പട്ടിക്കാട് ഇബ്‌റാഹിം മുസ്‌ലിയാരുടെ മലബാര്‍ ചരിത്രപഠനം; ഒരു അവലോകനം
പ്രമുഖ സ്വാതന്ത്ര്യ സമരസേനാനി ആലിമുസ്‌ലിയാരുടെ ശിഷ്യരില്‍ അഗ്രഗണ്യനായിരുന്ന പട്ടിക്കാട് ഇബ്‌റാഹിം മുസ്‌ലിയാര്‍ (1896-1951) അറബിമലയാളത്തില്‍ രചിച്ച ചരിത്രനിബന്ധമാണ് 'മലബാര്‍ ചരിത്രം ഒന്നാം ഖണ്ഡം.' ഹി. 1347 മുഹര്‍റം 21 1928 ജൂലൈ 21നാണ് ഇതിന്റെ രചന പൂര്‍ത്തിയായത്. അതേവര്‍ഷം തന്നെ, ഹൈദര്‍ മുസ്‌ലിയാര്‍ എന്നയാള്‍ ഇരുമ്പുളിയം പ്രസില്‍ നിന്ന് അത് അച്ചടിച്ച് പ്രസിദ്ധപ്പെടുത്തി. അക്കൂട്ടത്തില്‍പ്പെട്ട ഒരു പകര്‍പ്പാണ് ഈ പഠനത്തിന്റെ സ്രോതസ്. രചനക്കുശേഷം 88 വര്‍ഷം പിന്നിടുന്ന ഈ ചരിത്രകൃതിയെക്കുറിച്ചുള്ള ഹ്രസ്വമായൊരു അവലോകനവും തദ്വിഷയകമായുള്ള ചില പ്രസക്ത ആലോചനകളുമാണ് ഇവിടെ പങ്കുവയ്ക്കുന്നത്.
ഗ്രന്ഥകാരന്റെ ജീവിതം
മലപ്പുറം ജില്ലയിലെ പട്ടിക്കാട് ദേശത്താണ് ഇബ്‌റാഹിം മുസ്‌ലിയാരുടെ ജനനം. പിതാവ് കാടന്‍തൊടിക മൊയ്തുട്ടി. പ്രാഥമിക മതപഠനത്തിനുശേഷം പൊന്നാനിയിലും വെല്ലൂരിലുമായി തുടര്‍പഠനം പൂര്‍ത്തിയാക്കി. ചെറുപ്പം മുതല്‍ക്കുതന്നെ അറബിസാഹിത്യത്തിലും കാവ്യരചനയിലും ഇദ്ദേഹം മിടുക്ക് കാട്ടി. അറിവന്വേഷണവും രചനയും തുടര്‍ന്നു പോരുന്നതിനിടയില്‍ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളില്‍ നിന്ന് മാറിനിന്നില്ല അദ്ദേഹം. തന്റെ ഗുരുനാഥനായിരുന്ന ആലി മുസ്‌ലിയാരുടെ ചുവടുകള്‍ പിന്തുടര്‍ന്ന് മലബാറിലെ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെയും ഏറനാട്ടിലെ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു. വെല്ലൂരില്‍ നിന്ന് ഉപരിപഠനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ മുസ്‌ലിയാര്‍ മുള്ള്യാകുര്‍ശി, കരുവാരക്കുണ്ട്, മേല്‍മുറി എന്നീ സ്ഥലങ്ങളിലെ മസ്ജിദുകളില്‍ മുദരിസ് എന്ന നിലയില്‍ സേവനം ചെയ്യുകയുണ്ടായി. 1921ലെ മലബാര്‍ സമരം ഇബ്‌റാഹിം മുസ്‌ലിയാരുടെ ജീവിതത്തില്‍ ഒരു വിഴിത്തിരിവായി. ആലി മുസ്‌ലിയാരുടെ രക്തസാക്ഷിത്വത്തെ തുടര്‍ന്ന് അദ്ദേഹം തീവ്ര ബ്രിട്ടീഷ്‌വിരുദ്ധ ചേരിയിലേക്കു വഴിമാറി. പിന്നീട്, ബ്രിട്ടീഷ് അധികാരികളുടെ ഭാഗത്തു നിന്ന് ഖിലാഫത്ത് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ് ഇറങ്ങിയപ്പോള്‍ അറസ്റ്റ് വരിക്കാതെ നേരെ വെല്ലൂരിലേക്കും അവിടെ നിന്ന് ബോംബെയിലേക്കും രാജ്യം വിടുകയാണ് മുസ്‌ലിയാര്‍ ചെയ്തത്. ഇക്കാലത്ത് ഹിന്ദുസ്ഥാനി പണ്ഡിതന്മാരുമായും ഉറുദു ഭാഷയുമായും അദ്ദേഹം കൂടുതല്‍ സമ്പര്‍ക്കമുണ്ടാക്കി. ഉറുദു ഭാഷയിലെ ഇസ്‌ലാമിക വൈജ്ഞാനിക സാഹിത്യങ്ങളുമായി കൂടുതല്‍ ഇടപഴകാന്‍ ഈ വിപ്രവാസക്കാലം സഹായകമായി തീരുകയും ചെയ്തു. ബോംബെക്കടുത്ത കല്ല്യാണില്‍ ദീര്‍ഘകാലം ഖാളിയായി സേവനം ചെയ്തിരുന്നു മുസ്‌ലിയാര്‍ ഇതിനിടയില്‍. കൊളോനിയല്‍ സംഘര്‍ഷങ്ങളാല്‍ കലുഷിതമായ തന്റെ ജീവിതപരിസരങ്ങളെ രചനാത്മക വ്യവഹാരങ്ങളാല്‍ വെല്ലുവിളിച്ച മുസ്‌ലിയാരെയാണ് അങ്ങനെ നാം അറിയുന്നത്. അറബിയിലും അറബിമലയാളത്തിലുമായി അഞ്ചോളം ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റെ സംഭാവനകളായി കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഇവയില്‍ ഗദ്യവും പദ്യവും പെടുന്നു. പദ്യകൃതികളില്‍ ആദ്യത്തേത് മൗലിദു ശറഹു സ്വുദൂര്‍ ഫീ മനാഖിബി അഹ്‌ലില്‍ ബദര്‍ ആയിരുന്നു. ബദര്‍ യുദ്ധത്തില്‍ പങ്കെടുത്ത ധീരയോദ്ധാക്കളെ കുറിച്ചുള്ള അപദാനവര്‍ണനകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ കൃതി. ലളിതസുന്ദരമായ അറബി ഭാഷയില്‍ തയാറാക്കിയ ഈ രചന അദ്ദേഹത്തിന്റെ കാവ്യനൈപുണ്യതക്കുള്ള മികച്ച തെളിവാണ്. 