ഇന്ത്യയുടെ ശേഖരത്തിലേക്ക് 30 മില്യണ്‍ ബാരല്‍ എണ്ണ യു.എ.ഇ സംഭരിക്കും; സുപ്രധാന കരാറുകളിലും ഒപ്പുവച്ചു; 42,000 കോടിയുടെ നിക്ഷേപവും പെട്രോളിയം കരാറുകളും യാഥാര്‍ഥ്യമായി
അബൂദബി: ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസന മേഖലയ്ക്കും ബാങ്കിങ് രംഗത്തും 42,000 കോടി രൂപയുടെ (5 ബില്യണ്‍ ഡോളര്‍) വന്‍ നിക്ഷേപം പ്രഖ്യാപിച്ച് യു.എ.ഇ. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദര്‍ശനത്തിലാണ് പ്രഖ്യാപനം. ഈ ഭീമന്‍ നിക്ഷേപം പ്രധാനമായും ആര്‍.ബി.എല്‍ ബാങ്ക്, സമ്മാന്‍ ക്യാപിറ്റല്‍ എന്നിവയിലേക്കാണ് എത്തുക.
ഇന്ത്യയുടെ ഊര്‍ജ സുരക്ഷ മുന്‍നിര്‍ത്തി പെട്രോളിയം കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. പെട്രോളിയം കരുതല്‍ ശേഖരം, എല്‍.പി.ജി വിതരണം എന്നിവയുമായി ബന്ധപ്പെട്ടുള്ള കരാറുകളാണ് ഇതില്‍ പ്രധാനം. ഗുജറാത്തിലെ വടിനാറില്‍ കപ്പല്‍ അറ്റകുറ്റപ്പണിക്കായുള്ള ഷിപ്പ് റിപ്പയര്‍ ക്ലസ്റ്റര്‍ സ്ഥാപിക്കാനുള്ള ധാരണാപത്രവും ഒപ്പിട്ടു. പ്രതിരോധ പങ്കാളിത്തം സംബന്ധിച്ച കാര്യങ്ങളില്‍ രൂപരേഖയും തയ്യാറാക്കി. ഇന്ത്യയുടെ തന്ത്രപ്രധാന പെട്രോളിയം ശേഖരത്തില്‍ 30 മില്യണ്‍ ബാരല്‍ വരെ അസംസ്‌കൃത എണ്ണ സംഭരിക്കാന്‍ യുഎഇ സന്നദ്ധത അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
തന്ത്രപ്രധാന പെട്രോളിയം കരാര്‍
* ഇന്ത്യന്‍ സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ്‌സ് ലിമിറ്റഡും, അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയും തമ്മിലാണ് ഇത് സംബന്ധിച്ച സ്ട്രാറ്റജിക് കൊളാബറേഷന്‍ കരാറില്‍ ഒപ്പുവച്ചത്.
* പടിഞ്ഞാറന്‍ ഏഷ്യയില്‍ ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍, ആഗോള എണ്ണ വിതരണത്തില്‍ ഉണ്ടാകാനിടയുള്ള തടസ്സങ്ങളെ പ്രതിരോധിക്കാനും ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കാനും ഈ നീക്കം വലിയ രീതിയില്‍ തുണയ്ക്കും.
* ഇന്ത്യയില്‍ ഗ്യാസ് റിസര്‍വുകള്‍ സ്ഥാപിക്കുന്നതിനായി ഇരുരാജ്യങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കും.
* ദീര്‍ഘകാല എല്‍പിജി വിതരണത്തിനായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും യു.എ.ഇയുടെ അഡ്‌നോകും തമ്മില്‍ പുതിയ ക്രമീകരണങ്ങളില്‍ ഏര്‍പ്പെട്ടു.
* അസംസ്‌കൃത എണ്ണ, എല്‍എന്‍ജി, എല്‍പിജി വിതരണം എന്നിവയുള്‍പ്പെടെ സമഗ്രമായ ഊര്‍ജ്ജ പങ്കാളിത്തത്തിനായുള്ള പുതിയ സംരംഭങ്ങളുമായി മുന്നോട്ട് പോകാന്‍ ഇരുപക്ഷവും സമ്മതിച്ചു.
