ചാൻസലറുടെ ഉത്തരവിനെ ചോദ്യംചെയ്യാൻ സിൻഡിക്കേറ്റിന് അധികാരമില്ല: ഹൈക്കോടതി
കൊച്ചി: സർവകലാശാല ചാൻസലർ പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യംചെയ്യാൻ സിൻഡിക്കേറ്റിന് അധികാരമില്ലെന്ന് ഹൈക്കോടതി. പ്രത്യേകിച്ച് സർവകലാശാല ജീവനക്കാരനെതിരേയുള്ള അച്ചടക്ക നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇത്തരം നടപടി പാടില്ലെന്ന് കോടതി വ്യക്തമാക്കി.
ജീവനക്കാരനെതിരേ സിൻഡിക്കേറ്റ് ആരംഭിച്ച അച്ചടക്ക നടപടികൾ റദ്ദാക്കിയ ചാൻസലറുടെ ഉത്തരവിനെ ചോദ്യംചെയ്ത് കാലിക്കറ്റ് സർവകലാശാലയിലെ സിൻഡിക്കേറ്റ് അംഗങ്ങളായ എം.ബി ഫൈസൽ, പി.കെ ഖലീമുദ്ദീൻ എന്നിവർ സമർപ്പിച്ച രണ്ട് ഹരജികൾ തള്ളിയാണ് ജസ്റ്റിസ് എ.എ സിയാദ് റഹ്മാന്റെ ബെഞ്ച് വിധി പ്രസ്താവിച്ചത്. വിവിധ സർവകലാശാല ഓഫിസുകളെ ബന്ധിപ്പിക്കുന്ന ലോക്കൽ ഏരിയ നെറ്റ് വർക്ക് (ലാൻ) സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് 27.42 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന് ആരോപിച്ച്, ഇൻസ്ട്രുമെന്റേഷൻ എൻജിനീയറായി സേവനമനുഷ്ഠിച്ച ടി. മുഹമ്മദ് സാജിദിനെതിരേ അച്ചടക്ക നടപടികൾ ആരംഭിക്കാൻ 2022 സെപ്റ്റംബറിൽ കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചതിൽ നിന്നാണ് കേസ് ഉയർന്നത്.
അദ്ദേഹത്തെ അഞ്ചുവർഷത്തേക്ക് ജൂനിയർ എൻജിനീയർ തസ്തികയിലേക്ക് പുനഃസ്ഥാപിക്കാനും ആരോപിക്കപ്പെട്ട നഷ്ടം അദ്ദേഹത്തിൽനിന്ന് തിരിച്ചുപിടിക്കാനും സിൻഡിക്കേറ്റ് തീരുമാനിച്ചിരുന്നു. എന്നാൽ, സാജിദിന്റെ നിയമപരമായ അപ്പീൽ പരിഗണിച്ചപ്പോൾ, 2024 ജൂണിൽ ചാൻസലർ സിൻഡിക്കേറ്റിന്റെ ഉത്തരവ് റദ്ദാക്കുകയും ഇൻസ്ട്രുമെന്റേഷൻ എൻജിനീയർ സ്ഥാനത്ത് തുടരുന്നതായി കണക്കാക്കി എല്ലാ സർവിസ് ആനുകൂല്യങ്ങളോടും കൂടി അദ്ദേഹത്തെ പുനഃസ്ഥാപിക്കാൻ നിർദേശിക്കുകയും ചെയ്തു.
ചാൻസലറുടെ ഇടപെടലിൽ പ്രതിഷേധിച്ച്, ഹരജിക്കാർ ഈ ഉത്തരവിനെ ചോദ്യംചെയ്ത് ഹൈക്കോടതിയെ സമീപിച്ചു. കാലിക്കറ്റ് സർവകലാശാല നിയമത്തിലെ സെക്ഷൻ ഏഴ് പ്രകാരം, ജീവനക്കാർക്കെതിരേ സിൻഡിക്കേറ്റോ വൈസ് ചാൻസലറോ പാസാക്കിയ പിരിച്ചുവിടൽ ഉത്തരവുകൾക്കെതിരേ അപ്പീൽ അധികാരിയായി പ്രവർത്തിക്കാൻ ചാൻസലർക്ക് ഉന്നത അധികാരങ്ങളുണ്ടെന്ന് സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു.
എന്നാൽ, ഇതൊരു കേവല നിയമമല്ലെന്നും ചാൻസലറുടെ ഉത്തരവ് നിയമവിരുദ്ധമോ, പക്ഷപാതത്തോടെ പാസാക്കിയതോ ആണെങ്കിൽ യോഗ്യതയുള്ള സർവകലാശാലാ അധികാരിക്ക് ചാൻസലറുടെ ഉത്തരവിനെ ചോദ്യംചെയ്യാമെന്നും കോടതി വ്യക്തമാക്കി. വിഷയത്തിൽ ശരിയായ അന്വേഷണം നടത്തുന്നുണ്ടെന്നും കുറ്റവാളികളെ തിരിച്ചറിയുകയും ശിക്ഷ നൽകുകയും നഷ്ടം തിരിച്ചുപിടിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ കോടതി സർക്കാരിനോടും സർവകലാശാലയോടും നിർദേശിച്ചു.
The Kerala High Court clarified that the university Syndicate does not have the legal authority or standing to challenge an order issued by the Chancellor. The court emphasized that the Syndicate cannot position itself against the Chancellor, who acts as the supreme head of the university, and ruled that such legal petitions filed by the Syndicate are not maintainable.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."