1921ലെ മാപ്പിള സമരങ്ങളുടെ തട്ടകമായിരുന്ന ഏറനാട്ടില്‍ നിന്നുയര്‍ന്ന കലാപജ്വാലകളെ മുന്നില്‍ കണ്ടെഴുതിയ വിപ്ലവകാവ്യമായിട്ടു കൂടി ഇതിനെ നമുക്ക് വിലയിരുത്താം. ചരിത്രത്തിലെ അധര്‍മവും അന്യായവും പൊളിച്ചടുക്കിയ രണോത്സുകരായ ബദ്‌രീങ്ങളുടെ തിളക്കുന്ന ഓര്‍മകളെ മലബാറിന്റെ സാമ്രാജ്യത്വവിരുദ്ധ രണഭൂമിയില്‍ ജ്വലിപ്പിച്ചു നിറുത്തുവാനുള്ള ഒരു സര്‍ഗാത്മക പ്രയത്‌നത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നല്ലോ മുസ്‌ലിയാരുടെ ജീവിത സാഹചര്യം. മുസ്‌ലിയാരുടെ മറ്റൊരു സാഹിത്യ സംഭാവനയാണ്-കായല്‍പട്ടണത്തെ സയ്യിദ് ഉമര്‍ വലിയുള്ളാഹിയുടെ (ഹി. 1153 - 1216) അല്ലഫല്‍ അലിഫ് എന്ന പ്രസിദ്ധ കാവ്യഹാരത്തിന് അറബിഭാഷയില്‍ തയാറാക്കിയ ഗദ്യവ്യാഖ്യാനം. തന്റെ ഗുരുനാഥനായിരുന്ന ആലി മുസ്‌ലിയാര്‍ പ്രസ്തുത കൃതിക്ക് തന്റേതായൊരു വ്യാഖ്യാനം രചിച്ചിരുന്നത് നിലവിലിരിക്കെ തന്റേതായൊരു വ്യാഖ്യാനം അതേ കൃതിക്ക് തന്നെ എഴുതാന്‍ മുസ്‌ലിയാര്‍ ശ്രമിച്ചുവെങ്കില്‍ അത് സൂചിപ്പിക്കുന്നത് മുസ്‌ലിയാരുടെ സ്വതന്ത്ര ചിന്തയെയും ആസ്വാദന വ്യത്യസ്തതയേയുമായിരിക്കുമല്ലോ. ഗ്രന്ഥകാരന്റെ ബഹുഭാഷാ പാണ്ഡിത്യവും, ചികിത്സാവിദ്യയിലും നാട്ടുവൈദ്യത്തിലും അദ്ദേഹത്തിനുണ്ടായിരുന്ന അനിതര സാധാരണമായ പ്രാവീണ്യവും തെളിയിക്കുന്ന പ്രകൃഷ്ടരചനയാണ് മഖ്‌സനുല്‍ മുഫ്‌റദാത്ത്. ഒറ്റമൂലികളുടെ ഖജനാവ്/കലവറ എന്നൊക്കെ അര്‍ഥകല്‍പന നല്‍കാവുന്ന അറബി ഭാഷയില്‍ തയാറാക്കിയ ബൃഹത്തായ ഈ ചികിത്സാനിഘണ്ടു 1937ല്‍ അച്ചടിച്ചു പ്രസിദ്ധീകരിച്ചു. ഈ കൃതിയുടെ ഒന്നാം വാല്യത്തില്‍ 434 ഒറ്റമൂലികളും അവയുടെ അറബി, ഉറുദു, ഇംഗ്ലീഷ്, മലയാള ഭാഷകളിലുള്ള വ്യത്യസ്തങ്ങളായ വൈദ്യനാമങ്ങളും അവയുടെ ഗുണങ്ങളും ഔഷധം തയാറാക്കേണ്ട വിധവും പട്ടികാക്രമത്തില്‍ നല്‍കിയിരിക്കുന്നു. മൊത്തം 224 പുറങ്ങളുള്ള ബൃഹത്തായ ഈ ഗ്രന്ഥം, ആയുര്‍വേദ-യൂനാനി-പ്രവാചക വൈദ്യമുറകള്‍ക്കനുസരിച്ച് ക്രോഡീകരിക്കപ്പെട്ടിട്ടുള്ളതാണ്.
ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ (ക്രി. 1467-1522) രചിച്ച പ്രസിദ്ധമായ മന്‍ഖൂസ് മൗലിദിന് ഗ്രന്ഥകാരന്‍ അറബിയില്‍ തയാറാക്കിയ ഗദ്യവ്യാഖ്യാനമായ തുഹ്ഫത്തുല്‍ മുശ്താഖീന്‍ അലാ മൗലിദില്‍ മഅ്‌സൂം ബില്‍ മന്‍ഖൂസ് എന്ന കൃതി മുസ്‌ലിയാരുടെ മറ്റൊരു സാഹിത്യോപഹാരമാണ്. മലബാര്‍ ചരിത്രം ഒന്നാം ഖണ്ഡം (1928) ഗ്രന്ഥകാരന്‍ അറബിമലയാളത്തില്‍ തയാറാക്കിയ ഗദ്യനിബന്ധമാണ്. ഈ കൃതിയുടേയും നടേ സൂചിപ്പിച്ച മഖ്‌സനുല്‍ മുഫ്‌റദാത്തെന്ന ചികിത്സാനിഘണ്ടുവിന്റെയും ഒന്നാം ഭാഗം മാത്രമെ പുറത്തിറങ്ങിയിട്ടുള്ളൂ. തന്റെ രചനാലോകം വികസ്വരമാക്കുന്നതിനിടയില്‍ സംഭവിച്ച നിര്യാണം പ്രസ്തുത കൃതികളുടെയൊക്കെ തുടര്‍ച്ച നഷ്ടപ്പെടുത്തുകയാണുണ്ടായത്. പ്രതിഭാശാലിയായ ഈ ഗ്രന്ഥകാരന്‍ 1951ല്‍ 55-ാം വയസില്‍ വിടപറയുമ്പോള്‍ കായംകുളം ഹസനിയാ കോളജിന്റെ പ്രിന്‍സിപ്പലായിരുന്നു. മലപ്പുറം ജില്ലയിലെ കിടങ്ങയം ജുമാമസ്ജിദ് ഖബര്‍സ്ഥാനിലാണ് അദ്ദേഹത്തിന്റെ അന്ത്യവിശ്രമസ്ഥാനം.
