സംഭവം. സ്ഫോടനത്തിന്റെ ആഘാതത്തിൽ കെട്ടിടത്തിന്റെ രണ്ട് നിലകൾ പൂർണ്ണമായും തകരുകയും സമീപത്തുണ്ടായിരുന്ന നിരവധി വാഹനങ്ങൾക്കും കടകൾക്കും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.
സ്ഫോടനം നടന്ന ഉടൻ തന്നെ അഗ്നിശമനസേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. പരുക്കേറ്റവരെ അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റിയെന്നും എന്നാൽ നിലവിൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഹോർമോസ്ഗാൻ പ്രവിശ്യാ ക്രൈസിസ് മാനേജ്‌മെന്റ് ഡയറക്ടർ ജനറൽ മെഹർദാദ് ഹസ്സൻസാദെ അറിയിച്ചു. കെട്ടിടത്തിന്റെ മുൻഭാഗം തകർന്ന് അവശിഷ്ടങ്ങൾ തെരുവിലേക്ക് ചിതറിക്കിടക്കുന്ന ദൃശ്യങ്ങൾ സ്റ്റേറ്റ് ടെലിവിഷൻ പുറത്തുവിട്ടു.
മേഖലയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് സ്ഫോടനം നടന്നതെന്നത് ആശങ്ക വർധിപ്പിക്കുന്നു. സ്ഫോടനത്തിന് പിന്നിൽ അട്ടിമറി സാധ്യതയുണ്ടെന്ന തരത്തിൽ ഓൺലൈനിൽ പ്രചരിച്ച കിംവദന്തികൾ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) നിഷേധിച്ചു. തങ്ങളുടെ നാവികസേനയുടെ കെട്ടിടങ്ങളൊന്നും ലക്ഷ്യമിട്ടിട്ടില്ലെന്ന് അവർ വ്യക്തമാക്കി. സ്ഫോടനത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, ശനിയാഴ്ച ഇറാനിലെ മറ്റൊരു പ്രവിശ്യയായ ഖുസെസ്ഥാനിലെ അഹ്വാസ് നഗരത്തിലുണ്ടായ വാതക സ്ഫോടനത്തിൽ നാല് പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. കിയാൻഷഹർ പരിസരത്തെ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി തിരച്ചിൽ തുടരുകയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ അറിയിച്ചു.
a powerful explosion struck bandar abbas in iran, leading to the collapse of an eight-storey building. emergency teams have launched rescue operations, with authorities assessing casualties and damage amid ongoing relief efforts.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."