കടക്കെണിയിൽ പൊതുമേഖലാ സ്ഥാപനങ്ങൾ: നഷ്ടം 78,851 കോടിയായി; തന്ത്രപ്രധാനമല്ലാത്ത സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ശുപാർശ
തിരുവനന്തപുരം: കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലെന്ന് വ്യക്തമാക്കി സർക്കാരിന്റെ ധവളപത്രം. 2024- 25 കാലയളവിൽ 78,851 കോടി രൂപയാണ് നഷ്ടം. 2021 - 22 സാമ്പത്തികവർഷത്തിൽ ഇത് 31,571 കോടി രൂപയായിരുന്നു. നഷ്ടത്തിൽ 47,280 കോടിയുടെ വർധനവാണുണ്ടായത്.
സംസ്ഥാനത്ത് ആകെയുള്ള 132 പൊതുമേഖലാ സ്ഥാപനങ്ങളിൽ ഭൂരിഭാഗവും നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്.
കഴിഞ്ഞ സാമ്പത്തികവർഷത്തിൽ ആകെ നഷ്ടത്തിന്റെ 72 ശതമാനവും കെ.എസ്.ആർ.ടി.സി, കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ്, കേരള വാട്ടർ അതോറിറ്റി എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ്.
കടബാധ്യതകൾ വർധിച്ചതോടെ പല പൊതുമേഖലാ സ്ഥാപനങ്ങളുടെയും മൊത്തം ആസ്തി നെഗറ്റീവ് ആയി മാറി. ഏറ്റവും കൂടുതൽ നെഗറ്റീവ് നെറ്റ് വർത്ത് രേഖപ്പെടുത്തിയ ആദ്യ രണ്ട് സ്ഥാപനങ്ങൾ കെ.എസ്.ഇ.ബിയും (-35,149.12 കോടി) കെ.എസ്.ആർ.ടി.സിയുമാണ് (-19,820.63). കേരളാ സ്റ്റേറ്റ് കാഷ്യൂ ഡെവലപ്‌മെന്റ് കോർപറേഷൻ (-1,920.88 കോടി), സപ്ലൈകോ (-1,195.24 കോടി) എന്നീ സ്ഥാപനങ്ങളും വലിയതോതിൽ നെഗറ്റീവ് നെറ്റ് വർത്ത് നേരിടുന്നവയാണ്.
നഷ്ടത്തിലുള്ള തന്ത്രപ്രധാനമല്ലാത്ത സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ശുപാർശ
പൊതുമേഖലാ സ്ഥാപനങ്ങളെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാനും സംസ്ഥാനത്തിന്റെ സാമ്പത്തികഭാരം കുറയ്ക്കാനുമായി ചില നിർണായക ശുപാർശകളും റിപ്പോർട്ട് മുന്നോട്ടുവയ്ക്കുന്നുണ്ട്. തന്ത്രപ്രധാനമല്ലാത്ത സ്ഥാപനങ്ങളുടെ പുനഃസംഘടനയാണ് ഇതിൽ പ്രധാനമായും പറയുന്നത്. സാമ്പത്തികമായി ലാഭകരമല്ലെന്ന് കണ്ടെത്തുന്ന തന്ത്രപ്രധാനമല്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങളെ തൊഴിലാളികളുടെ താൽപര്യങ്ങളും ഉപജീവനമാർഗങ്ങളും പൂർണമായി സംരക്ഷിച്ച് ഓഹരി വിറ്റഴിക്കലിനോ സ്വകാര്യവൽക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യണമെന്ന് റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.
നഷ്ടത്തിൽ പ്രവർത്തിക്കുന്ന പല സ്ഥാപനങ്ങളുടെയും കൈവശം ഉപയോഗശൂന്യമായി കിടക്കുന്ന വലിയതോതിലുള്ള ഭൂമിയും മറ്റ് വിലപിടിപ്പുള്ള ആസ്തികളുമുണ്ട്. ഈ ഭൂമിയും ആസ്തികളും പുനർവിനിയോഗിക്കാനുള്ള സാധ്യത സർക്കാർ പരിശോധിക്കണമെന്നും റിപ്പോർട്ട് പറയുന്നു.
നഷ്ടത്തിൽ മുന്നിൽ കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി, കെ.എസ്.ആർ.ടി.സി
കെ.എസ്.ഇ.ബിയിൽ വൈദ്യുതിയിൽ നിന്നുള്ള വരുമാനത്തേക്കാൾ വിതരണച്ചെലവ് ഉയർന്നുനിൽക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം. ഇത് മൊത്തം റവന്യൂ കമ്മി വർധിപ്പിക്കുകയും 2023 - 24 സാമ്പത്തിക വർഷത്തോടെ ഇത് 6,645.301 കോടി രൂപയിൽ എത്തിക്കുകയും ചെയ്തു. കെ.എസ്.ആർ.ടി.സിയുടെ നഷ്ടവും 2024 - 25 ഓടെ 20,961.36 കോടിയായി വർധിച്ചിട്ടുണ്ട്. മുൻവർഷങ്ങളിൽ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം അറ്റനഷ്ടത്തിന്റെ 79.42 ശതമാനവും കെ.എസ്.ആർ.ടി.സി, കേരള വാട്ടർ അതോറിറ്റി എന്നിവയുടേതായിരുന്നു. അതേസമയം, വൻതോതിലുള്ള ബജറ്റ് പിന്തുണ, സബ്‌സിഡികൾ, ഗ്രാന്റുകൾ എന്നിവയ്ക്കായി ഇവ ഇപ്പോഴും സർക്കാരിനെ അമിതമായി ആശ്രയിക്കുന്നു.
2025 മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം പൊതുമേഖലാ സ്ഥാപനങ്ങൾ സർക്കാരിന് തിരിച്ചടയ്ക്കാനുള്ള മുതലും പലിശയും ചേർന്ന് 11,678 കോടി രൂപയുടെ കുടിശ്ശികയുണ്ട്. ഇതിൽ 69 ശതമാനവും കെ.എസ്.ആർ.ടി.സി, വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി എന്നിവയുടേതാണ്. പെൻഷൻ നൽകാനാണ് കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് രൂപീകരിച്ചതെങ്കിലും നിലവിൽ ഇത് വലിയ സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുന്നു
റിപ്പോർട്ട് അനുസരിച്ച് കെ.എസ്.ഇ.ബി ഉപഭോക്താക്കളിൽ നിന്ന് പിരിച്ചെടുക്കുന്ന ഇലക്ട്രിസിറ്റി ഡ്യൂട്ടി സർക്കാരിലേക്ക് കൃത്യമായി അടയ്ക്കുന്നില്ല. ഇത് സർക്കാരിന്റെ വരുമാനത്തെ തടസപ്പെടുത്തുന്നതായി റിപ്പോർട്ട് പറയുന്നു.
public sector undertakings (psus) are facing severe financial distress, with accumulated losses reaching ₹78,851 crores. due to this heavy debt burden, a recommendation has been made to shut down non-strategic units that are no longer viable to operate.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."