വിഷയസൂചികയും ചരിത്രനിര്‍വചനവും
കശ്ഫുല്‍ അസ്ത്താര്‍ അന്‍ അത്വ്‌വാരില്‍ മലൈബാര്‍ എന്ന സാരവത്തായ തലക്കെട്ടാണ് ഗ്രന്ഥകാരന്‍ തന്റെ മലബാര്‍ ചരിത്രപഠനത്തിന് നല്‍കിയിട്ടുള്ളത്. 'മലബാറിന്റെ ചരിത്രഘട്ടങ്ങളുടെ അനാവരണം' എന്ന് ഇതിനെ പരിഭാഷപ്പെടുത്താവുന്നതാണ്. മലബാറിന്റെ സമഗ്രമായൊരു ചരിത്രരചന മുന്നില്‍ കണ്ടുകൊണ്ടായിരിക്കണം ഇത്രയും പ്രൗഢമായൊരു ശീര്‍ഷകം നല്‍കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചിരിക്കാമെന്ന് പ്രാഥമികമായും നിരീക്ഷിക്കാം. പ്രാചീന മലബാറിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന അമൂല്യങ്ങളായ ഏതാനും ചരിത്രവിവരങ്ങള്‍ ഈ കൃതിയില്‍ കടന്നു വരുന്നു. മലബാര്‍-ചേരരാജ്യം-കേരളം-മലയാളം എന്നീ വാമൊഴികളുടെ സ്ഥലനാമ സൂചനകള്‍, മലബാറിലേക്കുള്ള ജൂത-ക്രൈസ്തവ-മുസ്‌ലിം പ്രവേശങ്ങള്‍, സെന്റ് തോമസിന്റെ മലബാറിലേക്കുള്ള വരവ്, ചീനക്കാരുടെ മലബാര്‍ ബന്ധങ്ങള്‍, ഇന്ത്യയിലേക്കുള്ള ഇസ്‌ലാമിന്റെ ആഗമനം, സിന്ദില്‍ ഇസ്‌ലാം പ്രവേശിക്കുന്നതിനിടയായ സറന്‍ദ്വീപിലെ സംഭവ വികാസങ്ങള്‍, ബുദ്ധമത പ്രചാരം, കേരളത്തിലെ പ്രാചീന രാജാക്കന്മാരായ വീരകേരളവര്‍മ, ഭാസ്‌കര രവിവര്‍മ പെരുമാള്‍, പള്ളിബാണപ്പെരുമാള്‍, ചേരമാന്‍ പെരുമാള്‍, കോഴിക്കോട്ടെ സാമൂതിരി എന്നിവരെ കുറിച്ചുള്ള ഹ്രസ്വമായ വിവരണങ്ങള്‍, ചേരമാന്‍ പെരുമാളിന്റെ മതംമാറ്റവും സ്വത്തുവഹകളുടെ വീതംവയ്പ്പും തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ മക്കയിലേക്കുള്ള പുറപ്പാടും അടങ്ങിയ വിവരങ്ങള്‍, ശങ്കരാചാര്യരുടെ മതപുനരുദ്ധാരണ പരിശ്രമങ്ങള്‍ തുടങ്ങിയ കാര്യപ്രസക്തമായ വിഷയങ്ങള്‍ ഇതില്‍ പ്രതിപാദിക്കുന്നു.
വിഷയാവതരണത്തിലേക്ക് വരുന്നതിനു മുന്‍പായി കൃതിയുടെ മുഖവുരയില്‍ ചരിത്രപഠനത്തിന്റെ പ്രാധാന്യം, രചനയുടെ മുഖ്യതാല്‍പര്യം, ചരിത്രത്തിന്റെ നിര്‍വചനം എന്നിവ ഗ്രന്ഥകാരന്‍ നല്‍കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന്, ഗ്രന്ഥകാരന്‍ തന്റെ രചനോദ്ദേശം വ്യക്തമാക്കുന്നു: ''അവനവന്റെ രാജ്യചരിത്രങ്ങളെ കൊണ്ടുള്ള ഉപയോഗം അന്യചരിത്രങ്ങളെകൊണ്ട് ഉണ്ടാകുന്നതല്ല. മാതൃഭൂമിയോടുള്ള സ്‌നേഹം നിമിത്തം എല്ലാം കൊണ്ടും മലബാര്‍ മുസല്‍മാന്മാര്‍ക്കുപയോഗമുള്ള ഒരു മലബാര്‍ ചരിത്രം അറബിമലയാള ഭാഷയില്‍ നിര്‍മിക്കണമെന്ന് ആലോചിച്ചപ്പോള്‍ അതെഴുതാന്‍ തുടങ്ങിയിട്ടുള്ള ഒരു ഗദ്യമാകുന്നു ഇത് എന്നറിയുക''. ഈ പ്രസ്താവന, പ്രാദേശിക ചരിത്രരചനകള്‍ കാലോചിതമായി വളര്‍ച്ച പ്രാപിക്കേണ്ടതിന്റെ ആവശ്യകതയും അതോടൊപ്പം തന്നെ മാതൃരാജ്യത്തോടുള്ള സ്‌നേഹം നിലനിര്‍ത്തുന്നതില്‍ ചരിത്രബോധം വഹിക്കുന്ന പങ്കിനെ കുറിച്ചുമൊക്കെയുള്ള ഗ്രന്ഥകാരന്റെ ഉള്‍ക്കാഴ്ചകളെ ബലപ്പെടുത്തുന്നതാണ്.
