തർക്കം തുടരുന്നു; മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായില്ല
തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിച്ച ശേഷം മന്ത്രിമാരെ അതിവേഗം നിശ്ചയിച്ച് സത്യപ്രതിജ്ഞ പൂർത്തിയാക്കിയെങ്കിലും തർക്കങ്ങൾകാരണം വകുപ്പുകളുടെ തീരുമാനം വൈകുന്നു. കോൺഗ്രസ് മന്ത്രിമാർക്കിടയിലെ വകുപ്പ് മോഹങ്ങൾക്കൊപ്പം ഘടകകക്ഷികൾ കൂടി നിർണായക വകുപ്പുകൾക്കായി കടുംപിടിത്തം തുടരുന്നതാണ് പ്രഖ്യാപനം വൈകിക്കുന്നത്. ഘടകകക്ഷികളിൽ ഫിഷറീസ്, ഉന്നത വിദ്യാഭ്യാസ വകുപ്പുകൾക്കു വേണ്ടിയായിരുന്നു തർക്കം. മുസ്്‌ലിം ലീഗിന് വിദ്യാഭ്യാസ വകുപ്പ് നൽകിയെങ്കിലും ഉന്നത വിദ്യാഭ്യാസം കോൺഗ്രസ് കൈക്കലാക്കിയിരുന്നു. എന്നാൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് വിട്ടുനൽകിയാൽ ഫിഷറീസ് വകുപ്പ് വേണമെന്ന് ലീഗ് നിലപാടെടുത്തതോടെ തീരുമാനം നീണ്ടു.
ഫിഷറീസ് വകുപ്പ് ഷിബു ബേബി ജോണിന് നൽകണമെന്ന ലത്തീൻ സഭയുടെ താൽപര്യം മുഖ്യമന്ത്രി വി.ഡി സതീശന് തള്ളിക്കളയാനാകാത്തതും അന്തിമ തീരുമാനമെടുക്കുന്നതിൽ തടസ്സമായി. ഗതാഗതം വേണ്ടെന്നും സഹകരണ വകുപ്പ് വേണമെന്നുമുള്ള സി.പി ജോണിന്റെ ആവശ്യവും ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് വേണമെന്ന അനൂപ് ജേക്കബിന്റെ ആവശ്യവും അന്തിമ തീരുമാനങ്ങൾ വൈകിച്ചു. കിട്ടിയതിൽ പല വകുപ്പുകളും ഏറ്റെടുക്കാൻ കഴിയില്ലെന്ന നിലപാടാണ് കോൺഗ്രസ് മന്ത്രിമാരും സ്വീകരിച്ചത്. ആദ്യം വനം വകുപ്പിലേക്കും പിന്നീട് കൃഷി വകുപ്പിലേക്കും മാറ്റിയതിൽ ടി. സിദ്ദീഖിന് അമർഷമുണ്ട്. കൃഷി വേണ്ടെന്ന അഭിപ്രായമാണ് സിദ്ദീഖിന്.
കെ. മുരളീധരനെ അനുനയിപ്പിക്കാനായി വൈദ്യുതി മാറ്റി ആരോഗ്യ വകുപ്പും ദേവസ്വവും നൽകുന്നതിനും ധാരണയായിരുന്നു. കെ. മുരളീധരന് സുപ്രധാനമായ രണ്ട് വകുപ്പുകൾ നൽകുന്നതിൽ മന്ത്രിസഭയിലെ മറ്റു പലർക്കും അതൃപ്തിയുണ്ട്. തനിക്ക് ആദ്യം തരാമെന്നു പറഞ്ഞ ആരോഗ്യ വകുപ്പ് തിരിച്ചെടുത്തതിൽ എ.പി അനിൽകുമാറിനും അതൃപ്തിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."