മദീന സന്ദർശനം പൂർത്തിയാക്കി ആദ്യ ഇന്ത്യൻ ഹാജിമാർ മക്കയിൽ
മക്ക: ഇന്ത്യയിൽ നിന്നെത്തിയ ഹാജിമാർ വിശുദ്ധ മക്കയിലെത്തി. മദീന വഴി എത്തിയ ഹാജിമാരാണ് 8 ദിവസത്തെ മദീന സന്ദർശന ശേഷം മക്കയിൽ എത്തിയത്. മദീന വഴിയെത്തിയ ഇന്ത്യൻ ഹാജിമാരുടെ ആദ്യ സംഘം ഞായറാഴ്ച വെകീട്ടോടെയാണ് മക്കയിൽ എത്തിയത്. മദീനയിൽ നിശ്ചിത ദിവസം താമസം പൂർത്തീകരിച്ച ശേഷമാണ് ഇവർ മക്കയിലേക്ക് തിരിക്കുന്നത്. വരും ദിവസങ്ങളിൽ മക്കയിലേക്കുള്ള മദീന ഹാജിമാരുടെ പ്രയാണം തുടരും.
ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിനു കീഴിലുള്ള ഇന്ത്യൻ ഹജ്ജ് മിഷൻ തയ്യാറാക്കിയ പ്രത്യേക ബസുകളിലും ഹറമെയിൻ ട്രെയിൻ വഴിയുമാണ് മക്കയിലേക്കുള്ള ഹാജിമാരുടെ യാത്ര. മക്കയിലെത്തിയ ഹാജിമാർക്ക് ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും മലയാളി സന്നദ്ധ പ്രവർത്തകരും ചേർന്ന് ഊഷ്മള സ്വീകരണം ഒരുക്കിയിരുന്നു. സമ്മാനങ്ങൾ കൈമാറി ഹാജിമാർക്ക് മക്കയിൽ ഊഷ്‌മള വരവേൽപ്പാണ് ലഭിച്ചത്. താമസസ്ഥലത്ത് എത്തിയ സംഘം വിശ്രമ ശേഷം ഹജ്ജ് വളന്‍റിയർമാരുടെ നേതൃത്വത്തിൽ മസ്ജിദുൽ ഹറാമിലെത്തി ഉംറ നിർവഹിച്ചു. താമസ കേന്ദ്രങ്ങളിൽ നിന്നും ഹറമിലേക്കുള്ള ഷട്ടിൽ ബസ് സൗകര്യങ്ങളും ആരംഭിച്ചിട്ടുണ്ട്. 24 മണിക്കൂറും ഹാജിമാർക്ക് ഇതിൽ യാത്ര ചെയ്യാനാവും.
സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ഹാജിമാരുടെ ആദ്യസംഘം ഈ മാസം 30-ന് കൊച്ചിയിൽ നിന്ന് ജിദ്ദ വഴി മക്കയിലെത്തും. ഹജ്ജിന് ശേഷമായിരിക്കും ഇവരുടെ മദീന സന്ദർശനം. തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ മക്കയിലും മദീനയിലും ഇന്ത്യൻ ഹജ്ജ് മിഷൻ പൂർത്തിയാക്കിയിട്ടുണ്ട്. ഹാജിമാരെ സഹായിക്കുന്നതിനായി ഇന്ത്യയിൽ നിന്നുള്ള 600-ഓളം ഉദ്യോഗസ്ഥർ നേരത്തെ തന്നെ പുണ്യനഗരങ്ങളിൽ എത്തിയിട്ടുണ്ട്. കൂടാതെ വിവിധ മലയാളി സന്നദ്ധ സംഘടനകളും ഹാജിമാരെ സ്വീകരിക്കാൻ വിപുലമായ തയ്യാറെടുപ്പുകൾ നടത്തിക്കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."