ഊഷ്മള സ്വീകരണം
അബൂദബിയില്‍ എത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രിയെ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. മോദിയുടെ വിമാനം യു.എ.ഇ ആകാശപരിധിയില്‍ പ്രവേശിച്ചയുടന്‍ യു.എ.ഇ വ്യോമസേനാ യുദ്ധവിമാനം അകമ്പടി സേവിച്ചു. അഞ്ച് രാഷ്ട്രങ്ങളിലേക്കുള്ള മോദിയുടെ ഔദ്യോഗിക പര്യടനത്തിന്റെ തുടക്കമായിരുന്നു ഇത്. വിമാനത്താവളത്തില്‍ ഇരുരാജ്യങ്ങളുടെയും ദേശീയഗാനങ്ങള്‍ ആലപിച്ച ശേഷം സൈനികര്‍ മോദിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.
കൂടിക്കാഴ്ചയില്‍, യു.എ.ഇയിലെ സിവിലിയന്മാരെയും ജനവാസ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള ഇറാന്റെ ഭീകരാക്രമണങ്ങളെ ഇന്ത്യ അപലപിക്കുന്നതായി മോദി ആവര്‍ത്തിച്ചു. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പാതയായ ഹോര്‍മുസ് കടലിടുക്ക് തടസ്സമില്ലാതെ തുറന്നുനല്‍കേണ്ടത് അനിവാര്യമാണെന്നും വ്യക്തമാക്കി. യു.എ.ഇ തനിക്ക് 'രണ്ടാം വീട്' പോലെയാണെന്ന് മോദി പറഞ്ഞു. ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷിതത്വവും ക്ഷേമവും ഉറപ്പാക്കുന്നതില്‍ യു.എ.ഇ ഭരണകൂടം നല്‍കുന്ന ശ്രദ്ധയ്ക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങള്‍ ആഗോളതലത്തില്‍ പ്രതിഫലിക്കുന്നതിലുള്ള ആശങ്ക മോദി പങ്കുവച്ചു. അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ച് മേഖലയില്‍ സമാധാനം നിലനിര്‍ത്താന്‍ ഇന്ത്യയും യു.എ.ഇയും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഊര്‍ജം, നിക്ഷേപം, വിതരണ ശൃംഖല തുടങ്ങിയ തന്ത്രപ്രധാന മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലേക്ക് എത്തുമെന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു.
പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ രാഷ്ട്ര നേതാക്കള്‍ അവലോകനം ചെയ്തു. ഇന്ത്യയും യു.എ.ഇയും നേരത്തേ ഒപ്പുവച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ അടിസ്ഥാനത്തില്‍ സഹകരണം മെച്ചപ്പെടുത്തുന്നതിനെ കുറിച്ചും ചര്‍ച്ചചെയ്തു. സമ്പദ്വ്യവസ്ഥ, നിക്ഷേപം, ഊര്‍ജ്ജം, ബഹിരാകാശം, ഭക്ഷ്യസുരക്ഷ, സാങ്കേതികവിദ്യ, എ.ഐ എന്നീ മേഖലകളിലെ പരസ്പര സഹകരണത്തിലെ പുരോഗതിയും അവലോകനം ചെയ്തു.
പ്രാദേശിക, അന്തര്‍ദേശീയ സമാധാനത്തിനും സുരക്ഷയ്ക്കും പശ്ചിമേഷ്യന്‍ സംഘര്‍ഷം ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളും സമുദ്ര സുരക്ഷ, ഊര്‍ജ വിതരണം, ആഗോള സമ്പദ്വ്യവസ്ഥ എന്നിവയെ ദോഷകരമായി ബാധിക്കുന്നതും ചര്‍ച്ചയായി. ഇക്കാര്യങ്ങളില്‍ ഇരു നേതാക്കളും കാഴ്ചപ്പാടുകള്‍ പങ്കുവച്ചു.
അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, പ്രസിഡന്‍ഷ്യല്‍ കോടതി ഫോര്‍ സ്‌പെഷ്യല്‍ അഫയേഴ്‌സിന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, യു.എ.ഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ തഹ്നൗന്‍ അല്‍ നഹ്‌യാന്‍, മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ ന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. നിരവധി മന്ത്രിമാരും ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നതാണ് ഇന്ത്യന്‍ പ്രതിനിധി സംഘം.
Summary: India and the United Arab Emirates (UAE) have agreed to significantly deepen their energy and economic ties following Prime Minister Narendra Modi’s official visit to Abu Dhabi, where he held extensive talks with UAE President Sheikh Mohamed bin Zayed Al Nahyan.
The Agreement: Indian Strategic Petroleum Reserves Limited (ISPRL) and the Abu Dhabi National Oil Company (ADNOC) signed a Strategic Collaboration Agreement.
Under this pact, the UAE will store up to 30 million barrels of crude oil in India’s Strategic Petroleum Reserve. This move is aimed at fortifying India's energy security against potential global supply chain disruptions amid ongoing geopolitical tensions in West Asia.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."