ഇസ്‌ലാമിക ചരിത്രദര്‍ശനം മുന്നോട്ടുവയ്ക്കുന്ന വീക്ഷണങ്ങളില്‍ ഊന്നിയാണ് ഗ്രന്ഥകാരന്‍ ചരിത്രത്തിനുള്ള നിര്‍വചനങ്ങള്‍ നല്‍കിയിട്ടുള്ളത്. അദ്ദേഹം കൊടുത്ത രണ്ടു നിര്‍വചനങ്ങള്‍ കാണുക: ഒന്ന്-''അമ്പിയാക്കന്മാര്‍ (പ്രവാചകന്മാര്‍), രാജാക്കന്മാര്‍, രാജ്യപ്രബലന്മാര്‍, മഹാശൂരവീരന്മാര്‍, മതനേതാക്കന്മാര്‍ പോലോത്ത യോഗ്യന്മാരായ പൂര്‍വികന്മാരുടെയും മറ്റും ചരിത്രങ്ങളും സ്ഥിതികളും ഏത് ഇല്‍മ് (ജ്ഞാനം) കൊണ്ട് അറിയുന്നുവോ അതിനാണ് താരീഖ് (ചരിത്രം) എന്നു പറയുക. രണ്ട്-''അതാത് കാലങ്ങളില്‍ കഴിഞ്ഞിട്ടുള്ളവരുടെ ചരിത്രങ്ങളേയും സ്ഥിതിഗതികളെയും അതിശയ കഥകളേയും ഒരുമിച്ചുകൂട്ടി ആളുകള്‍ക്ക് ഗുണത്തിനുവേണ്ടി എഴുതപ്പെട്ട ശാസ്ത്രത്തിന് താരീഖ് എന്നു പറയും'' (പുറം. 4-5).
ആവിഷ്‌കാരരീതിയും ഉപാദാനങ്ങളും
ഹ്രസ്വമാണെങ്കിലും പ്രൗഢമായ ഈ രചനയെ വിശിഷ്ടമാക്കുന്ന പ്രധാനപ്പെട്ട ഒരു ഘടകം അതിന്റെ ആധികാരികതയാണ്. അറബിമലയാളത്തില്‍ രചിക്കപ്പെട്ട ചരിത്ര കൃതികളുടെ പൊതുസ്വഭാവം, ചരിത്രസംഭവങ്ങള്‍ക്കു പിന്നിലെ കാര്യകാരണബന്ധങ്ങളെ സൂക്ഷ്മമായി നിര്‍ധാരണം ചെയ്യുന്ന വസ്തുനിഷ്ഠാപരമായൊരു ആഖ്യാനശൈലിക്കല്ല അവ പ്രാമുഖ്യം നല്‍കുന്നത്, മറിച്ച്; സംഭവങ്ങളുടെ ആത്മീയ പാഠങ്ങളില്‍ ഊന്നിയ ആത്മനിഷ്ഠാപരമായ ആഖ്യാനശൈലിയാണതില്‍ കാണാനാകുക എന്നുള്ളതാണ്. ഗ്രന്ഥകര്‍ത്താവ്, പരമ്പരാഗതമായ ഈ ആഖ്യാനശൈലിയോട് ചേര്‍ന്നുനില്‍ക്കുമ്പോള്‍ തന്നെ പ്രതിപാദ്യത്തെ വസ്തുനിഷ്ഠാപരമാക്കാന്‍ പരമാവധി ഉത്സാഹിക്കുന്നതായി കാണാം. ഇപ്രകാരം, ചരിത്രത്തിന്റെ പ്രാഥമിക സ്രോതസുകളെ(ജൃശാമൃ്യ ടീൗൃരല)െ അവലംബിച്ചു കൊണ്ട് രചനയിലെ ഉള്ളടക്കത്തിന്റെ വിശ്വാസ്യത (ഞലഹശമയശഹശ്യേ) ഉറപ്പ് വരുത്തുന്നതില്‍ ഗ്രന്ഥകാരന്‍ കാണിക്കുന്ന ഔത്സുക്യവും പ്രത്യേകം എടുത്തുപറയേണ്ടതാണ്. അറബി സഞ്ചാരികളായ അല്‍ മസ്ഊദിയുടെ (ക്രി. 893-956) മുറൂജുദ്ദഹബ്, അബുല്‍ ഖാസിം ഫെരിഷ്തയുടെ (ക്രി. 1304 - 1369) താരീഖെ ഫെരിഷ്ത, ഇബ്‌നു ബത്തൂത്തയുടെ (ക്രി. 1304 - 1369) രിഹ്‌ല എന്നീ പുരാതന ഗ്രന്ഥങ്ങളും ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്റെ (ക്രി. 1532 - 1618) തുഹ്ഫത്തുല്‍ മുജാഹിദീന്‍, അക്ബര്‍ ഷാഹ് സാഹിബിന്റെ ആയിനയെ ഹഖീഖത്ത്‌നാമ, ശൈഖ് അബ്ദുല്‍ കരീം ജീലിയുടെ (ക്രി. 1365 - 1424) അല്‍ ഇന്‍സാനുല്‍ കാമില്‍ തുടങ്ങിയ ഗ്രന്ഥങ്ങളും പ്രത്യക്ഷത്തില്‍ തന്നെ രചനയില്‍ ഗ്രന്ഥകാരന്‍ ഉപജീവിച്ചതായി കാണുന്നു. ഇവയ്ക്കു പുറമെ കേരളോല്‍പത്തി, കേരളപ്പഴമ, കേരളമഹാത്മ്യം എന്നീ ഗ്രന്ഥങ്ങളും പാശ്ചാത്യ പണ്ഡിതരായ വില്യം മൂറിന്റെ (ക്രി. 1819 - 1905) ഠവല ഹശളല ീള ങീവമാാലറ, ജോണ്‍ വില്യം ഡ്രാപ്പറിന്റെ (ക്രി. 1811 - 1882) ഒശേെീൃ്യ ീള വേല ഇീിളഹശര േയലംേലലി ഞലഹശഴശീി മിറ ടരശലിരല, വില്യം വിന്‍സന്‍ ഹണ്ടറിന്റെ (1840- 1900) ഠവല ങൗമെഹാമി െഎന്നീ ഗ്രന്ഥങ്ങളില്‍ നിന്നുള്ള ഇസ്‌ലാമിനെ സംബന്ധിച്ച പരിഭാഷപ്പെടുത്തിയ ഉദ്ധരണികളും കാണുന്നു. ഇതേപ്രകാരം, ഉറുദു ഗ്രന്ഥങ്ങളില്‍ നിന്നുള്ള ഉദ്ധരണികള്‍ അപ്പടി കൊടുത്ത് അവയുടെ മലയാള പരിഭാഷ നല്‍കിയതായി കാണാം. ഉദാഹരണമായി, ദക്ഷിണേന്ത്യയിലെ ഇസ്‌ലാം പ്രചാരണം വിവരിക്കുന്ന വേളയില്‍ ഗ്രന്ഥകാരന്‍ അക്ബര്‍ ഷാഹ് ഖാന്‍ സാഹിബിനെ ഉദ്ധരിച്ച് എഴുതുന്നു: 'സറാന്ദദീപ് കെ ബഅദ് മേ ലന്‍കാദീപ്, മാല്‍ദീപ്,
