പി.എസ്.സിയുടെ പുതിയ പരിഷ്കാരം തിരിച്ചടിയായി; ഒരു മിനിറ്റ് വൈകിയതിന് സീനിയർ ഡെപ്യൂട്ടി തഹസിൽദാർമാരെ പരീക്ഷയ്ക്കിരുത്തിയില്ല
തിരുവനന്തപുരം: പി.എസ്.സി. ഓൺലൈനായി നടത്തുന്ന വകുപ്പുതല പരീക്ഷകളിലെ പുതിയ പരിഷ്‌കാരം അറിയാതെ പരീക്ഷാർഥികൾ വെട്ടിലായി. ഇന്ന് നടന്ന നിർണായകമായ ക്രിമിനൽ ജുഡീഷ്യൽ പരീക്ഷയാണ്, കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യാത്തതിന്റെ പേരിൽ സംസ്ഥാനത്തുടനീളം നൂറോളം ഉദ്യോഗസ്ഥർക്ക് നഷ്ടമായത്. കേവലം ഒരു മിനിറ്റ് മാത്രം വൈകിയെത്തിയവരെപ്പോലും പരീക്ഷാ ഹാളിൽ പ്രവേശിപ്പിക്കാൻ അധികൃതർ തയ്യാറായില്ല.
ലാൻഡ് റവന്യൂ വകുപ്പിലെ തഹസീൽദാർ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റത്തിന് നിർബന്ധമാക്കിയ, വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന പരീക്ഷയാണിത്. 2024-ൽ രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്ന ശേഷം റവന്യൂ വകുപ്പിൽ ആദ്യമായി നടക്കുന്ന പരീക്ഷയുടെ ഒന്നാം പേപ്പർ കൂടിയായിരുന്നു ഇത്. അതുകൊണ്ടുതന്നെ സീനിയർ ഡെപ്യൂട്ടി തഹസിൽദാർമാർ ഉൾപ്പെടെയുള്ളവർക്ക് ഈ അവസരം നഷ്ടമായത് അവരുടെ കരിയറിനെത്തന്നെ ബാധിക്കുന്ന വലിയ തിരിച്ചടിയായി.
ഓൺലൈൻ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഏതാനും മാസങ്ങൾക്കുമുമ്പ് വരുത്തിയ സാങ്കേതിക മാറ്റങ്ങളാണ് കർശന നിയന്ത്രണത്തിന് കാരണമായി പി.എസ്.സി. അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. ഈ വിവരങ്ങൾ ഹാൾ ടിക്കറ്റിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ, പി.എസ്.സി.യുടെ ഈ കടുംപിടുത്തത്തിനെതിരെ പരീക്ഷാർഥികൾക്കിടയിൽ കടുത്ത അമർഷമാണ് ഉയരുന്നത്.
ബയോമെട്രിക് വെരിഫിക്കേഷൻ ഉൾപ്പെടെയുള്ള നടപടികൾക്കായി പരീക്ഷ തുടങ്ങുന്നതിന് ഒന്നര മണിക്കൂർ മുമ്പ് തന്നെ ഹാളിൽ കയറ്റിയ ഉദ്യോഗസ്ഥർ അവിടെ വെറുതെ ഇരിക്കുകയായിരുന്നുവെന്ന് പരീക്ഷാർഥികൾ പറയുന്നു. മുൻകാലങ്ങളിൽ വെരിഫിക്കേഷൻ സമയം കണക്കിലെടുത്ത് അല്പം താമസിച്ചു വരുന്നവരെയും പരീക്ഷ എഴുതാൻ അനുവദിച്ചിരുന്നു. എന്നാൽ ഇത്തവണ വാഹനം പാർക്ക് ചെയ്യുന്നതിലെ കാലതാമസം മൂലം മിനിറ്റുകളുടെ വ്യത്യാസത്തിൽ എത്തിയവരോട് പോലും ദാക്ഷിണ്യം കാണിച്ചില്ല. ചില പരീക്ഷാ കേന്ദ്രങ്ങളിൽ പി.എസ്.സി. അംഗങ്ങൾ തന്നെ നേരിട്ട് ആവശ്യപ്പെട്ടിട്ടും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഉദ്യോഗസ്ഥർ വഴങ്ങിയില്ലെന്ന് പരാതിയുണ്ട്.
സംസ്ഥാനത്തെ 14 ജില്ലകളിലായി നൂറോളം പേർക്കാണ് ഈ കടുത്ത നിബന്ധന മൂലം പരീക്ഷ എഴുതാൻ കഴിയാതെ പോയത്. ഇതിൽ ഭൂരിഭാഗവും ഇനി മറ്റൊരു അവസരം ലഭിക്കാൻ സാധ്യതയില്ലാത്ത സീനിയർ ഉദ്യോഗസ്ഥരാണ്. പി.എസ്.സി.യുടെ ഈ വിട്ടുവീഴ്ചയില്ലാത്ത സമീപനം അർഹമായ സ്ഥാനക്കയറ്റം വഴിമുട്ടിക്കുമെന്ന ആശങ്കയിലാണ് റവന്യൂ ഉദ്യോഗസ്ഥർ.
a new administrative reform backfired in kerala when several senior deputy tahsildars were barred from entering the departmental examination hall for being just one minute late. because they missed this crucial test, their upcoming career promotions have now fallen into major crisis and uncertainty.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."