യാത്രാസൗകര്യങ്ങള്‍ക്ക് കൂടുതല്‍ കരുത്ത്; സുല്‍ത്താന്‍ തുര്‍ക്കി ബിന്‍ സയിദ് റോഡിന്റെ പുതിയ ഭാഗം തുറന്ന് ഒമാന്‍
മസ്‌കത്ത്: ഒമാനിലെ ദക്ഷിണ അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ നിര്‍മാണം പുരോഗമിക്കുന്ന സുല്‍ത്താന്‍ തുര്‍ക്കി ബിന്‍ സയിദ് റോഡ് പദ്ധതിയുടെ പുതിയ ഭാഗം ഗതാഗതത്തിനായി തുറന്നു. ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയമാണ് റോയല്‍ ഒമാന്‍ പോലീസിന്റെ സഹകരണത്തോടെ പുതിയ സെക്ഷന്‍ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തത്. മേഖലകളിലേക്കുള്ള യാത്ര കൂടുതല്‍ വേഗത്തിലും സുരക്ഷിതമായും നടത്താന്‍ ഇതിലൂടെ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
മസ്‌ലഖ് മേഖല മുതല്‍ സൈഹ് അല്‍ മതാര്‍ പ്രദേശം വരെയുള്ള ഏകദേശം ഏഴ് കിലോമീറ്റര്‍ ദൂരമാണ് പുതുതായി ഗതാഗതത്തിനായി തുറന്നത്. അല്‍ കാമില്‍ വല്‍ വാഫിയും സൂറും തമ്മിലുള്ള യാത്രാസമയം കുറയ്ക്കാനും ഗതാഗത തിരക്ക് നിയന്ത്രിക്കാനും പുതിയ പാത സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. പ്രദേശവാസികള്‍ക്കും ചരക്ക് ഗതാഗത മേഖലയ്ക്കും ഇതിലൂടെ വലിയ ആശ്വാസമുണ്ടാകുമെന്ന് ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടി.
ദക്ഷിണ അല്‍ ശര്‍ഖിയ മേഖലയിലെ വികസന പദ്ധതികളില്‍ പ്രധാനപ്പെട്ടതായാണ് സുല്‍ത്താന്‍ തുര്‍ക്കി ബിന്‍ സയിദ് റോഡ് പദ്ധതി കണക്കാക്കപ്പെടുന്നത്. വിവിധ വിലായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ റോഡ് ശൃംഖല പൂര്‍ത്തിയാകുന്നതോടെ വ്യാപാര, വിനോദസഞ്ചാര, സാമ്പത്തിക മേഖലകള്‍ക്ക് കൂടുതല്‍ വളര്‍ച്ചാ സാധ്യത ലഭിക്കുമെന്നാണ് പ്രതീക്ഷ. ദൂര പ്രദേശങ്ങളിലേക്കുള്ള യാത്രയും അത്യാവശ്യ സേവനങ്ങളുടെയും ചരക്ക് നീക്കത്തിന്റെയും സമയം കുറയുന്നതും പദ്ധതിയുടെ പ്രധാന നേട്ടങ്ങളിലൊന്നായിരിക്കും.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി ആധുനിക സംവിധാനങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ ബാരിയറുകള്‍, റോഡ് മാര്‍ക്കിങ്, മുന്നറിയിപ്പ് ബോര്‍ഡുകള്‍, മഴവെള്ള ഒഴുക്ക് നിയന്ത്രിക്കുന്ന ഡ്രെയിനേജ് സംവിധാനങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. വര്‍ധിച്ചുവരുന്ന വാഹന ഗതാഗതം കണക്കിലെടുത്താണ് ദീര്‍ഘകാല ഉപയോഗം ലക്ഷ്യമിട്ട് നിര്‍മാണം നടത്തിയതെന്ന് മന്ത്രാലയം വ്യക്തമാക്കി.
ചില ഭാഗങ്ങളില്‍ ഇരട്ടപ്പാതയും മൂന്ന് ലെയ്ന്‍ സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുള്ള പദ്ധതിയില്‍ പാലങ്ങള്‍, മേല്‍പ്പാലങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് ഒമാന്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്ന സാഹചര്യത്തിലാണ് പുതിയ റോഡ് ഭാഗം തുറന്നത്. ഗതാഗത മേഖലയെ കൂടുതല്‍ ആധുനികമാക്കുന്നതിനും വിവിധ ഗവര്‍ണറേറ്റുകള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ഇത്തരം പദ്ധതികള്‍ സഹായകരമാകുമെന്ന് അധികൃതര്‍ വിലയിരുത്തുന്നു.
അടിസ്ഥാന സൗകര്യ വികസനത്തിലൂടെ നിക്ഷേപ സൗഹൃദ അന്തരീക്ഷം ശക്തിപ്പെടുത്തുകയെന്നതാണ് ഒമാന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പുതിയ റോഡ് സംവിധാനങ്ങള്‍ വ്യാപാര പ്രവര്‍ത്തനങ്ങള്‍ക്കും വ്യവസായ മേഖലയ്ക്കും ദീര്‍ഘകാല നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയും ഉയരുന്നുണ്ട്.
Oman opened a new section of the Sultan Turki bin Said Road project in South Al Sharqiyah to improve connectivity, traffic flow, and regional infrastructure development.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."