ഓര്‍ മലബാര്‍ മേ ഇസ്‌ലാം പയല്‍ ചുക്കാത്താ.' സാരം: 'സറാന്‍ ദ്വീപിന്റെ ഉടനെതന്നെ ലങ്കാദ്വീപിലും മാല്‍ദ്വീപിലും മലബാറിലും ഇസ്‌ലാം പരന്നിരുന്നു.' രചനയില്‍ പ്രത്യക്ഷപ്പെടുന്ന ഈ പരിഷ്‌കാര ഭാവങ്ങളെല്ലാം 20-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ സംഭവിച്ച ഇസ്‌ലാമിക ചരിത്രരചനയിലും മാപ്പിള ഗദ്യസാഹിത്യത്തിലും വന്ന ആധുനീകരണത്തെ അടയാളപ്പെടുത്തുന്നു. 19-ാം നൂറ്റാണ്ടിന്റെ അന്ത്യം മുതല്‍ ഒന്നാം ലോകമഹായുദ്ധം വരെയുള്ള കാലയളവിലെ സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക ചലനങ്ങളും ബൗദ്ധിക നിലപാടുകളും മുസ്‌ലിം ലോകത്തെ പാരമ്പര്യ ചരിത്ര രചനാമണ്ഡലത്തില്‍ ആധുനികമായ പല മാറ്റങ്ങളും കൊണ്ടുവന്നിരുന്നുവല്ലൊ. പ്രസ്തുത മാറ്റങ്ങള്‍ ഉള്‍കൊണ്ട് രചിക്കപ്പെട്ട അറബിമലയാളത്തിലെ ആദ്യത്തെ ചരിത്ര നിബന്ധം എന്ന അംഗീകാരം കൂടി ഈ ചിരന്തനകൃതിക്ക് നല്‍കാവുന്നതാണ്.
മലബാര്‍, ചേരരാജ്യം, കേരളം, മലയാളം
പ്രാചീന കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം, അതിരുകള്‍, വിസ്തീര്‍ണം, ഭൂപരമായ പ്രത്യേകതകള്‍, കൃഷി, ജീവിതരീതി തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ ഈ പഠനത്തെ വളരെ ശാസ്ത്രീയവും ആധുനികവുമാക്കി തീര്‍ക്കുന്നു. ചരിത്രത്തിന്റെ ധാരകളെ യഥാവിധി അറിയുന്നതിനും ചരിത്രഗതിയെ എന്നും നിര്‍ണയിച്ചിട്ടു ള്ളതുമായ ഈ ഘടകങ്ങളെ കുറിച്ചുള്ള ചര്‍ച്ച ചരിത്രരചനയില്‍ വളരെ പരമ പ്രധാനമാണല്ലോ. മലബാര്‍, ചേരരാജ്യം, കേരളം, മലയാളം എന്നീ വാമൊഴികളുടെ ഉല്‍പ്പത്തിയെകുറിച്ച് ഗ്രന്ഥകാരന്റെ വിശദീകരണം കാണുക:
''എന്നാല്‍ നമ്മുടെ ഈ രാജിയത്തിന് ഇപ്പോള്‍ നാം മലബാര്‍ എന്നും മലയാളമെന്നും വിളിച്ചുവരുന്നു. പുരാതന കാലത്തില്‍ ഇതിന്നു കേരളമെന്നും ചേര രാജിയമെന്നും വിളിച്ചുവന്നിരുന്നു. മലയാളം എന്ന വാക്കിന്റെ അര്‍ത്ഥത്തെ കാണിക്കുവാന്‍ സാധിക്കുന്ന മലബാര്‍ എന്ന ഈ പേര് രാജിയത്തിന് സിദ്ധിച്ചിട്ടുള്ളത് പൂര്‍വകാലം ഇവിടെ കച്ചവടത്തിനും മറ്റും വേണ്ടി വന്ന അറബികളാലാകുന്നു. ഇതേ പേരുതന്നെയാണ് അന്യദിക്കുകാര്‍ ഈ രാജിയത്തിന് പറയുന്നത്. ഈ രാജിയത്തില്‍ എവിടെചെന്ന് നോക്കിയാലും ഒരു കുന്നോ മലയോ കാണാത്ത പ്രദേശം ഇല്ലെന്ന് തന്നെ പറയാം. കുന്നുപ്രദേശങ്ങളും മലകളുടെ ഇടയില്‍ ആണ്ടുകിടക്കുന്ന പരന്ന പ്രദേശങ്ങളുമാണ് ഈ രാജിയത്തില്‍ ഉള്ളത്. ഇങ്ങിനെ മലപ്രദേശവും ആഴമുള്ള (താണുകിടക്കുന്ന) പരന്ന പ്രദേശങ്ങളുമാണ് ഈ രാജിയത്തില്‍ ഉള്ളത്. ഇങ്ങിനെ മലപ്രദേശവും ആഴമുള്ള പ്രദേശവും ഇടകലര്‍ന്നു കിടക്കുന്ന ഈ രാജിയത്തിന്നു