നിതീഷിന് പിന്നാലെ മകനും; നിഷാന്ത് കുമാര്‍ ജെ.ഡി.യുവില്‍ ചേര്‍ന്നു
പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മകന്‍ നിഷാന്ത് കുമാര്‍ ജനതാദള്‍(യുണൈറ്റഡ്)പാര്‍ട്ടിയില്‍ ചേര്‍ന്നു. രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക കൊടുത്തതിന് പിന്നാലെ മുഖ്യമന്ത്രി പദവി ഉപേക്ഷിക്കാന്‍ നിതീഷ് ഒരുങ്ങുന്നതിന്റെ പശ്ചാത്തലത്തിലാണ് മകനെ പാര്‍ട്ടിയിലെത്തിക്കുന്നത്.
'എന്റെ അച്ഛന്‍ രാജ്യസഭയിലേക്ക് പോകാന്‍ തീരുമാനിച്ചു. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണ്, ഞാന്‍ അത് അംഗീകരിക്കുന്നു. ഞങ്ങള്‍ അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കും. പാര്‍ട്ടിയുടെയും ജനങ്ങളുടെയും വിശ്വാസത്തിനനുസരിച്ച് ജീവിക്കാനും സംഘടനയെ ശക്തിപ്പെടുത്താനും ഞാന്‍ ശ്രമിക്കും.'- പാര്‍ട്ടിയില്‍ ചേര്‍ന്നതിന് പിന്നാലെ നിഷാന്ത് പറഞ്ഞു.
പാര്‍ട്ടി അംഗത്വം നല്‍കിയ ശേഷം നിഷാന്തിനെ ബി.ജെ.പി മുഖ്യമന്ത്രിയുടെ കീഴില്‍ ഉപമുഖ്യമന്ത്രിയാക്കാനും പിന്നീട് പാര്‍ട്ടി നേതൃത്വത്തിലെത്തിക്കാനുമാണ് ജെ.ഡി.യുവില്‍ ധാരണ.
അതേസമയം, മുഖ്യമന്ത്രി പദവി ഒഴിയാനുള്ള നിതീഷ് കുമാറിന്റെ തീരുമാനത്തിനെതിരേ ജെ.ഡി.യുവില്‍ പ്രതിഷേധം ശക്തമാവുകയാണ്. ചില നേതാക്കളുടെ ഗൂഢാലോചനയുടെ ഫലമായാണ് നിതീഷ് പദവി ഒഴിയുന്നതെന്നും പാര്‍ട്ടിയെ ബി.ജെ.പിക്ക് കീഴില്‍ നിര്‍ത്താനുള്ള നീക്കമാണിതെന്നും നേതാക്കള്‍ ആരോപിക്കുന്നു.
ആരാണ് നിശാന്ത് കുമാര്‍?
ബിഹാറിലെ കരുത്തനായ രാഷ്ട്രീയ നേതാവിന്റെ മകനായിട്ടും ഇത്രകാലം നിശാന്ത് രാഷ്ട്രീയത്തില്‍ നിന്ന് അകലം പാലിച്ചിരുന്നു. ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ (മെസ്റ) നിന്ന് സോഫ്റ്റ്വെയര്‍ എന്‍ജിനീയറിങ് ബിരുദം നേടിയിട്ടുണ്ട്. 1975-ല്‍ ഭക്തിയാര്‍പൂരിലാണ് ജനനം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് പിതാവിനൊപ്പം പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടത് വലിയ ചര്‍ച്ചയായിരുന്നു.
രണ്ട് പതിറ്റാണ്ടായി ബിഹാര്‍ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായ നിതീഷ് കുമാര്‍ ദേശീയ രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, പാര്‍ട്ടിയെ നയിക്കാന്‍ അടുത്ത തലമുറയില്‍ നിന്നൊരാള്‍ വേണമെന്ന ആവശ്യം പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായിരുന്നു. അതേസമയം, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ നിതീഷ് കുമാറിന്റെ നേരിട്ടുള്ള നേതൃത്വം വേണമെന്ന് ആവശ്യപ്പെടുന്നവരും പാര്‍ട്ടിയിലുണ്ട്.
സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതോടെ പാര്‍ട്ടിയുടെ നിര്‍ണ്ണായക ചുമതലകള്‍ നിശാന്ത് കുമാറിന് കൈമാറിയേക്കും. നിതീഷ് കുമാറിന്റെ രാഷ്ട്രീയ പിന്‍ഗാമി എന്ന നിലയില്‍ നിശാന്തിന്റെ വരവ് ബിഹാര്‍ രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.
Nishant Kumar, the son of Nitish Kumar, has joined the Janata Dal (United) (JD(U)). His entry into the party comes amid ongoing political developments in Bihar and has sparked discussions about the possible expansion of the party’s leadership within the family.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."