ഹൈദരാബാദിൽ മലയാളിയെ വെടിവെച്ച് വീഴ്ത്തി ലക്ഷങ്ങൾ കവർന്ന സംഭവം: അക്രമികൾക്കായി തിരച്ചിൽ തുടരുന്നു; പിന്നിൽ ക്വട്ടേഷൻ സംഘമെന്ന് സൂചന
ഹൈദരാബാദ്: ഹൈദരാബാദിൽ മലയാളി യുവാവിനെ വെടിവെച്ച് വീഴ്ത്തി ആറ് ലക്ഷം രൂപ കവർന്ന സംഭവത്തിൽ പ്രതികളെ ഇതുവരെ പിടികൂടാനായില്ല. കോഴിക്കോട് സ്വദേശി റിൻഷാദ് പി.വി (26) ആണ് ആക്രമിക്കപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ ഹൈദരാബാദിലെ കോട്ടി എന്ന പ്രദേശത്തുവെച്ചായിരുന്നു സംഭവം.
കുട്ടികളുടെ റെഡിമെയ്ഡ് വസ്ത്രങ്ങൾ മൊത്തവ്യാപാരമായി വാങ്ങാനാണ് റിൻഷാദ് ഹൈദരാബാദിലെത്തിയത്. ജനുവരി 7 മുതൽ നമ്പള്ളിയിലെ ബന്ധുവിനോടൊപ്പമായിരുന്നു താമസം. കച്ചവടം നടക്കാത്തതിനെത്തുടർന്ന് കയ്യിലുള്ള പണം ബാങ്കിൽ നിക്ഷേപിക്കാൻ റിൻഷാദ് തീരുമാനിച്ചു. ഇതിനായി ശനിയാഴ്ച രാവിലെ 7 മണിയോടെ കോട്ടിയിലെ എസ്.ബി.ഐ എടിഎമ്മിൽ പണം നിക്ഷേപിക്കാൻ എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്.
ബൈക്കിലെത്തിയ രണ്ട് പേർ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും റിൻഷാദിന്റെ കാലിന് വെടിവെക്കുകയുമായിരുന്നു. തുടർന്ന് 6 ലക്ഷം രൂപയടങ്ങിയ ബാഗും വാഹനത്തിന്റെ താക്കോലുമായി പ്രതികൾ കടന്നുകളയുകയായിരുന്നു.
റിൻഷാദിന്റെ കയ്യിൽ വലിയ തുകയുണ്ടെന്ന വിവരം അക്രമികൾക്ക് മുൻകൂട്ടി അറിയാമായിരുന്നു എന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. റിൻഷാദിന്റെ അടുത്ത ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ ഈ കവർച്ചയിൽ പങ്കുണ്ടോ എന്ന കാര്യവും പൊലിസ് ഗൗരവമായി അന്വേഷിക്കുന്നുണ്ട്.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് പ്രതികൾ ചാദർഘട്ട് വഴി കാച്ചിഗുഡയിലേക്ക് പോയതായി പൊലിസ് കണ്ടെത്തി. അവിടെ വെച്ച് വസ്ത്രം മാറിയ ശേഷമാണ് അവർ രക്ഷപ്പെട്ടത് എന്നും പൊലിസ് പറയുന്നു. കൊലപാതകശ്രമം, കവർച്ച, ആയുധ നിയമം തുടങ്ങിയ വകുപ്പുകൾ പ്രകാരം പൊലിസ് കേസെടുത്തിട്ടുണ്ട്.
പ്രതികളെ പിടികൂടാൻ ഹൈദരാബാദ് സിറ്റി പൊലിസ് പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. പരുക്കേറ്റ റിൻഷാദ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
a malayali man was shot and robbed of lakhs in hyderabad. police have intensified the search for the attackers, with initial indications pointing to a contract gang behind the crime.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."