മുന്‍കാലത്തില്‍ നടപ്പായിരുന്ന പേര് 'മലയാഴം' എന്നായിരിക്കണമെന്നും അതു ദുഷിച്ച് ക്രമേണ മലയാളം എന്നായി തീര്‍ന്നിരിക്കണമെന്നുമാണ് ചില ചരിത്ര വിദ്വാന്മാര്‍ രാജിയത്തിന്റെ മലയാളമെന്ന പേരിനെപ്പറ്റി പറയുന്നത്. ഈ രാജിയത്തില്‍ തെങ്ങുകള്‍ ധാരാളം ഉള്ളതുകൊണ്ടും 'കേരം' എന്ന വാക്കിനു തെങ്ങ് എന്നര്‍ഥമുള്ളത് കൊണ്ടും തെങ്ങ് അധികമായുള്ള രാജിയം എന്നര്‍ത്ഥത്തില്‍ കേരളം എന്നു പറഞ്ഞതായിരിക്കാം. ഈ രാജിയത്തോടടുത്ത രാജിയക്കാരായ കനറക്കാരുടെ ഭാഷയില്‍ കേരം എന്ന അര്‍ത്ഥത്തില്‍ ചേരം എന്ന് ഉപയോഗിച്ചുവരുന്നതിനാല്‍ അവര്‍ ചേരരാജിയമെന്ന പേര് കൊടുത്തിട്ടുള്ള തായിരിക്കാം. ഒരിക്കല്‍ ചേരരാജിയത്തേയും മലയാള രാജിയത്തേയും ഒന്നായി ചേര (മൈസൂര്‍) രാജാക്കന്മാര്‍ ഭരിച്ചിട്ടുണ്ടായിരുന്നു. ചേരരാജിയം എന്ന് മലയാളത്തിന്ന് പറയുവാന്‍ ഇതും ഒരു സംഗതിയാവാം'. (പു. 5 - 6)
ഇതിനെ തുടര്‍ന്ന്, ഗ്രന്ഥകാരന്‍ പുരാതന മലബാറിന്റെ അതിര്‍ത്തികള്‍ വിശദീകരിക്കുന്നു. അവ ഇപ്രകാരം സംഗ്രഹിക്കാം: വടക്കുനിന്ന് തെക്കോട്ടു തീരദേശങ്ങളിലൂടെ 150 നാഴിക ദൂരം. ഇതിന്റെ അതിരുകള്‍ - വടക്ക്: കര്‍ണാടക ജില്ല. കിഴക്ക്: കുടക്, മൈസൂര്‍, നീലഗിരി, കോയമ്പത്തൂര്‍ ജില്ലകള്‍. തെക്ക്: കൊച്ചി നാട്ടുരാജ്യം, പടിഞ്ഞാറ്: അറബിക്കടല്‍ (പു. 7- 8)
സെന്റ് തോമസ് പുണ്യവാളനെ കുറിച്ചുള്ള ഐതിഹ്യം
ചിരപുരാതനമായ കേരളത്തിന്റെ വൈവിധ്യങ്ങളായ സാംസ്‌കാരിക ഭാവങ്ങളെ ഉള്‍കൊള്ളുന്നുവെന്നതാണ് ഈ ചരിത്രകൃതിയുടെ മറ്റൊരു സവിശേഷത. ചരിത്രത്തെ പോലെ തന്നെ പ്രബലമായ ഐതിഹ്യങ്ങളും ഈ കൃതി ചര്‍ച്ച ചെയ്യുന്നു. ചേരമാന്‍ പെരുമാളിന്റെ മതംമാറ്റം, പരശുരാമന്റെ കഥ, സെന്റ് തോമസ് പുണ്യവാളനെ കുറിച്ചുള്ള ഐതിഹ്യം എന്നിവ ഈ രചനയില്‍ പ്രതിപാദിച്ചിട്ടുണ്ട്. സുദീര്‍ഘമായ ചരിത്രജീവിതം നയിച്ച സമൂഹങ്ങളില്‍ സ്വാഭാവികമായും കടന്നുവരുന്ന സാംസ്‌കാരിക മുദ്രകളാണല്ലോ അവ. അഹൈന്ദവ സമൂഹങ്ങളായ യഹൂദര്‍, ക്രൈസ്തവര്‍, മുസ്‌ലിംകള്‍ മലബാറുമായി പുലര്‍ത്തിയ പ്രാചീന വാണിജ്യ-സാംസ്‌കാരിക ബന്ധങ്ങള്‍ കൂടി ഈ വിശിഷ്ടരചനയില്‍ ഉള്ളടക്കിയിട്ടുണ്ട്. ഗ്രന്ഥകാരന്‍ എഴുതുന്നു: ''ഇസ്‌ലാമിന്റെ മുമ്പും പിമ്പും യഹൂദി, നസ്വാറാ മുതലായവര്‍ കച്ചവടമൂലമായി ബഹ്‌റില്‍ (സമുദ്രം) കൂടി അറബിസ്ഥാനില്‍ നിന്ന് മലബാറില്‍ വന്നിരുന്നു. അവരും മലബാര്‍ നിവാസികളും തമ്മില്‍ കച്ചവട അനുഭവം ആലോചിച്ചു. വലിയ ഒരുമയിലും സ്‌നേഹത്തിലുമായിരുന്നു. ഇവരുടെ വരവ് നിമിത്തം കേരളത്തിലെ വ്യാപാരം വര്‍ദ്ധിച്ചിരിക്കുന്നു. ഇവരില്‍ മിക്കവരും ധനികന്‍മാരായിരുന്നു. ഇവരില്‍ ചുരുക്കം പേരേ മലബാറില്‍ താമസം ആക്കീട്ടുള്ളൂ. ഇവരെ അധികമായി കാണുന്നത് ഇപ്പോള്‍ കൊച്ചിയിലാകുന്നു. ക്രിസ്ത്യാനികള്‍ (നസ്വാറാ) ഈസവീ കൊല്ലം ഒന്നാം നൂറ്റാണ്ടില്‍ തന്നെ മലബാറില്‍ വന്ന് ചേര്‍ന്നിരിക്കുന്നു. ഈസാ അലൈഹിസ്സലാം തങ്ങളെ ഹവാരിയാക്കളില്‍ (ശിഷ്യന്മാര്‍) പെട്ട ഒരാളായ സെന്റ് തോമസ് എന്ന