മണിയാർ ജലവൈദ്യുത പദ്ധതി ഉടക്കിട്ട് വ്യവസായ വകുപ്പ്; ഏറ്റെടുക്കൽ ഉപേക്ഷിച്ച്കെ.എസ്.ഇ.ബി
തിരുവനന്തപുരം: മണിയാർ ജലവൈദ്യുത പദ്ധതി കെ.എസ്.ഇ.ബി ഏറ്റെടുക്കില്ല. ഏറ്റെടുക്കൽ നീക്കം വ്യവസായ വകുപ്പ് തടഞ്ഞതോടെ നടപടി നിർത്തിവയ്ക്കാൻ ചീഫ് സെക്രട്ടറി നിർദേശം നൽകി.
കാലാവധി കഴിഞ്ഞതിനാൽ പദ്ധതി ഏറ്റെടുക്കാൻ കെ.എസ്.ഇ.ബി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. പദ്ധതി പ്രദേശത്ത് എത്തിയ ബോർഡ് ഉദ്യോഗസ്ഥരെ മണിയാർ പദ്ധതിയുടെ കമ്പനിയായ കാർബൊറാണ്ടം യൂനിവേഴ്സൽ ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു. പൊലിസ് സംരക്ഷണത്തോടെ ഏറ്റെടുക്കാൻ ഒരുങ്ങുന്നതിനിടെയാണ് നിർത്തിവയ്ക്കൽ.
ഏറ്റെടുക്കൽ പഠിക്കാൻ നിയോഗിച്ച ഉപസമിതി റിപ്പോർട്ട് വരും മുമ്പ് നടപടി പാടില്ലെന്നാണ് വ്യവസായ വകുപ്പിന്റെ നിർദേശം. ഇന്നലത്തെ മന്ത്രിസഭ യോഗത്തിൽ കെ.എസ്.ഇ.ബിയുടെ നടപടിയെ മന്ത്രി പി. രാജീവ് വിമർശിച്ചിരുന്നു. പിന്നാലെയാണ് പദ്ധതി നിർത്തിവയ്ക്കാൻ ചീഫ് സെക്രട്ടറി കെ.എസ്.ഇ.ബി എം.ഡിക്ക് നിർദേശം നൽകിയത്.
കെ.എസ്.ഇ.ബി. തീരുമാനത്തിനെതിരെ കമ്പനി ഹൈക്കോടതിയെ സമീപിച്ചിരിക്കെ ആണ് സർക്കാരിന്റെ പിന്മാറ്റമെന്നതും ശ്രദ്ധേയമാണ്.
കൈമാറ്റ കാലാവധി പൂർത്തിയായി 14 മാസം പിന്നിട്ടിട്ടും പദ്ധതി കൈവശംവച്ച് വൈദ്യുതി ഉൽപാദിപ്പിക്കാൻ അനുവദിച്ചതിലൂടെ കമ്പനിക്ക് കോടികൾ ലാഭമുണ്ടാക്കാൻ സർക്കാരും വൈദ്യുത ബോർഡും കൂട്ടുനിന്നതായി രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."