കോഴിക്കോട് ഇതരസംസ്ഥാന തൊഴിലാളിക്ക് മലമ്പനി സ്ഥിരീകരിച്ചു
കോഴിക്കോട് ജില്ലയില്‍ മലമ്പനി (മലേറിയ) സ്ഥിരീകരിച്ചു. തിക്കോടിയിലെ ഇതരസംസ്ഥാന തൊഴിലാളിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. സംഭവത്തെ തുടര്‍ന്ന് ജില്ലയില്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.
കൊതുകുകളിലൂടെയാണ് മലേറിയ പടരുന്നത്. അതുകൊണ്ട് തന്നെ കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. പ്ലാസ്‌മോഡിയം വിഭാഗത്തില്‍പ്പെട്ട ഏകകോശ പരാദങ്ങളാണ് മലമ്പനിക്ക് കാരണമാകുന്നത്. അനോഫിലിസ് വിഭാഗത്തില്‍പ്പെട്ട പെണ്‍കൊതുകുകള്‍ വഴിയാണ് രോഗം പടരുന്നത്.
പനിയോടൊപ്പം ശക്തമായ വിറയല്‍, തലവേദന, പേശീവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. വിറയലോട് കൂടിയ ശക്തമായ പനിയോ, ദിവസേനയോ-ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ മൂന്നുദിവസം കൂടുമ്പോഴോ ആവര്‍ത്തിക്കുന്ന പനിയോ പ്രധാന ലക്ഷണങ്ങളാണ്. ഇതിനുപുറമെ മനംപുരട്ടല്‍, ഛര്‍ദ്ദി, ചുമ, കണ്ണിലും ചര്‍മ്മത്തിലും മഞ്ഞനിറം കാണപ്പെടുക തുടങ്ങിയവയും ലക്ഷണങ്ങളാണ്.
അതേസമയം സംസ്ഥാനത്ത് ഷിഗെല്ല ഭീഷണിയും വർധിക്കുകയാണ്. പുതുതായി മൊകേരിയില്‍ രണ്ടുകുട്ടികള്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. നാലും, എട്ടും വയസുള്ള രണ്ട് കുട്ടികളാണ് ചികിത്സയിലുള്ളത്. കോഴിക്കോട്, വയനാട്, കൊല്ലം, തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം ജില്ലകള്‍ക്ക് പുറമെയാണ് ഇപ്പോള്‍ കണ്ണൂരിലും രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഈ വര്‍ഷം ഇതുവരെ 135ലധികം ഷിഗെല്ല കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ഷിഗെല്ല ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ കഴിഞ്ഞദിവസം മരിച്ചിരുന്നു. മലപ്പുറം എയുപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി ആർജവ് ആണ് മരിച്ചത്. മലപ്പുറം പൂക്കോട്ടൂർ സ്വദേശിയാണ്. ഈ വർഷം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ ഷിഗെല്ല മരണമാണിത്. കഴിഞ്ഞ ദിവസം രണ്ട് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. പയ്യോളി സ്വദേശിയായ ഒമ്പതുവയസുകാരനും കുന്ദമംഗലം സ്വദേശിയായ ഒരു വയസുകാരനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ഒരു വയസുകാരന്റെ ആരോഗ്യനിലയും അതീവ ഗുരുതരമായി തുടരുകയാണെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."