'പാര്‍ട്ടിയോ മമത ബാനര്‍ജിയോ എം.പി സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല' ആരോപണങ്ങള്‍ തള്ളി യൂസുഫ് പത്താന്‍
ന്യൂഡല്‍ഹി: മമത ബാനര്‍ജിക്ക് മത്സരിക്കാനായി എം.പി സ്ഥാനം രാജിവെക്കാന്‍ യൂസുഫ് പത്താനോട് ആവശ്യപ്പെട്ടെന്ന വാര്‍ത്തകള്‍ വ്യാജം. ബഹറാംപൂര്‍ എം.പിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ യൂസഫ് പത്താന്‍ തന്നെയാണ് പ്രചാരണങ്ങള്‍ തള്ളി രംഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട വീഡിയോ അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിട്ടുണ്ട്.
മമത ബാനര്‍ജി ഇതുസംബന്ധിച്ച് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ട്ടിയിലെ ആരും തന്നെ ഇക്കാര്യം അറിയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിക്കുന്നതില്‍ അദ്ദേഹം നിരാശ പ്രകടിപ്പിച്ചു.
'ഞാന്‍ ബഹറാംപൂര്‍ സീറ്റില്‍ നിന്ന് രാജി വെക്കണമെന്നും, അവിടെ മമത ബാനര്‍ജി മത്സരിക്കുമെന്നുമുള്ള വാര്‍ത്തകള്‍ കുറച്ചുനാളായി പ്രചരിക്കുന്നുണ്ട്. എന്നാല്‍, മമത ബാനര്‍ജി ഒരിക്കലും എന്നോട് ഇങ്ങനെയൊന്ന് ആവശ്യപ്പെട്ടിട്ടില്ല. ഞങ്ങളുടെ അവസാന കൂടിക്കാഴ്ചയിലും അവര്‍ ഇതേക്കുറിച്ച് സൂചിപ്പിച്ചിട്ടില്ല. പാര്‍ട്ടിയുടെ ഔദ്യോഗിക പ്രതിനിധികളാരും തന്നെ ഇങ്ങനെയൊന്ന് ആവശ്യപ്പെട്ടിട്ടില്ല. വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്' -യൂസഫ് പത്താന്‍ തന്റെ പോസ്റ്റില്‍ വ്യക്തമാക്കി.
#WATCH | TMC MP Yusuf Pathan says, "For quite some time now, a piece of news has been going viral claiming that Mamata Banerjee asked me to resign from my MP seat, Berhampore Lok Sabha constituency, so that she could contest the election from there. Mamata Banerjee never spoke to… pic.twitter.com/Z0B6W05tfY
— ANI (@ANI) June 6, 2026
പശ്ചിമ ബംഗാളില്‍ ഭരണം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വലിയൊരു നിലനില്‍പ്പ് പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയോട് പരാജയപ്പെട്ട മമത ബാനര്‍ജി പാര്‍ലമെന്റിലേക്ക് മത്സരിക്കാന്‍ ഒരുങ്ങുന്നുവെന്നായിരുന്നു വാര്‍ത്ത. ബഹറാംപൂര്‍ എം.പിയായ യൂസഫ് പത്താനെക്കൊണ്ട് രാജിവെപ്പിച്ച് ആ മണ്ഡലത്തില്‍ മമത ബാനര്‍ജി ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പദ്ധതിയിടുന്നതായും പ്രമുഖ ബംഗാളി ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ ദൗത്യത്തിനായി ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയുടെ സഹായം തൃണമൂല്‍ കോണ്‍ഗ്രസ് തേടിയെന്നും വാര്‍ത്തയിലുണ്ടായിരുന്നു.
ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി ഗാംഗൂലിയും യൂസഫും ഒരുമിച്ച് കളിച്ചിട്ടുണ്ട്. അതിനാലാണ് ഗാംഗൂലിയെ യൂസഫുമായി ചര്‍ച്ച നടത്താനും എം.പി സ്ഥാനം വിട്ടു നല്‍കണമെന്ന് ആവശ്യപ്പെടാനും അയച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
വിഷയത്തില്‍ പ്രതികരണവുമായി ഗാംഗുലിയും രംഗത്തെത്തിയിരുന്നു. വാസ്തവത്തിന് നിരക്കാത്തതും തികച്ചും അസംബന്ധവുമായ ആരോപണങ്ങളാണ് ഇതെന്ന് അദ്ദേഹം പ്രതികരിച്ചു. ഇത്തരം റിപ്പോര്‍ട്ടുകള്‍ സത്യത്തെ പരിഹസിക്കുന്നതാണെന്നും ഗാംഗുലി ചൂണ്ടിക്കാട്ടി.
Former Captain of the Indian Cricket Team, Sourav Ganguly, says, "...It was alleged that I had contacted Mr Yusuf Pathan on behalf of Mamta Banerjee, the former Chief Minister of West Bengal and had carried her message that he should step down/resign from his Constitutional post… pic.twitter.com/0RkRsRhYfo
— ANI (@ANI) June 6, 2026
2024ല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ അധീര്‍ രഞ്ജന്‍ ചൗദരിയെ പരാജയപ്പെടുത്തി മുന്‍ ക്രിക്കറ്റ് താരം യൂസഫ് പത്താന്‍ ജയിച്ച മണ്ഡലമാണ് മുര്‍ഷിദാബാദ് ജില്ലയിലെ ബഹറാംപൂര്‍. യൂസഫ് പത്താന് വലിയ ആധിപത്യമാണ് നിലവില്‍ ഈ മണ്ഡലത്തിലുള്ളത്.
mp yusuf pathan has denied reports claiming that either the party or mamata banerjee asked him to resign from his parliamentary position, dismissing the allegations as false.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."