വൻകിട കമ്പനികളുടെ ഭൂമി കൈയേറ്റം; തോട്ടഭൂമി തിരിച്ചുപിടിക്കാൻ കച്ചകെട്ടി സർക്കാർ
തൊടുപുഴ: ഹാരിസൺ ഉൾപ്പെടെയുള്ള കമ്പനികൾ നിയമവിരുദ്ധമായി കൈയേറിയ ഏക്കർ കണക്കിന് തോട്ടഭൂമി തിരിച്ചുപിടിക്കാൻ റവന്യു വകുപ്പ് നിയമപോരാട്ടം ശക്തമാക്കുന്നു. നടപടിക്രമങ്ങളുടെ ഭാഗമായി കൂടുതൽ സിവിൽ കേസുകൾ ഫയൽ ചെയ്യാൻ റവന്യു സെക്രട്ടറി എം.ജി രാജമാണിക്യം ഉത്തരവിട്ടു.
പഴയ തിരുവിതാംകൂർ, കൊച്ചി, മലബാർ നാട്ടുരാജ്യങ്ങളിലെ ഭരണാധികാരികൾ തോട്ടവിള കൃഷിക്കായി ഇംഗ്ലിഷ് കമ്പനികൾക്കും വ്യക്തികൾക്കും നാമമാത്രമായ പാട്ടത്തുകയ്ക്ക് നൽകിയ ഭൂമിയാണ് സ്വകാര്യ കമ്പനികളുടെ കൈവശമുള്ളത്. 'ഓരോ കൈമാറ്റവും സർക്കാരിനെ അറിയിക്കണം' എന്ന വ്യവസ്ഥ ലംഘിച്ചാണ് വിദേശ കമ്പനിയുടെ പിൻഗാമിയായ ഹാരിസൺസ് മലയാളം ലിമിറ്റഡും മറ്റ് കമ്പനികളും ഈ ഭൂമി കൈവശം വെച്ചിരിക്കുന്നത്.
സംസ്ഥാന സ്‌പെഷ്യൽ ഓഫിസർ ഭൂമി തിരിച്ചുപിടിക്കാൻ ഉത്തരവിട്ടിരുന്നെങ്കിലും, ഹൈക്കോടതി നിർദേശപ്രകാരം ഉടമസ്ഥാവകാശം സ്ഥാപിക്കാൻ സർക്കാർ സിവിൽ കോടതിയെ സമീപിക്കുകയായിരുന്നു. റവന്യൂ വകുപ്പിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫിസർ തോമസ് സി.ഐ യുടെ കൃത്യമായ ഏകോപനത്തിലൂടെ കോട്ടയം, പത്തനംതിട്ട, കൊല്ലം, ഇടുക്കി, തിരുവനന്തപുരം, വയനാട് ജില്ലകളിലെ 78,626 ഏക്കർ ഭൂമി തിരിച്ചുപിടിക്കാൻ 38 സിവിൽ കേസുകൾ ഫയൽ ചെയ്യാൻ സർക്കാരിന് സാധിച്ചു. മറ്റ് ജില്ലകളിലും കേസ് ഫയൽ ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ഹാരിസൺസിന് പുറമെ ട്രാവൻകൂർ റബർ ആന്റ് ടീ കമ്പനി, പാരിസൺസ് കമ്പനി, ഹോപ്പ് പ്ലാന്റേഷൻസ്, ആർ.ബി.റ്റി, സി.ബി.എസ്, പോബ്‌സ്, എം.എം.ജെ തുടങ്ങി പ്രമുഖ കമ്പനികളും ഭൂമി നിയമവിരുദ്ധമായി കൈവശം വെച്ചവരുടെ പട്ടികയിലുണ്ട്. പതിറ്റാണ്ടുകൾ പഴക്കമുള്ളതും സങ്കീർണവുമായ റവന്യൂ രേഖകൾ കൃത്യതയോടെ ശേഖരിക്കണം. ഈ രേഖകൾ ജില്ലാ കലക്ടർമാർക്കും സർക്കാർ പ്ലീഡർമാർക്കും കൈമാറി കേസുകൾ ഫയൽ ചെയ്യുന്നതിനായി വിവിധ റവന്യൂ ഓഫിസുകൾ, അഡ്വക്കേറ്റ് ജനറൽ ഓഫിസ് എന്നിവയുമായി നിരന്തരം ഏകോപനം നടത്തണം.
മണിക്കൂറുകളോളം നീളുന്ന തീവ്രമായ ശ്രദ്ധ ആവശ്യമുള്ള ഈ കേസിന്റെ പ്രാഥമിക ഹരജികളും മറുപടി സത്യവാങ്മൂലങ്ങളും തയാറാക്കൽ ശ്രമകരമാണ്. വൻകിട കമ്പനികളുടെ നിയമവിരുദ്ധ നടപടി കാരണം സംസ്ഥാന ഖജനാവിനുണ്ടാകുമായിരുന്ന കോടിക്കണക്കിന് രൂപയുടെ റവന്യൂ നഷ്ടം തടയാൻ ഈ പോരാട്ടത്തിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ.
റവന്യൂ ഉദ്യോഗസ്ഥന് 'ഗുഡ് സർവിസ് എൻട്രി'
വൻകിട കമ്പനികൾ നിയമവിരുദ്ധമായി കൈവശം വെച്ച സർക്കാർ ഭൂമി തിരിച്ചുപിടിക്കുന്നതിനുള്ള സിവിൽ കേസുകളിൽ നിർണായക സംഭാവന നൽകിയ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥന് സർക്കാരിന്റെ ആദരം. റവന്യൂ (എ) വകുപ്പിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫിസർ തോമസ് സി.ഐ ക്കാണ് മാതൃകാപരമായ സേവനം കണക്കിലെടുത്ത് സർക്കാർ 'ഗുഡ് സർവിസ് എൻട്രി' അനുവദിച്ചത്. റവന്യൂ സെക്രട്ടറി എം.ജി. രാജമാണിക്യം ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."