പാലാ നഗരസഭ ഭരണപ്രതിസന്ധിയിൽ; ദിയാ പുളിക്കകണ്ടത്തിലിനെതിരെ വൈസ് ചെയർപേഴ്‌സണും കൗൺസിലർമാരും നേതൃത്വത്തിന് കത്തയച്ചു
കോട്ടയം: പാലാ നഗരസഭയിൽ ഭരണകക്ഷിയായ യുഡിഎഫിനുള്ളിലെ ആഭ്യന്തര തർക്കങ്ങൾ പുതിയ തലത്തിലേക്ക്. ചെയർപേഴ്‌സൺ ദിയാ ബിനു പുളിക്കക്കണ്ടത്തിലിനോടുള്ള വിശ്വാസം പൂർണ്ണമായും നഷ്ടപ്പെട്ടെന്ന് വ്യക്തമാക്കി വൈസ് ചെയർപേഴ്‌സൺ ഉൾപ്പെടെ ആറ് യുഡിഎഫ് കൗൺസിലർമാർ മുന്നണി നേതൃത്വത്തിന് കത്തയച്ചു. ഇതോടെ നഗരസഭയിലെ ഭരണപ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. അതേസമയം, തർക്കങ്ങൾ പരിഹരിക്കാൻ മാണി സി. കാപ്പൻ എംഎൽഎയുടെ നേതൃത്വത്തിൽ സമവായ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ആറുമാസമായി സ്വതന്ത്രമുന്നണി കൂട്ടായ്മയുടെ ഭാഗത്തുനിന്നുണ്ടാകുന്ന സംഭവങ്ങൾ കോൺഗ്രസ് പാർട്ടിക്കും കൗൺസിലർമാർക്കും വലിയ അപമാനമാണ് ഉണ്ടാക്കുന്നതെന്ന് നേതൃത്വത്തിനയച്ച കത്തിൽ കൗൺസിലർമാർ ചൂണ്ടിക്കാണിക്കുന്നു.
കത്തിലെ പ്രധാന ആരോപണങ്ങൾ:
പേരിന് യുഡിഎഫ് ഭരണമാണെങ്കിലും കോൺഗ്രസ് കൗൺസിലർമാർക്കോ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർക്കോ ഭരണത്തിൽ യാതൊരു പങ്കുമില്ല. പാർലമെന്ററി പാർട്ടി യോഗത്തിൽ കോൺഗ്രസ് കൗൺസിലർമാർക്കെതിരെ വാക്കേറ്റവും കയ്യേറ്റശ്രമവുമുണ്ടായി. ഒരു കോൺഗ്രസ് കൗൺസിലർക്കെതിരെ മോഷണക്കുറ്റമടക്കം ആരോപിച്ച് കള്ളക്കേസ് നൽകി മാധ്യമങ്ങളിലൂടെ അപമാനിക്കാൻ ചെയർപേഴ്‌സൺ ശ്രമിച്ചു.
സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങളും യുഡിഎഫ് എംഎൽഎയുടെ വിജയവും കണക്കിലെടുത്ത്, ഇതുവരെ നേതാക്കളുടെ നിർദ്ദേശമനുസരിച്ച് യാതൊരു അപസ്വരങ്ങളും ഉണ്ടാക്കാതെയാണ് മുന്നോട്ട് പോയതെന്നും എന്നാൽ ഇപ്പോഴത്തെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ചെയർപേഴ്‌സണിലുള്ള വിശ്വാസം പൂർണ്ണമായി നഷ്ടപ്പെട്ടെന്നും കത്തിൽ വ്യക്തമാക്കുന്നു.
തർക്കത്തിന് തുടക്കമിട്ട 'ഫയൽ-വാച്ച് മോഷണവിവാദം'
കോൺഗ്രസ് കൗൺസിലറായ ബിജു മാത്യൂസ് ചെയർപേഴ്‌സന്റെ മുറിയിൽ അതിക്രമിച്ച് കയറി വാച്ചും നിർണായക ഫയലുകളും മോഷ്ടിച്ചുവെന്ന് ദിയാ പുളിക്കക്കണ്ടം പരാതിപ്പെട്ടതോടെയാണ് നിലവിലെ തർക്കങ്ങൾക്ക് തുടക്കമായത്. താനും സെക്രട്ടറിയും ഓഫീസിൽ ഇല്ലാതിരുന്ന സമയത്ത് അനുമതിയില്ലാതെ മുറി തുറന്ന്, ജല അതോറിറ്റിയുമായി ബന്ധപ്പെട്ട പ്രധാന ഫയൽ ബിജു മാത്യൂസ് കടത്തിക്കൊണ്ടുപോയെന്നാണ് ചെയർപേഴ്‌സന്റെ ആരോപണം. ഈ ഫയലിനുള്ളിൽ തന്റെ ഒരു വാച്ചും ഉണ്ടായിരുന്നുവെന്ന് അവർ പരാതിപ്പെട്ടിരുന്നു.
തന്റെ ഭരണത്തിൽ പിഴവുകൾ വരുത്തി നഗരസഭയെ ഇകഴ്ത്തിക്കാണിക്കാനാണ് ബിജു മാത്യൂസ് തുടക്കം മുതൽ ശ്രമിക്കുന്നതെന്നും ദിയ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലിസിന്റെയും നഗരസഭാ ജീവനക്കാരുടെയും സാന്നിധ്യത്തിൽ മൊഴിയെടുപ്പ് നടന്നതും, കോൺഗ്രസ് കൗൺസിലർമാർ കൂട്ടത്തോടെ ചെയർപേഴ്‌സണെതിരെ തിരിഞ്ഞതും. നിലവിൽ മുന്നണിയിലെ പിളർപ്പ് ഒഴിവാക്കാനും ഭരണം സുഗമമായി മുന്നോട്ട് കൊണ്ടുപോകാനുമുള്ള തീവ്രശ്രമത്തിലാണ് യുഡിഎഫ് നേതൃത്വം.
pala municipality faces political crisis as council members protest. the pala municipality is currently experiencing a political crisis. the vice chairperson and several councillors have officially submitted a letter to the party leadership, expressing their strong protest and grievances against municipal councillor diya pulikkakandathil.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."