പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ യു.ഡി.എഫ് സര്‍ക്കാര്‍; മുന്‍ സര്‍ക്കാര്‍ ഒപ്പുവെച്ചതിനാല്‍ പിന്മാറ്റം അസാധ്യമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വിവാദമായ കേന്ദ്ര വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള 'പി.എം ശ്രീ' (PM SHRI) പദ്ധതിയുമായി സംസ്ഥാനത്ത് മുന്നോട്ട് പോകാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചു. മുന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ പദ്ധതിക്കായുള്ള കരാറില്‍ ഒപ്പുവച്ചതിനാല്‍ നിലവില്‍ ഇതില്‍ നിന്നും പിന്‍മാറാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. എന്നാല്‍, പദ്ധതിയിലെ വ്യവസ്ഥകളില്‍ ഇളവ് തേടുന്നതിനായി ഒരു മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും സമിതിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ന്നുള്ള നീക്കങ്ങളെന്നും അദ്ദേഹം അറിയിപ്പിച്ചു.
നേരത്തെ പ്രതിപക്ഷത്തിരുന്നപ്പോള്‍ യു.ഡി.എഫ് ശക്തമായി എതിര്‍ത്ത പദ്ധതിയില്‍ ഇപ്പോള്‍ തുടരാന്‍ തീരുമാനിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. മുന്‍ സര്‍ക്കാര്‍ മന്ത്രിസഭയില്‍ പോലും ചര്‍ച്ച ചെയ്യാതെയാണ് ഈ കരാറില്‍ ഒപ്പുവച്ചതെന്നും പദ്ധതിയുടെ ഭാഗമായി കേന്ദ്രം തടഞ്ഞുവച്ചിരുന്ന 99 കോടിയിലധികം രൂപ എല്‍.ഡി.എഫ് സര്‍ക്കാര്‍ കൈപ്പറ്റിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഇതുകൂടാതെ 106 കോടി രൂപ കൂടി കേന്ദ്രം അനുവദിച്ച പശ്ചാത്തലത്തിലാണ് പദ്ധതിയുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്.
അതേസമയം, സംസ്ഥാനത്തിന്റെ കരിക്കുലം സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ കേന്ദ്രത്തെ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി കര്‍ശനമായി വ്യക്തമാക്കി. പദ്ധതി നടപ്പാക്കേണ്ട സ്‌കൂളുകള്‍ സംസ്ഥാന സര്‍ക്കാരായിരിക്കും നിശ്ചയിക്കുക. കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന തുക സംസ്ഥാനത്തിന്റെ അവകാശമാണെന്നും, ഒരു തരത്തിലുള്ള വര്‍ഗീയ അജണ്ടകളും സ്‌കൂളുകളില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. മന്ത്രി എന്‍. ഷംസുദീന്‍ കണ്‍വീനറായ ഉപസമിതിയാണ് ഇനി കേന്ദ്രത്തിന് മുന്നില്‍ ഉന്നയിക്കേണ്ട ആവശ്യങ്ങള്‍ തയ്യാറാക്കുക.
Chief Minister V.D. Satheesan announced that the newly formed UDF government is compelled to continue the controversial PM SHRI school scheme as the previous LDF administration had already officially signed the agreement and accepted central funds for it.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."