അദ്ദേഹം തന്നെ ഈസവീ കൊല്ലം അമ്പത്തിരണ്ടാമതില്‍ (52) ഇവിടെ വരികയും മതപ്രസംഗം ചെയ്യുകയും ചെയ്തിരിക്കുന്നു. ഇദ്ദേഹത്തിന്റെ മതപ്രസംഗം കേട്ട് അനേകം ആളുകളും അന്ന് ക്രിസ്തുമതം സ്വീകരിച്ചിരിക്കുന്നു. ഇവരുടെ ആവശ്യത്തിനുവേണ്ടി മലബാറില്‍ അനേകം ദിക്കുകളിലും പള്ളികള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഈസാ അലൈഹിസ്സലാമിന്റെ പന്തിരണ്ട് ശിഷ്യന്മാരില്‍പ്പെട്ട മേല്‍പ്പറഞ്ഞ സെന്റ് തോമസ് എന്ന മഹാന്‍ വന്നതായ മൈലാപ്പൂര്‍ എന്ന സ്ഥലത്ത് അന്നു രാജാവായിരുന്ന 'സാകാമൂസ്' എന്ന അദ്ദേഹത്തെ ക്രിസ്തുമതക്കാരനാക്കുകയും തന്മൂലം പ്രജകളുടെ കയ്യാല്‍ രാജാവ് കൊല്ലപ്പെട്ട് പോവുകയും ചെയ്തിരിക്കുന്നു. പിന്നീട് നാലാം നൂറ്റാണ്ടില്‍ ഒരു കച്ചവടക്കാരന്‍ ഇവിടെയുള്ള ക്രിസ്ത്യാനികളുടെ സഹായത്തിന്ന് വേണ്ടി കുറെ അധികം ക്രിസ്ത്യാനികളേയും അവരുടെ തലവനായി ഒരു മെത്രാനേയും കൊണ്ടുവന്നു ഇവിടെ താമസിപ്പിച്ചിരിക്കുന്നു. കേരളത്തിലെ അന്നത്തെ രാജാക്കന്മാര്‍ അവര്‍ക്കുവേണ്ട സൗകര്യം ഉണ്ടാക്കി കൊടുത്തിരിക്കുന്നു. വിദ്യാഭ്യാസകാര്യത്തില്‍ ഇവര്‍ ആദ്യം മുതല്‍ക്കേ പരിശ്രമിച്ചിട്ടുണ്ട്. ബ്രാഹ്മണര്‍ നിര്‍ദയം താണജാതികളുടെ ഇടയില്‍ പലനിയമങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ക്രിസ്ത്യാനികളെ വരവിനുശേഷം ആ നിയമങ്ങള്‍ക്കെല്ലാം വലിയ ഭേദഗതി വന്നു''(പു. 18 - 19).
ശ്രീ ശങ്കരാചാര്യരും ഹിന്ദുമത നവീകരണവും
മഹോദയപുരം തലസ്ഥാനമാക്കി കേരളം വാണിരുന്ന കുലശേഖര രാജാക്കന്മാരുടെ കാലത്തിലേക്കും (ക്രി. 800-1102) ഈ കൃതി വെളിച്ചം വീശുന്നു. ഇക്കാലത്ത് ജീവിച്ചിരുന്ന പരിഷ്‌കര്‍ത്താവും അദ്വൈത വേദാന്തിയുമായ ശ്രീ. ശങ്കരാചാര്യരെ കുറിച്ച് ഗ്രന്ഥകാരന്‍ പറയുന്നത് കാണുക: ''ഹിന്ദുമതക്കാരായ ബ്രാഹ്മണന്മാര്‍ തങ്ങളുടെ മതത്തിന്റെ നിയമങ്ങള്‍ക്ക് അനുസരിച്ച് നടക്കാതെ വഴിപിഴച്ചവരായതിനാല്‍ അവരെ ചൊവ്വുവഴിക്ക് കൊണ്ടുവരുവാന്‍ വേണ്ടി ശങ്കരാചാര്യര്‍ എന്ന വിദ്വാന്‍ വലിയ ഉത്സാഹങ്ങളെല്ലാം ചെയ്തിരുന്നു. പക്ഷെ അത്‌കൊണ്ടൊന്നും ബ്രാഹ്മണരുടെ നടപടികളില്‍ വലിയ ഭേദഗതികള്‍ ഒന്നും വന്നില്ല. ഈ ശങ്കരാചാര്യര്‍ എന്ന വിദ്വാന്റെ ജനനം ഈസവികൊല്ലം എഴുന്നൂറ്റി എമ്പെത്തെട്ടിലാണ് (788). ഇദ്ദേഹം കേരളത്തില്‍ ജനിച്ചിട്ടുള്ള മഹാന്മാരില്‍ വെച്ച് മഹാ സമര്‍ത്ഥനും യോഗ്യനും ഹിന്ദുമതത്തിന്റെ വലിയ പണ്ഡിതനുമായിരുന്നു. പെരിയാര്‍ നദീതീരത്തില്‍ ആലുവായില്‍ നിന്ന് ഏകദേശം എട്ടുനാഴിക ദൂരെയുള്ള കാലടി എന്ന സ്ഥലത്ത് ഒരു നമ്പൂതിരിയുടെ ഭവനത്തിലാണ് ഇദ്ദേഹം ജനിച്ചിട്ടുള്ളത്.''(പു. 33). ഇതിനെ തുടര്‍ന്ന്, ശങ്കരാചാര്യരുടെ പഠനം, ദേശാടനങ്ങള്‍, ബുദ്ധ-ജൈന പണ്ഡിതന്മാരുമായുള്ള സംവാദങ്ങള്‍, ബ്രാഹ്മണരുടെ അത്യാചാരങ്ങള്‍ക്കെതിരേയുള്ള മുറവിളികള്‍, ആചാര്യരുടെ അമ്മക്കെതിരേ നാട്ടുമൂപ്പന്മാര്‍ നടത്തിയ ഭ്രഷ്ടുകള്‍ തുടങ്ങിയ വിഷയങ്ങള്‍ ഗ്രന്ഥകാരന്‍ തന്‍മയത്വത്തോടെ ചര്‍ച്ച ചെയ്യുന്നു.
