വിറച്ചു ഒന്നല്ല, രണ്ടു തവണ- ഒടുവില്‍ ജയിച്ചുകയറി അര്‍ജന്റീന
ഫിഫ ലോകകപ്പില്‍ നിലവിലെ ചാംപ്യന്മാരായ അര്‍ജന്റീനയെ വിറപ്പിച്ച് കീഴടങ്ങി കേപ് വെര്‍ദെ. റൗണ്ട് ഓഫ് 32 മത്സരത്തില്‍ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനന്‍ ജയം. നിശ്ചിത സമയത്ത് ഇരു ടീമുകളും 2-2ന് സമനിലയില്‍ പിരിഞ്ഞതോടെ എക്‌സ്ട്രാ ടൈമിലായിരുന്നു അര്‍ജന്റീന വിജയഗോള്‍ നേടിയത്. പ്രീക്വാർട്ടറിൽ ഈജിപ്താണ് അർജൻ്റീനയുടെ എതിരാളി. മത്സരത്തിൽ രണ്ടു തവണ ഒപ്പമെത്തിയ ശേഷമാണ് കേപ് വെർദെ അർജൻ്റീനക്ക് മുന്നിൽ കീഴടങ്ങിയത്.
സൂപ്പര്‍ താരം ലയണല്‍ മെസിയിലൂടെ അര്‍ജന്റീനയാണ് മത്സരത്തില്‍ ആദ്യം ലീഡെടുത്തത്. 29ാം മിനുട്ടില്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനസിന്റെ അസിസ്റ്റില്‍നിന്നായിരുന്നു താരത്തിന്റെ ഗോള്‍. ഇതോടെ തുടര്‍ച്ചയായ എട്ടാം ലോകകപ്പ് മത്സരത്തിലും ഗോള്‍നേടി തന്റെ റെക്കോഡ് പുതുക്കാനും മെസിക്കായി. തുടര്‍ന്ന് ആദ്യ പകുതിയില്‍ ഇരുടീമുകള്‍ക്കും ലക്ഷ്യം കാണാനായില്ല.
എന്നാല്‍ രണ്ടാം പകുതി ആരംഭിച്ച് അധികം പിന്നിടും മുമ്പേ അര്‍ജന്റീനയെ ഞെട്ടിച്ച് കേപ് വെര്‍ദെ ഒപ്പമെത്തി. ഡെറോയ് ഡുവാര്‍ട്ടെയാണ് വെര്‍ദെക്ക് സമനില ഗോള്‍ നേടിക്കൊടുത്തത്. ഗോള്‍ വഴങ്ങിയതോടെ ലീഡ് പിടിക്കാന്‍ അര്‍ജന്റീന നിരന്തര ശ്രമങ്ങള്‍ നടത്തി. എന്നാല്‍ മെസിയുടെയും അല്‍വാരസിന്റെ കിടിലന്‍ ഗോള്‍ശ്രമങ്ങള്‍ വെര്‍ദെ ഗോള്‍കീപ്പര്‍ വോസീഞ്ഞ മനോഹരമായി രക്ഷപ്പെടുത്തി. ഏതുവിധേനയും വോസീഞ്ഞയെ മറികടക്കാനാവാതിരുന്നതോടെ ഒടുവില്‍ നിശ്ചിത സമയം അവസാനിക്കുമ്പോള്‍ അര്‍ജന്റീനക്ക് സമനില സമ്മതിക്കേണ്ടി വന്നു.
തുടര്‍ന്ന് എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തില്‍ അധികം വൈകാതെ തന്നെ അര്‍ജന്റീന ലീഡെടുത്തു. പ്രതിരോധ താരം ലിസാന്‍ഡ്രോ മാര്‍ട്ടിനസാണ് സ്‌കോര്‍ ചെയ്്തത്. 92ാം മിനുട്ടില്‍ മെസിയെടുത്ത കോര്‍ണറില്‍നിന്ന് ലഭിച്ച പന്ത് മാര്‍ട്ടിനസാ ബുള്ളറ്റ് ഷോട്ടിലൂടെ വെര്‍ദെ വലയിലെത്തിക്കുകയായിരുന്നു.
എന്നാല്‍ 103ാം മിനുട്ടില്‍ ചാംപ്യന്മാരെ ഞെട്ടിച്ച് വെര്‍ദെ വീണ്ടും ഒപ്പമെത്തി. സിഡ്‌നി ലോപസ് കാബ്രലാണ് സ്‌കോര്‍ ചെയ്തത്. എന്നാല്‍ 111ാം മിനുട്ടില്‍ ഡിനെയുടെ സെല്‍ഫ് ഗോളിലൂടെ അര്‍ജന്റീന ഒടുവില്‍ ജയം പിടിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."