അതിരപ്പിള്ളിയിൽ വനം മന്ത്രിയുടെ വാഹനത്തിന് 'ചെക്കുവെച്ച്' കാട്ടാന; പടക്കം പൊട്ടിച്ച് ആനയെ തുരത്തി ഉദ്യോഗസ്ഥർ
തൃശ്ശൂർ: അതിരപ്പിള്ളി സന്ദർശനത്തിനെത്തിയ വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിന്റെ ഔദ്യോഗിക വാഹനം കാട്ടാനയുടെ മുന്നിൽപ്പെട്ടു. ചാർപ്പ ഭാഗത്തെ റോഡിന് നടുവിൽ വെച്ചാണ് കാട്ടാനയും വനംമന്ത്രിയും തമ്മിൽ കണ്ടുമുട്ടിയത്. ആന റോഡിൽ നിന്ന് മാറാൻ കൂട്ടാക്കാത്തതോടെ സുരക്ഷാ ജീവനക്കാരും ഉദ്യോഗസ്ഥരും ആശങ്കയിലായി.
കഴിഞ്ഞ ദിവസം രാത്രിയിൽ വാഴച്ചാൽ ഗസ്റ്റ്ഹൗസിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. കോശേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച മോഹനന്റെ വീട് സന്ദർശിക്കാനായിരുന്നു മന്ത്രിയുടെ യാത്ര. റോഡിൽ നിന്ന് മാറാൻ കാട്ടാന തയ്യാറാകാതിരുന്നതോടെ മന്ത്രിയുടെ വാഹനവും സുരക്ഷാ വാഹനങ്ങളും കുറച്ചുനേരം നിർത്തിവെക്കേണ്ടി വന്നു. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരും പ്രത്യേക സംഘവും ചേർന്ന് പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും ആനയെ റോഡിൽ നിന്ന് മാറ്റി. അതിന് ശേഷമാണ് വാഹനങ്ങൾക്ക് യാത്ര തുടരാനായത്.
അതിരപ്പിള്ളി മേഖല പ്രധാനപ്പെട്ട ആനത്താര കൂടിയാണ്. ഒറ്റയായും കൂട്ടമായും കാട്ടാനകൾ ഇവിടെ റോഡ് മുറിച്ചുകടക്കുന്നത് പതിവാണ്. വനമേഖലയോട് ചേർന്നുള്ള ഈ റോഡിലൂടെ സഞ്ചരിക്കുന്ന യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ വനംവകുപ്പും ട്രാഫിക് പൊലിസും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."