മര്‍കസ് വിദ്യാര്‍ഥിനിയുടെ പരാതിയില്‍ നൗഷാദ് അഹ്‌സനിക്കെതിരേ കേസ്
കോഴിക്കോട്: ലൈംഗിക ചുവയുളള പരാമര്‍ശം നടത്തി അപമാനിച്ചുവെന്ന മര്‍ക്കസ് ലോ കോളജ് വിദ്യാര്‍ഥിനിയുടെ പരാതിയില്‍ മതപ്രഭാഷകനെതിരേ കുന്ദമംഗലം പൊലിസ് കേസെടുത്തു. കാന്തപുരം വിഭാഗംവിട്ട മതപ്രഭാഷകനായ നൗഷാദ് അഹ്‌സനിക്കെതിരേയാണ് പൊലിസ് കേസെടുത്തത്. ഓഗസ്റ്റ് 18ന് മര്‍കസിന്റെ വിവിധ സ്ഥാപനങ്ങളിലെ മുതിര്‍ന്ന പെണ്‍കുട്ടികളടക്കമുള്ളവരുമായി ധനമന്ത്രി തോമസ് ഐസക്ക് മുഖാമുഖം നടത്തിയിരുന്നു. തുടര്‍ന്ന് പരിപാടിയുടെ അവസാനം തോമസ് ഐസക്ക് വിദ്യാര്‍ഥിനികള്‍ക്ക് ഹസ്തദാനം നല്‍കുകയും ചെയ്തു. ഇതിനെ വിമര്‍ശിച്ച് നൗഷാദ് അഹ്‌സനി കോഴിക്കോട് കൊടുവള്ളിക്കടുത്ത് കരീറ്റിപറമ്പില്‍ നടത്തിയ പ്രസംഗത്തിലാണ് വിവാദ പരാമര്‍ശം നടത്തിയതും പെണ്‍കുട്ടി പരാതി നല്‍കിയതും.
സ്ത്രീകള്‍ അന്യപുരുഷന്‍മാരുമായി ഇടകലരരുതെന്ന് പഠിപ്പിക്കുന്ന സംഘടനയുടെ നിയന്ത്രണത്തിലുളള സ്ഥാപനത്തില്‍ പണ്ഡിതരുടെ സാന്നിധ്യത്തില്‍ അനിസ്‌ലാമിക കാര്യങ്ങള്‍ നടന്നുവെന്നായിരുന്നു നൗഷാദ് അഹ്‌സനിയുടെ പ്രസംഗം. നേരത്തെ ധനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ കാന്തപുരം എ.പി അബൂബകര്‍ മുസ്‌ലിയാര്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. എ.പി മുഹമ്മദ് മുസ്‌ലിയാര്‍, സി. മുഹമ്മദ് ഫൈസി, ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, എ.പി അബ്ദുല്‍ ഹകീം അസ്ഹരി തുടങ്ങിയവരും ഈ പരിപാടിയില്‍ സംബന്ധിച്ചിരുന്നു.
എന്നാല്‍ ചടങ്ങില്‍ ഹസ്തദാനം നല്‍കിയ പെണ്‍കുട്ടിയുടെ പേരും വിലാസവും താന്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും നേരത്തെ മര്‍കസ് മീഡിയയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും യൂട്യൂബിലും പരസ്യപ്പെടുത്തിയ വിഡിയോ മാത്രമാണ് ഇസ്‌ലാമിക ശരീഅത്തിനു വിരുദ്ധമായ പ്രവര്‍ത്തനം മര്‍കസില്‍ നടന്നുവെന്ന് തെളിയിക്കാനായി ഉപയോഗിച്ചതെന്നും നൗഷാദ് അഹ്‌സനി പറഞ്ഞു. ലൈംഗിക ചുവയുള്ള പ്രഭാഷണം താന്‍ നടത്തിയെന്ന കള്ളക്കേസ് വിദ്യാര്‍ഥിനിയെ കൊണ്ട് കൊടുപ്പിക്കാനാണ് മര്‍കസുമായി ബന്ധമുള്ള ചിലര്‍ ശ്രമിച്ചത്. കാന്തപുരം വിഭാഗത്തിന്റെ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും കേസിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹംപറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."