ഉപസംഹാരം
ഇരുള്‍ മൂടിയ പ്രാചീന മലബാറിനെ കുറിച്ച് 88 വര്‍ഷങ്ങള്‍ക്ക് മുന്‍പു രചിക്കപ്പെട്ട ഈ കൊച്ചുകൃതി ഒട്ടനവധി അക്കാദമിക ചിന്തകള്‍ക്ക് വക നല്‍കുന്നുണ്ടെന്നതിലേയ്ക്കാണ് ഉപരിസൂചിത വസ്തുതാവിവരങ്ങള്‍ വെളിച്ചം വീശുന്നത്. മലയാളത്തിലെ പ്രാദേശിക ചരിത്രരചനാമണ്ഡലം വേണ്ടത്ര വികാസം കൊണ്ടിട്ടില്ലാത്ത 20-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ കൊളോനിയല്‍ വിരുദ്ധകലാപങ്ങളുടെ നടുവിലിരുന്ന് നിര്‍മിക്കപ്പെട്ട പ്രഥമ അറബിമലയാള ചരിത്രരചന എന്ന നിലയിലാണ് ഇതിനുള്ള പ്രഥമസ്ഥാനം അടയാളപ്പെടുത്തേണ്ടത്. 'കേരളചരിത്ര രചനക്ക് അറബിമലയാളത്തില്‍ ആദ്യമായി തുനിഞ്ഞത് ഇബ്‌റാഹിം മൗലവിയായിരുന്നു' എന്ന കെ.കെ മുഹമ്മദ് അബ്ദുല്‍ കരീമിന്റെ വാക്കുകള്‍ അടിവരയിടുന്ന വസ്തുതയും അതാണ്.
രണ്ടാമതായി, കൊങ്കണം മുതല്‍ കന്യാകുമാരി വരെ നീണ്ടുകിടക്കുന്ന പ്രവിശാലമായ അവിഭക്ത മലബാറിനെ കുറിച്ചാണ് ഇതിലെ പ്രതിപാദ്യം എന്നുള്ളതും ഇതിന്റെ അക്കാദമിക സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. രചനാ പ്രാധാന്യവുമായി പ്രത്യേകം ചേര്‍ത്തുപറയേണ്ട മറ്റൊരു കാര്യം, കേരളത്തില്‍ നിന്ന് പിറവിയെടുത്ത ആദ്യകാല പ്രാദേശിക ചരിത്രരചനകള്‍ കേരളോല്‍പ്പത്തി, കേരളമാഹാത്മ്യം തുടങ്ങിയ ഐതിഹ്യ ഗ്രന്ഥങ്ങളിലെ അതിഭാവുകത്വങ്ങളില്‍ അഭിരമിക്കുകയും നായര്‍ അധീശത്വം സ്ഥാപിച്ചെടുക്കുന്നതില്‍ ഉത്സാഹിക്കുകയും ചെയ്തിരുന്നുവല്ലോ. ഉദാഹരണമായി, ചട്ടമ്പിസ്വാമികള്‍ (1853-1924) രചിച്ച പ്രാചീനകേരളം ഒന്നാം ഭാഗത്തില്‍ ഉല്‍കൃഷ്ട കുലജാതരും ദ്രാവിഡരും നാടുവാഴികളുമായിരുന്ന നായന്മാരുടെ വകയാണ് കേരളമെന്ന് സ്ഥാപിക്കാനായിരുന്നുവെന്ന് എരുമേലി പരമേശ്വരന്‍പിള്ള ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആറ്റൂര്‍ കൃഷ്ണപിഷാരടി (1875-1964) രചിച്ച കേരളചരിത്രം, തിരുവിതാംകൂര്‍ ചരിത്രം എന്നീ ഗ്രന്ഥങ്ങളിലും മുഴച്ച് നില്‍ക്കുന്നതും പ്രസ്തുത ഭാവങ്ങള്‍ തന്നെയാണ്.
എന്നാല്‍, ഇവിടെ ഒരു ഗവേഷകന്റെ പക്വമായ സമീപനത്തോടെയും സാമൂഹിക ഉള്‍ക്കാഴ്ചയോടെയുമാണ് ഈ കൃതി രചിച്ചിട്ടുള്ളതെന്നും ഇതിന്റെ ആത്യന്തിക വായനയില്‍ ഏതൊരാള്‍ക്കും ബോധ്യപ്പെടും. പക്ഷപാതിത്വവും മുന്‍വിധികളും കലര്‍ന്ന പരാമര്‍ശങ്ങള്‍ ഈ കൃതിയിലെവിടെയും കടന്നുവരുന്നില്ലായെന്നതും പ്രത്യേകം എടുത്ത് പറയേണ്ടതാണ്. യാദൃച്ഛികമാണെങ്കിലും, കൗതുകകരമായ മറ്റൊരു കാര്യം ഈ കൃതി രചിച്ച അതേവര്‍ഷം തന്നെയാണ് ഹൈദരാബാദ് പണ്ഡിതനായ ഡോ. ശംസുല്ലാ ഖാദിരി ഉറുദുഭാഷയില്‍ തന്റെ പ്രസിദ്ധമായ 'മലൈബാര്‍' രചിക്കുന്നത്. പ്രസ്തുത കൃതി വി. അബ്ദുല്‍ ഖയ്യൂം (മ.1957) 1954ല്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. പ്രൊഫ. കെ.വി അബ്ദുറഹിമാന്റെ മുഖവുരയോടെ എരഞ്ഞിപ്പാലം ബുഷ്‌റ പബ്ലിഷിങ് ഹൗസ് അത് അച്ചടിച്ചു പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. 2010ലും 2012ലുമായി കോഴിക്കോട് അദര്‍ ബുക്‌സ് അതിന്റെ രണ്ട് എഡിഷനുകള്‍ പുറത്തിറക്കുകയും ചെയ്തു. എന്നാല്‍, മലയാളിയായ ഒരു മതപണ്ഡിതന്‍ അറബിമലയാളത്തില്‍ തയാറാക്കിയ ഈ കൊച്ചുകൃതിക്ക് ഇന്നേവരെ ഒരു മലയാള ഭാഷാന്തരമോ അര്‍ഹമായ അക്കാദമിക ശ്രദ്ധയോ ലഭിക്കുകയുണ്ടായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."