'യുഎഇയിൽ, എല്ലാ ജീവനും പ്രധാനപ്പെട്ടതാണ്'; വീടിന്റെ തൂണിനുള്ളിൽ കുടുങ്ങിയ പൂച്ചക്കുട്ടികൾക്ക് രക്ഷകരായി ഷാർജ സിവിൽ ഡിഫൻസ്
ഷാർജ: "യുഎഇയിൽ, എല്ലാ ജീവനും പ്രധാനപ്പെട്ടതാണ്" ഹൃദയസ്പർശിയായ ഒരു രക്ഷാപ്രവർത്തനത്തിന് ശേഷം ഷാർജയിലെ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥൻ പറഞ്ഞ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. ഷാർജയിലെ ഒരു വീടിന്റെ കോൺക്രീറ്റ് തൂണിനുള്ളിൽ അബദ്ധത്തിൽ കുടുങ്ങിപ്പോയ ഒരു കൂട്ടം പൂച്ചക്കുട്ടികളെയാണ് സിവിൽ ഡിഫൻസ് സംഘം അതിസാഹസികമായി രക്ഷപെടുത്തിയത്.
ഇമാറാത്തി വീട്ടമ്മയായ ബദ്രിയ അഹമ്മദ് അൽ മസ്മിയുടെ വീട്ടിലായിരുന്നു സംഭവം. തന്റെ വീടിനുള്ളിലെ ഒരു തൂണിൽ നിന്ന് അസാധാരണമായ ശബ്ദങ്ങളും നേരിയ ചലനങ്ങളും ശ്രദ്ധയിൽപ്പെട്ടതോടെയാണ് അവർ ഉള്ളിൽ എന്തോ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തിൽ ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റിയെ സഹായത്തിനായി വിളിക്കുന്നത്.
വിവരമറിഞ്ഞ് ഉടനടി സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർ ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ ശബ്ദം കേട്ട തൂൺ പരിശോധിച്ചു. ഇതിനുള്ളിൽ പൂച്ചക്കുട്ടികൾ കുടുങ്ങിക്കിടക്കുകയാണെന്ന് മനസ്സിലാക്കിയതോടെ ഏറെ ജാഗ്രതയോടെയാണ് സംഘം നീങ്ങിയത്.
പൂച്ചക്കുട്ടികൾക്ക് യാതൊരുവിധ പരുക്കുകളും ഏൽക്കാത്ത രീതിയിൽ തൂണിന്റെ ഭാഗം ശ്രദ്ധയോടെ മാറ്റിയാണ് അവയെ പുറത്തെടുത്തത്. കേവലം മനുഷ്യരുടെ ജീവൻ മാത്രമല്ല, ഭൂമിയിലെ എല്ലാ ജീവജാലങ്ങളെയും സംരക്ഷിക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്ന് തെളിയിക്കുന്നതായിരുന്നു സിവിൽ ഡിഫൻസിന്റെ പെട്ടെന്നുള്ള ഈ ഇടപെടൽ.
തൂണിനുള്ളിൽ നിന്ന് പുറത്തെടുത്ത പൂച്ചക്കുട്ടികളെ പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം ഷാർജ സിറ്റി മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള ഷാർജ ക്യാറ്റ് ആൻഡ് ഡോഗ് ഷെൽട്ടറിലേക്ക് കൈമാറി. ഇവിടെ ഇവയ്ക്ക് ആവശ്യമായ വിദഗ്ദ്ധ ചികിത്സയും കൃത്യമായ പരിചരണവും ഉറപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.
ഏറ്റവും ചെറുതും ദുർബലവുമായ ജീവികളുടെ വിളിപ്പുറത്തുപോലും ഓടിയെത്തിയ സിവിൽ ഡിഫൻസ് ടീമുകളുടെ ദൃഢനിശ്ചയത്തെയും കാരുണ്യത്തെയും പ്രശംസിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയത്. യുഎഇ കാത്തുസൂക്ഷിക്കുന്ന ഉന്നതമായ മാനുഷിക മൂല്യങ്ങളുടെ തെളിവാണ് സംഭവമെന്ന് ജനങ്ങൾ കുറിച്ചു.
Sharjah Civil Defence rescued kittens trapped inside a house pillar, highlighting the UAE's commitment to protecting all forms of life. The operation drew praise from residents and animal lovers across the country.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."