വെള്ളിത്തോട്ട് വിടർന്നു, പുഞ്ചിരിമട്ടത്ത് വാടിയ പുഞ്ചിരി
കൽപ്പറ്റ: 2024 ജൂലൈ 30ന് പുഞ്ചിരിമട്ടത്ത് വാടിയ അവരുടെ പുഞ്ചിരികൾ വെള്ളിത്തോട്ട് വിടർന്നു. ഇന്ന് അവരിൽ 51 കുടുംബങ്ങൾ സ്‌നേഹഭവനങ്ങളിലേക്ക് വലതുകാൽ വച്ചു കയറിയതോടെ ഉരുളിൽ ഒറ്റപ്പെട്ടു പോയവരെ ചേർത്തുനിർത്താനായതിന്റെ ചാരിതാർഥ്യത്തിൽ മുസ്‌ലിം ലീഗിനും അഭിമാനനിമിഷമായി. കുടുംബങ്ങൾ ചേർന്ന് സംഘടിപ്പിച്ച വീടുകൂടലിന് അതിഥികളായി മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും സംസ്ഥാന സെക്രട്ടറി പി.എം.എ സലാമും പി.കെ ബഷീറും ഉൾപ്പെടെ നേതാക്കളെത്തി.
ബാക്കി 54 കുടുംബങ്ങൾ കൂടി ജൂൺ 15നും സെപ്റ്റംബറിലുമായി നിങ്ങൾക്കൊപ്പം ചേരുമെന്ന പ്രഖ്യാപനം സാദിഖലി തങ്ങൾ നടത്തിയപ്പോൾ സദസിൽ സന്തോഷം ഇരട്ടിച്ചു. ഫർണിച്ചറുകളും മിക്‌സിയും വീട്ടിലേക്ക് ഒരു മാസത്തേക്കുള്ള പലവ്യഞ്ജനങ്ങളുമെല്ലാം ഒരുക്കിയാണ് ലീഗ് കുടുംബങ്ങളെ വീട്ടിലേക്ക് ആനയിച്ചത്. എട്ട് സെന്റിൽ 1060 ചതുരശ്ര അടിയിലൊരുങ്ങിയ സ്‌നേഹഭവനങ്ങളിൽ അവർക്കിനി മഴയും കാറ്റും ഭയക്കാതെ അന്തിയുറങ്ങാം. കൽപ്പറ്റ ടൗണിൽനിന്ന് എട്ട് കിലോമീറ്ററും മേപ്പാടിയിൽനിന്ന് അഞ്ച് കിലോമീറ്ററും മുട്ടിൽ ടൗണിൽനിന്ന് നാല് കിലോമീറ്ററും ദൂരത്തിലാണ് ലീഗൊരുക്കിയ സ്‌നേഹഭവനങ്ങൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."